സംജ്ഞാമൂര്‍ത്തി ക്ലുപ്ത്യധികരണം
ഒമ്പതാമത്തേതും അവസാനത്തേതുമായ ഈ അധികരണത്തോടെ അവിരോധമെന്ന രണ്ടാം അദ്ധ്യായവും അതിലെ നാലാംപാദവും അവസാനിക്കുന്നു. ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. ത്രിവൃത്കരണവുമായി ബന്ധപ്പെട്ടതാണ് ഈ അധികരണം.
സൂത്രം സംജ്ഞാമൂര്‍ത്തി ക്ലുപ്തിസ്തു ത്രിവൃത് കുര്വത ഉപദേശാത്.
നാമരൂപങ്ങള്‍ നിറഞ്ഞതായ ഈ പ്രപഞ്ചം ത്രിവൃത്കരണം ചെയ്യുന്ന പരമാത്മാവിന്റെ സൃഷ്ടിയാണ്.അങ്ങനെ ശ്രുതിയില്‍ പറയുന്നുണ്ട്.
പലതരത്തിലും ഭാവത്തിലും ഉള്ളതും അത്യല്‍ഭുതകരവുമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി പരമാത്മാവിന്റെയാണോ അതോ ജീവാത്മാവിന്റെ യാണോ എന്ന സംശയത്തിനെ ഈ സൂത്രത്തില്‍ പരിഹരിക്കുന്നു.
ഛാന്ദോഗ്യത്തില്‍ ‘സേയം ദേവതൈക്ഷത ഹന്താഹമിമാസ്തിസ്രോ ദേവതാ അനേന ജീവേനാത്മനാ അനുപ്രവിശ്യ നാമരൂപേ വ്യാകരവാണീതി. താസാം ത്രിവൃതം ത്രിവൃതമേകൈകാം കരവാണീതി ‘ ആ ദേവത സങ്കല്പ്പിച്ചു ഞാന്‍ ഇപ്പോള്‍ അഗ്നി, ജലം, ഭൂമി എന്നിങ്ങനെയുള്ള മൂന്ന് ദേവതകളില്‍ ജീവാത്മാ സ്വരൂപത്തില്‍ പ്രവേശിച്ച് നാമരൂപങ്ങളെ സ്ഥൂലങ്ങളാക്കും. ആ മൂന്ന് എണ്ണത്തിലും മൂന്നെണ്ണം വീതം ഉള്‍പ്പെടുത്തി മുമ്മൂന്നാക്കും എന്ന ത്രിവൃത്കരണത്തെ ചിന്തിച്ചു.
ഈ ശ്രുതി വാക്യത്തില്‍ ജീ വേനത്മനാ അനുപ്രവിശ്യ എന്നത് കൊണ്ട് ജീവാത്മാവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
എന്നാല്‍ അത് ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. ജീവേനാത്മന എന്നത് അനു പ്രവിശ്യ എന്നതുമായി മാത്രമേ അന്വയിക്കാനാകൂ. മറ്റിടങ്ങളിലേക്ക് ചേരില്ല. ത്രിവൃത്കരണം കരവാണി എന്നത് പരമാത്മാവിനെ കൊണ്ടാണ് സാധിക്കുന്നത്.
വിശാലവും അനന്തവുമായ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ജീവാത്മാവിനാവില്ല.
പര്‍വതങ്ങളും നദികളും സമുദ്രവുമെല്ലാം പരമാത്മാ സൃഷ്ടിയാണ് ജീവന്റെയല്ല. അധീശത്വവും കര്‍തൃത്വവും പരമാത്മാവിന്റെയാണ്.
ജീവന്റെ ഐശ്വര്യവും ശക്തിയുമൊക്കെ ഈശ്വരനില്‍ നിന്ന് കിട്ടുന്നതാണ്. ഉപാധി വ്യത്യാസം കൊണ്ടാണ് ജീവനേയും ഈശ്വരനേയും വേറെയായി പറയുന്നത്.
സൂത്രം മാംസാദി ഭൗമം യഥാ ശബ്ദമിതരയോശ്ച
മാംസം മുതലായത് ഭൂമിയുടെ കാര്യമാണ്. മറ്റ് രണ്ട് ഭൂതങ്ങളുടേയും കാര്യം ശ്രുതി വാക്യ മുസരിച്ച് അറിയേണ്ടതാണ്.
അഗ്നി, ജലം, ഭൂമി എന്നിവ ത്രിവൃത്കരണത്തിലൂടെ ഒന്നായാണ് ജീവജാലങ്ങളും പ്രപഞ്ചവുമുമൊക്കെ ഉണ്ടാകുന്നത്. എന്നാല്‍ ഓരോ ശരീരത്തിലും ഈ മൂന്നിന്റേയും സാന്നിദ്ധ്യമുണ്ട്.
ഇവിടെ ഭൂമി എന്നാല്‍ അന്നം എന്നാണ്. നാം കഴിക്കുന്ന അന്നം മൂന്നായി മാറി അതിലെ സ്ഥൂലമായ ഭാഗം മലമായിത്തീരുന്നു. മധ്യമമായത് മാംസമാകുന്നു. സൂക്ഷ്മമായത് മനസ്സും ആയിത്തീരുന്നു.
ഇതു പോലെ കുടിക്കുന്ന വെള്ളത്തിന്റെ സ്ഥൂലമായ ഭാഗം മൂത്രമായും മധ്യമമായ ഭാഗം രക്തമായും സൂക്ഷ്മമായ ഭാഗം പ്രാണനായും തീരുന്നു.
കഴിക്കുന്ന എണ്ണനെയ്യ് മുതലായ തേജസ്സും മൂന്നായിത്തീരുന്നു. സ്ഥൂലമായത് എല്ലുകളിലും മധ്യമമായത് മജ്ജയിലും സൂക്ഷ്മമായത് വാക്കിലേക്കും ചേരുന്നു. ഇതിനെപ്പറ്റി ഛാന്ദോഗ്യോപനിഷത്ത് വിവരിക്കുന്നുണ്ട്.
ത്രിവൃത്കരണം കൊണ്ട് ഒന്നായാലും മൂന്ന് തത്വങ്ങളുടേയും പ്രവര്‍ത്തനം അദ്ധ്യാത്മമായി വേറെയാണ്.
സൂത്രം വൈശേഷ്യാത്തു തദ്വാദസ്തദ്വാദ:
എങ്കിലും വിശേഷാംശമുള്ളതിനാല് അതിന്റെ വ്യവഹാരമുണ്ടാകുന്നു.
ത്രിവൃത്കരണം കൊണ്ട് മൂന്നും ഒന്നായിത്തീര്ന്നുവെങ്കില് പിന്നെ മനസ്സ് അന്നമയമെന്നും പ്രാണന് ജലമയനെന്നും വാക്ക് തേജോമയനെന്നും വേര്‍തിരിച്ച് പറയുന്നത് എന്ന സംശയത്തെ ഉന്നയിക്കുന്നതിനുള്ള മറുപടിയാണ് ഈ സൂത്രം.
വേര്‍തിരിച്ച് പറയുന്നതില്‍ ദോഷമില്ല. എപ്പോഴും ഈ മൂന്ന് തത്വങ്ങളും സമമാകണമെന്നില്ല. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഏതിന്റെ അംശം അധികമാണോ അതനുസരിച്ചാണ് അന്നമയം, ജലമയം തേജോമയം എന്ന് പറഞ്ഞത്. ഇത് ഗൗണമായാണ് പ്രതിപാദിച്ചിട്ടുള്ളതും. ത്രിവൃത്കരണം കൊണ്ട് തത്വങ്ങള്‍ ഇല്ലാതാകുന്നില്ല. സൂക്ഷ്മമായ ഭൂതങ്ങള്‍ സ്ഥൂലങ്ങളായിത്തീരുന്നുവെന്ന് മാത്രം.
അദ്ധ്യായത്തിന്റെ സമാപനം കാണിക്കാനാണ് രണ്ട് തവണ തദ്വാദ: എന്ന് പറഞ്ഞത്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: