മക്കളേ, ശ്രീകൃഷ്ണഭഗവാനെപ്പറ്റി എന്തെങ്കിലും പറയുക പ്രയാസകരമാണ്. കാരണം വാക്കിനും ബുദ്ധിക്കും അതീതനാണ് അവിടുന്ന്. ഏതൊരു സത്യത്തെ വര്‍ണ്ണിക്കാനോ അറിയാനോ കഴിയാതെ വാക്കും മനസ്സും പിന്തിരിയുന്നുവോ ആ സത്യമാണ് ശ്രീകൃഷ്ണന്. അവിടുന്നു ജ്ഞാനമാണ്, ആനന്ദമാണ്, പ്രേമമാണ്. ഇവയ്ക്കെല്ലാം അപ്പുറവുമാണ്. പരമാത്മാവിന്റെ അനന്തവൈഭവങ്ങളെ അതുല്യമായ രീതിയില്‍ ഭഗവാന് ശ്രീകൃഷ്ണന് സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ചു.
ഈശ്വരന് അവതരിക്കുന്നത് ധര്‍മ്മത്തെ രക്ഷിക്കാനും അധര്‍മ്മത്തെ ഇല്ലാതാക്കാനുമാണ് എന്ന് സാധാരണ പറയാറുണ്ട്. എന്നാല്‍ അതിലും വലിയ ലക്ഷ്യം ഈശ്വരാവതാരത്തിനുണ്ട്. പ്രത്യേകിച്ചും ശ്രീകൃഷ്ണാവതാരത്തിന്. അത് മനുഷ്യഹൃദയങ്ങളില്‍ ഭക്തിയെ ഉണര്‍ത്തുക എന്നതാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഈ നലു പുരുഷാര്‍ത്ഥങ്ങളെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതിനപ്പുറം അഞ്ചാമതൊന്നുകൂടി ഉണ്ടെന്ന് ചില ശാസ്ത്രങ്ങളും മഹാത്മാക്കളും പറഞ്ഞിട്ടുണ്ട്. അതാണ് ഭക്തി. ശരിയായ ഭക്തന് മോക്ഷത്തെപോലും ആഗ്രഹിക്കുന്നില്ല. അവന് ഒരൊറ്റ ആഗ്രഹം മാത്രമേ ഉള്ളൂ. ഭഗവാനെ സ്മരിക്കുക, സേവിക്കുക എന്നതുമാത്രം. അത്തരം ഭക്തിയാണ് ശ്രീകൃഷ്ണന് ഗോപികള്‍ക്കു നല്‍കിയത്. കണ്ണന്റെ രൂപവും വാക്കുകളും കളികളും കര്മ്മങ്ങളുമെല്ലാം അവരെ ആനന്ദമഗ്നരാക്കി. ആ പ്രേമത്തെക്കാള്‍ വലിയ ശക്തിയില്ല, സിദ്ധിയുമില്ല. അതുകൊണ്ടാണ്, ഗോവര്‍ദ്ധനം പൊക്കിയതല്ല, ഗോപികളുടെ പ്രേമമാണ് കൃഷ്ണന്റെ ഏറ്റവും വലിയ സിദ്ധി എന്നു പറയുന്നത്.
ഒരിക്കല്‍ ഗോപികള്‍ രാധയോടു ചോദിച്ചു, ‘എന്നാലും രാധേ, എന്നെന്നും നമ്മുടെ സ്വന്തമാണെന്ന് കരുതി നമ്മള് സ്നേഹിച്ച ഭഗവാന്, നമ്മളെ അനാഥരാക്കി ഉപേക്ഷിച്ച് പോയില്ലേ? ഇനിയും നമ്മള് ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പ്രേമമൂര്‍ത്തിയായ ഭഗവാന് നമ്മളോട് എന്താണ് ഈ ക്രൂരത കാണിച്ചത്?’
രാധ മറുപടി പറഞ്ഞു, ”ഗോപികമാരേ, അങ്ങിനെ പറയരുത്. നമുക്ക് എന്നെന്നും സ്വന്തമാണെന്നു പറയാവുന്ന ഒരേ ഒരാള്‍ ഭഗവാന് മാത്രമാണ്. പക്ഷെ ഭഗവാന് നമ്മുടേത് മാത്രമല്ല. അവിടുന്ന് എല്ലാവരുടെയും സ്വന്തമാണ്. അതുകൊണ്ട് ഭഗവാനെ കാണാനും ആ പ്രേമം നുകരാനും നമ്മള് എത്രമാത്രം ആഗ്രഹിക്കുന്നോ, അതിലുമധികം കൊതിക്കുന്ന അനേകം പേര് ഈ ലോകത്തിലുണ്ട്.”
രാധ യമുനയില്‍ നിന്ന് വെള്ളം കൈകളില്‍ കോരിയെടുത്തുകൊണ്ട് പറഞ്ഞു, ‘നോക്കൂ, കൈകള്‍ മലര്‍ത്തി വെയ്ക്കുന്നിടത്തോളം ഈ വെള്ളം നമ്മുടെ കയ്യില്‍ കാണും. എന്നാല്‍ കൈകള്‍ മടക്കിപ്പിടിച്ച് നമ്മുടേതാക്കാന്‍ ശ്രമിച്ചാല്‍ കൈയിലുള്ള വെള്ളംകൂടി നഷ്ടമാകും. അതുപോലെ ഭഗവാനെ നമ്മുടേതു മാത്രമാക്കാന്‍ നമ്മള് ആഗ്രഹിച്ചു. വൃന്ദാവനത്തിലെ ഒരു തടവുകാരനാക്കാന്‍ നമ്മള് ശ്രമിച്ചു. ഭഗവാന് എല്ലാവരുടേയും ഉള്ളില്‍ അന്തര്യാമിയായി വസിക്കുന്നുവെന്ന് നമ്മളെ മനസ്സിലാക്കിത്തരാനായി അവിടുന്ന് നമ്മളെ വിട്ടു ദൂരേയ്ക്കുപോയി. എന്നാല്‍ നമ്മളെ അനാഥരും ദരിദ്രരും ആക്കിയിട്ടല്ല ഭഗവാന് പോയിരിക്കുന്നത്. എന്നെന്നും ഓര്‍ക്കാനുള്ള വിലമതിക്കാത്ത അനേക രത്നങ്ങള്‍ അവിടുന്ന് നമുക്കു നല്‍കിയിട്ടുണ്ട്. ഭഗവാന്റെ ഓരോ ലീലകളും നമ്മുടെയുള്ളില്‍ ജീവിക്കുന്ന സ്മരണകളായുണ്ട്. ആ ഓര്‍മ്മകള്‍ നിരന്തരം നമ്മുടെയുള്ളില്‍ ഉള്ളിടത്തോളം ഭഗവാന് നമ്മുടെ കൂടെത്തന്നെയുണ്ടാകും. ഭഗവാന് നമ്മുടെ ഹൃദയകുഞ്ജത്തില്‍ പ്രേമയമുനയുടെ തീരത്തില്‍ എന്നെന്നും നൃത്തം ചെയ്യും.’
ഋഷികള്‍, യുഗയുഗം തപസ്സുചെയ്തു നേടിയ ആ ആത്മതത്ത്വം, ഗോപികള്‍ നിഷ്കളങ്ക ഭക്തിയിലൂടെ വളരെ വേഗം നേടിയെടുത്തു. അതുകൊണ്ടാണ് ഭഗവാന്റെ ഏറ്റവും വലിയ സിദ്ധി ഗോപികാപ്രേമമാണ് എന്നു പറയുന്നത്.
കൃഷ്ണന് പുഞ്ചിരിച്ചുകൊണ്ടാണ് ഈ ലോകത്ത് ജീവിച്ചത്. പുഞ്ചിരിച്ചുകൊണ്ടുതന്നെ അവിടുന്ന് ഈ ലോകത്തില്‍ നിന്നും യാത്രയാവുകയും ചെയ്തു. നമ്മളാവട്ടെ കരഞ്ഞുകൊണ്ടാണ് ഭൂമിയില്‍ പിറന്നുവീണത്. ഇവിടുന്ന് യാത്രയാവുമ്പോഴെങ്കിലും ഒരു പുഞ്ചിരിയോടെ പോകുവാന്‍ നമുക്കു സാധിക്കണം. കൃഷ്ണന്റെ മായാത്ത പുഞ്ചിരി അതിനു പ്രചോദനമായിത്തീരട്ടെ. കൃഷ്ണപ്രേമം മക്കളുടെ ഹൃദയങ്ങളില്‍ നറുനിലാവായി പരന്നൊഴുകട്ടെ. ആ ഉണ്ണിക്കണ്ണന് എന്നെന്നും ഉള്ളില്‍ വിളയാടട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: