റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കലിതുള്ളുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഇത്രയും ഭീമമായ തുക സര്‍ക്കാരിന് കൊടുക്കുമ്പോള്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് ഒന്നും തരുന്നില്ല എന്ന ഭാവമാണ് ഈ പാര്‍ട്ടിയുടെ നേതൃത്വത്തിന്. കേന്ദ്രത്തിന് കൈമാറുന്ന തുകയില്‍ 1.27 ലക്ഷം കോടി രൂപ ബാങ്കിന്റെ ലാഭവിഹിതമാണ്. ബാക്കിവരുന്ന 52,637 കോടി രൂപയാണ് കരുതല്‍ ശേഖരത്തില്‍നിന്ന് എടുക്കുന്നത്. ഇതിനെയാണ് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ കൊള്ളചെയ്യുകയാണെന്നും മറ്റുമൊക്കെ യാതൊരു അന്തസ്സുമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചുകൂവുന്നത്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടും അല്പ്പത്തരവുമാണിത്. ജനങ്ങള്‍ തുടര്‍ച്ചയായി അധികാരത്തിന് പുറത്തുനിര്ത്തുന്നതിലുള്ള അമര്‍ഷം പ്രകടിപ്പിക്കുകയാവാം ഇവര്‍. ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കുന്നവര്‍ക്ക് ഭാരതത്തിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരുകാര്യത്തില്‍ സല്‍ബുദ്ധി ഉദിക്കുമെന്ന് കരുതാനാവില്ലല്ലോ.
മോദിസര്‍ക്കാരിന്റേത് ഒരുതരത്തിലും സ്വേച്ഛാധിപത്യ നടപടിയല്ല. അധികഫണ്ട് സര്‍ക്കാരിന് കൈമാറാമെന്ന് 1934ലെ ആര്‍ബിഐ ആക്ടില്‍തന്നെ വ്യവസ്ഥയുണ്ട്. ‘അധികഫണ്ട് അനുവദിക്കല്‍’ എന്ന പേരില്‍തന്നെയാണ് ഈ വ്യവസ്ഥയുള്ളത്. ഏതുതരം ലാഭവും കേന്ദ്രത്തിന് കൈമാറാന്‍ ബാങ്കിന് അധികാരമുണ്ട്. ഇതിനുമുന്‍പ് പലഘട്ടങ്ങളിലും ഇങ്ങനെ ചെയ്തിട്ടുണ്ട്. 2014ല്‍ 52,629 കോടി രൂപ ബാങ്ക് കേന്ദ്രത്തിന് കൈമാറിയിരുന്നു. തൊട്ടുമുന്‍പത്തെ വര്‍ഷം 33,010 കോടി കൈമാറുകയുണ്ടായി. 2011-12 കാലയളവില്‍ 16,000 കോടി രൂപയാണ് ഇങ്ങനെ കൈമാറിയത്. ഇതൊന്നും അറിയാതെയും മറച്ചുപിടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് തരംതാണ പ്രചാരവേലയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണാതെ പ്രധാനമന്ത്രി മോദിയെ അന്ധമായി എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന് അടുത്തിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞപ്പോള്‍, വിമര്‍ശനത്തില്‍നിന്ന് പിന്നോട്ടുപോകാനാവില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ പ്രതികരിച്ചത്. ഈ വിദേ്വഷ രാഷ്ട്രീയം റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് പണം നല്‍കുന്നതിനെ എതിര്ക്കുന്നതിലുമുണ്ട്.
റിസര്‍വ് ബാങ്കുതന്നെ നിയോഗിച്ച ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള സമിതി അധികലാഭവും കരുതല്‍ ശേഖരവും കേന്ദ്രത്തിന് കൈമാറാവുന്നതാണെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ബാലന്‍സ് ഷീറ്റിലെ 6.8 ശതമാനമാണ് റിസര്‍വ് ബാങ്ക് കരുതല്തുകയാക്കുന്നത്. ഇത്രയും തുക ആവശ്യമില്ലെന്നും, അഞ്ചര മുതല്‍ ആറര ശതമാനം വരെ മതിയാകുമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധരടങ്ങുന്ന ഈ സമിതി ശുപാര്‍ശ ചെയ്യുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൂലധനം 5.5 ശതമാനമാക്കി ബാക്കിയുള്ള 1.3 ശതമാനം കേന്ദ്രത്തിന് കൈമാറുന്നത്. ഇത് പ്രധാനമന്ത്രിയും ധനമന്ത്രിയും നടത്തുന്ന മോഷണമാണെന്നു പറയാന്‍ അപാരമായ വിവരക്കേട് വേണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയെ ‘ചോര്‍ ചോര്‍’ എന്ന് അധിക്ഷേപിച്ചതിന് പരാജയത്തിന്റെ പടുകുഴിയിലേക്കെറിഞ്ഞ് ജനങ്ങള്‍ നല്കിയ ശിക്ഷ കോണ്‍ഗ്രസ്സിലെ കോമാളി രാഷ്ട്രീയക്കാരനെ ഒരു പാഠവും പഠിപ്പിച്ചിട്ടില്ല.
റിസര്‍വ് ബാങ്ക് നല്കുന്ന പണം ഉപയോഗിച്ച് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തി ജനക്ഷേമം ഉറപ്പുവരുത്താനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പണത്തിലെ ചില്ലിക്കാശുപോലും ദുര്‍വിനിയോഗം ചെയ്യില്ലെന്ന് ഉറപ്പാണ്. ഇങ്ങനെയൊരു താല്പ്പര്യമില്ലാതെ 10 വര്‍ഷവും ഭരിക്കാന്‍ കിട്ടിയ അവസരം സഹസ്രകോടികളുടെ അഴിമതി നടത്തുകയും, അതിന്റെ വിഹിതം വിദേശബാങ്കുകളില്‍ കുന്നുകൂട്ടുകയും ചെയ്തവരുടെ കണ്ണില്‍ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുന്നവര്‍ അനഭിമതരായിരിക്കുമല്ലോ. ഒന്നാം മോദിസര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ക്കുള്ള അംഗീകാരമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം. ജനങ്ങള്‍ ഭൂരിപക്ഷം നല്കി അധികാരത്തിലേറ്റിയിരിക്കുന്ന ഒരു സര്‍ക്കാരിന് നിയമപരമായി അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ട. റിസര്‍വ് ബാങ്ക് രാജ്യത്തിന്റെയാണ്. നെഹ്റു കുടുംബത്തിന്റെ സ്വകാര്യസ്വത്തല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: