അസം പൗരത്വരജിസ്റ്റര്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ തുടങ്ങി ഏതാനും പ്രതിപക്ഷകക്ഷികള്‍ രംഗത്തിറങ്ങിയിരിക്കുന്നു. രാജ്യത്തെ വിഭജിക്കാനും മുസ്ലിങ്ങളെ വേട്ടയാടാനുമാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. മിതമായഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധമായ അസംബന്ധവും വിവരക്കേടുമാണ് ആരോപണം. അസം പൗരത്വരജിസ്റ്റര്‍ സംബന്ധിച്ച ആവശ്യങ്ങളും നടപടികളും ബിജെപി രൂപം കൊള്ളുന്നതിന് മുമ്പുണ്ടായതാണെന്നതാണ് സത്യം. ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘ രൂപീകരണത്തിന് മുന്‍പുതന്നെ പ്രശ്നം സജീവ ചര്‍ച്ചയായതാണ്. വിഭജനത്തിനുശേഷം വന്‍തോതില്‍ അഭയാര്‍ഥികള്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ (ബംഗ്ലാദേശ്) നിന്നും അസമിലേക്ക് കടന്നതാണ്. ഇത് വലിയ പ്രശ്നമായപ്പോള്‍ 1950ല്‍ കുടിയേറ്റ വിരുദ്ധനിയമം പാസാക്കി. അന്ന് കോണ്‍ഗ്രസുകാരനായ നെഹ്റുവായിരുന്നു പ്രധാനമന്ത്രി. മിക്കവാറും എല്ലാവര്‍ഷവും പ്രശ്നം സജീവചര്‍ച്ചയും പിന്നീട് നിയമനടപടികളുമുണ്ടായി. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരന്തരപ്രക്ഷോഭവും അരങ്ങേറി. ബിജെപി രൂപം കൊള്ളുന്നതിന് മുമ്പാണ് വന്‍പ്രക്ഷോഭങ്ങളെല്ലാം നടന്നത്. ദേശീയ പൗരത്വരജിസ്റ്റര്‍ പുതുക്കണമെന്ന നിര്‍ദ്ദേശമുണ്ടായത് 1980ലാണ്.
1985ല്‍ കോണ്‍ഗ്രസുകാരനായ രാജീവ് പ്രധാനമന്ത്രിയായിരിക്കെയാണ് അസം വിദ്യാര്‍ഥി യൂണിയന് സമരം അവസാനിപ്പിക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത്. 1971 മാര്‍ച്ച് 25ന് ശേഷം കുടിയേറ്റക്കാരായി എത്തിയവരെ പുറത്താക്കും എന്നായിരുന്നു ഒത്തുതീര്‍പ്പ് ധാരണ. ഒരുഫലവും ഉണ്ടായില്ലെന്ന് പറയേണ്ടതില്ലല്ലോ. ഇരുപത് വര്‍ഷത്തിനുശേഷം പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെട്ടു. പൗരത്വ രജിസ്റ്റര്‍ പുതുക്കാന്‍ നടപടിയും തുടങ്ങി. 2013ല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച കാര്യം യുപിഎ സര്‍ക്കാര്‍ ഗൗനിച്ചില്ല. തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുശേഷം പുറപ്പെടുവിച്ച ആദ്യ ലിസ്റ്റില്‍ 40 ലക്ഷം പേര് ഒഴിവാക്കപ്പെട്ടു. ഒഴിവാക്കപ്പെട്ടവര്‍ക്ക് ഒരിക്കല്‍ക്കൂടി അവസരം നല്കി 2019 ആഗസ്റ്റ് 31ന് അകം പുതിയ ലിസ്റ്റ് പുറത്തിറക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വന്ന പട്ടികയില്‍ 21 ലക്ഷം പേര്‍ക്ക് ഇടംകിട്ടി. ഒഴിവാക്കപ്പെട്ട 19 ലക്ഷം പേര്‍ക്ക് രേഖകളോ മറ്റ് തെളിവുകളോ നിരത്താന്‍ 120 ദിവസം സമയവും അനുവദിച്ചിരിക്കുന്നു. പ്രശ്നം പഠിക്കാന്‍ ആയിരം ട്രൈബ്യൂണലുകളെ നിയമിക്കാനും തീരുമാനിച്ചു. അതിലും പുറത്താകുന്നവര്‍ക്ക് കോടതിയില്‍ പോകാനും സമയം അനുവദിക്കുന്നുണ്ട്. ഇത്രയും ഉദാരവും മനുഷ്യത്വപരവുമായ സമീപനം ഏതെങ്കിലും രാജ്യമോ സര്‍ക്കാരോ സ്വീകരിച്ചിട്ടുണ്ടോ. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മതപരമായ ചേരിതിരിവുണ്ടാക്കുന്നതിനും ശ്രമിക്കുന്നവര്‍ക്ക് രാജ്യതാല്പര്യമല്ല രാഷ്ട്രീയ ദുഷ്ടലാക്കാണ്. കോണ്‍ഗ്രസിന്റെ കാലത്ത് ആറരപതിറ്റാണ്ടിനു മുമ്പ് തുടങ്ങിയ പ്രക്രിയ ഇച്ഛാശക്തിയോടെ ഇന്നത്തെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്. അതിനെ എതിര്‍ക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് സമമാണ്.
അനധികൃത കയ്യേറ്റങ്ങളെ ഒഴിപ്പിക്കാന്‍ വിദേശികളോട് മാത്രമല്ല സ്വദേശികളോടുപോലും കര്‍ക്കശനിലപാട് സ്വീകരിക്കാറില്ല. 1971നുശേഷം മലയോരങ്ങളില്‍ കയ്യേറ്റവും കുടിയേറ്റവും ഒഴിപ്പിക്കാന്‍ നിയമമുണ്ടാക്കിയത് ഓര്‍മ്മയില്ലേ? ഇതിനായി 1975ല്‍ ഐക്യകണ്ഠേന ഉണ്ടാക്കിയ നിയമം കേരളത്തില്‍ നടപ്പായില്ല എന്ന കാര്യം വേറെ. അസമില്‍ വിദേശികളാണ് കടന്നുവന്നത്. രാജ്യരക്ഷയെക്കാള്‍ വോട്ടില്‍ കണ്ണുനട്ടിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കുടിയേറ്റക്കാര്‍ക്ക് വോട്ടവകാശം നല്കി കുടിയിരുത്തുന്നതാണ് ഇന്നത്തെ സങ്കീര്‍ണമായ പ്രശ്നം. വോട്ടിനേക്കാള്‍ പ്രധാനമാണ് രാജ്യരക്ഷയെന്ന് ഉറച്ച് വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി നയിക്കുന്ന സര്‍ക്കാരാണിത്. 370-ാം വകുപ്പ് നീക്കി രാജ്യത്തിന്റെ ഐക്യം ഉറക്കെ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു തീരുമാനമായിരുന്നല്ലൊ മുത്തലാഖ് നീക്കിയത്. അതിനുശേഷം വിപ്ലവകരവും ദേശസ്നേഹപരവുമായതാണ് പുതിയ പൗരത്വ രജിസ്റ്റര്‍. ഇതില്‍ മതമില്ല, ജാതിഭേദമില്ല. ഉറച്ച സര്‍ക്കാരിന്റെ ധീരമായ നടപടികളെ ജനങ്ങളാകെ ആവേശപൂര്‍വ്വം ഉള്‍ക്കൊള്ളും. തെറ്റിദ്ധാരണ പരത്താനും കലാപം സൃഷ്ടിക്കാനും നോക്കുന്ന കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് കുടില തന്ത്രക്കാര്‍ നിരാശപ്പെടേണ്ടിവരുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: