സാമ്പത്തിക ശാസ്ത്രത്തിലെ ശാസ്ത്രവും കലയും സമഞ്ജസമായി സംയോജിപ്പിച്ച് സാധാരണക്കാരന് മനസ്സിലാക്കിക്കൊടുക്കാന്‍ അക്ഷീണം പരിശ്രമിച്ച വ്യക്തിയായിരുന്നു അരുണ്‍ ജെയ്റ്റ്ലി. കോര്‍പറേറ്റുകളുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നതിനൊപ്പം സാധാരണക്കാരുടെ വിചാരങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സാമ്പത്തികരംഗം ഒരു തലവേദനയായി പലരും കാണുമ്പോഴും അതൊരു സുഖമുള്ള ലഹരിയായി അനുഭവിക്കാനാണ് ജെയ്റ്റ്ലി താല്‍പ്പര്യപ്പെട്ടത്. ധനകാര്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ബജറ്റുകളില്‍ അങ്ങിങ്ങായി കൊടിക്കൂറപോലെ അത് ഉയര്‍ന്നുനില്‍ക്കുന്നതും കാണാം. അസാധാരണ കാഴ്ചപ്പാടോടെയാണ് അദ്ദേഹം ബജറ്റവതരണം നടത്തിയിരുന്നതും. ഗ്രാമങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ മനസ്സറിഞ്ഞ, ഗാന്ധിയന്‍ സമീപനം തിരിച്ചറിഞ്ഞ ജെയ്റ്റ്ലി കോര്‍പറേറ്റുകളുടെ കൊമ്പുകുലുക്കലിനെ തെല്ലും ഭയപ്പെട്ടിരുന്നില്ല എന്നത് കാണേണ്ടതുണ്ട്. ജിഎസ്ടി എന്ന ഒരൊറ്റ നികുതി സമ്പ്രദായത്തിലേക്ക് രാജ്യത്തെ എത്തിക്കാനും, അതില്‍ വിജയം കൈവരിക്കാനുമുള്ള ചരിത്രനിയോഗവും അദ്ദേഹത്തിനുണ്ടായിരുന്നു.
ദല്‍ഹി സെന്റ്സേവ്യേഴ്സ് സ്കൂളില്‍ വിദ്യാഭ്യാസത്തിന്റെ പ്രാഥമികഘട്ടവും ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് ബികോമും കഴിഞ്ഞ ജെയ്റ്റ്ലി നിയമപഠനത്തിനായാണ് ഇറങ്ങിയത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കി. ദല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എബിവിപി നേതാവായി പ്രവര്‍ത്തിച്ചുവരവെ ഉന്നത നേതാക്കളുമായി ബന്ധപ്പെടാന്‍ അവസരം കിട്ടിയത് വ്യക്തിത്വ വികസനത്തിന് കരുത്തായിത്തീര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം തടവനുഭവിച്ച ജെയ്റ്റ്ലി ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും എന്തെന്ന് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.
ജയപ്രകാശ് നാരായണിന്റെ അഴിമതിവിരുദ്ധ പ്രസ്ഥാനവുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായതാണ് ജെയ്റ്റ്ലിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറാണ് അഴിമതിയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സ്വജീവിതം അതിനെതിരെയുള്ള മുന്നേറ്റമാവണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ഒടുവില്‍ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ അത് പുലര്‍ത്തിപ്പോരുകയും ചെയ്തു. ശാരീരികമായ അസ്വസ്ഥതകള്‍മൂലം രണ്ടാം മോദി മന്ത്രിസഭയിലേക്കുള്ള ക്ഷണം അദ്ദേഹം നന്ദിപൂര്‍വം നിരസിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നൊക്കെ വിട്ടുനിന്നു. ഔദ്യോഗികസ്ഥാനം ഒഴിഞ്ഞാല്‍ അത്തരം ഒരു സൗകര്യവും പറ്റരുതെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പം മുതലേ വെച്ചുപുലര്‍ത്തിപ്പോന്ന കാഴ്ചപ്പാട് അവസാനം വരെ നിലനിര്‍ത്തിയെന്നത് ഇന്നത്തെ കാലത്ത് ആദരവോടെയേ ഓര്‍ക്കാനാവൂ.
ലോകതാന്ത്രിക് യുവമോര്‍ച്ച കണ്‍വീനര്‍, എബിവിപി ദല്‍ഹി പ്രസിഡന്റ്, അഖിലേന്ത്യ സെക്രട്ടറി, യുവമോര്‍ച്ച അധ്യക്ഷന്‍, ദല്‍ഹി ബിജെപി സെക്രട്ടറി എന്നീ ചുമതലകള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ച ജെയ്റ്റ്ലി അഭിഭാഷകരംഗത്തും സ്വന്തമായി ഇടമുണ്ടാക്കിയ ആളാണ്. കേസുപഠനവും സാമ്പത്തികകാര്യങ്ങള്‍ തലനാരിഴകീറി പരിശോധിക്കലും അദ്ദേഹത്തിന്റെ ഹോബിയായാണ് സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നത്. കോര്‍പറേറ്റ് ഭീമന്മാര്ക്കുവേണ്ടി മാത്രമല്ല ശരത് യാദവ്, മാധവറാവു സിന്ധ്യ, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ക്കുവേണ്ടിയും അദ്ദേഹം കേസ് വാദിച്ചിട്ടുണ്ട്. അഭിഭാഷകന് എന്ന നിലയില്‍ എത്രയോ തവണ പരമോന്നത ന്യായാലയം ജെയ്റ്റ്ലിയെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടുമാത്രമാണ് 1989ലെ വി.പി. സിങ് സര്‍ക്കാര്‍ ജെയ്റ്റ്ലിയെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലാക്കിയത്. നിയമരംഗത്തെ റഫറന്‍സിന് പോലും ഉപയോഗിക്കുന്ന ഒട്ടേറെ പുസ്തകങ്ങള്‍ ഈ തിരിക്കിനിടയിലും അദ്ദേഹം രചിച്ചു എന്നറിയുമ്പോള്‍ ആ പ്രതിഭയുടെ മുമ്പില്‍ ആരും നമ്രശിരസ്കരാവും.
വാജ്പേയി സര്‍ക്കാരില്‍ സ്വതന്ത്രചുമതലയുള്ള വാര്‍ത്താപ്രക്ഷേപണ സഹമന്ത്രിയായും ഓഹരി വിറ്റഴിക്കല്‍ മന്ത്രിയായും നീതിന്യായവകുപ്പിന്റെ അധികചുമതലയുള്ള മന്ത്രിയായും പ്രവര്‍ത്തിച്ചു. ആ കഴിവിന്റെ പശ്ചാത്തലത്തില്‍ 2000ത്തില്‍ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്ക് ലഭിച്ചു. നീതിന്യായവും ഷിപ്പിംഗ് മന്ത്രാലയച്ചുമതലയുമാണ് നല്‍കിയത്. 2002ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായി. വാണിജ്യവ്യവസായ നീതിന്യായ വകുപ്പുമന്ത്രിയായി 2003 ജനുവരിയില്‍ നിയമിതനായി. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതോടെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ജെയ്റ്റ്ലി തിളങ്ങി. ആരോപണങ്ങള്‍ വെറുതെ ഉന്നയിക്കുകയല്ല, മര്‍മ്മമറിഞ്ഞ് പ്രയോഗിക്കുകയാണ് വേണ്ടതെന്ന് ആ കാലയളവില്‍ അദ്ദേഹം പഠിപ്പിച്ചുകൊടുത്തു. യുപിഎ സര്‍ക്കാരിന് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന ബിജെപി നേതാവായി ജെയ്റ്റ്ലി ഉയരുമ്പോഴും സംഘടനയുടെ അടിസ്ഥാനപ്രമാണങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല എന്നതാണ് എക്കാലവും ഓര്‍മ്മിക്കേണ്ട വസ്തുത. വനിതാശാക്തീകരണം ലക്ഷ്യമിട്ടുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ജെയ്റ്റ്ലിയുടെ വാക്ചാതുരി കോരിത്തരിപ്പോടെയാണ് ഏവരും ശ്രവിച്ചത്.
ചരിത്രത്തിന്റെ ഇടനാഴികളില്‍ തന്റെ കാഴ്ചപ്പാടിന്റെ കൈയൊപ്പുചാര്‍ത്തി തിരിച്ചുപോവുമ്പോള്‍ അരുണ്‍ ജെയ്റ്റ്ലി എന്ന മനുഷ്യസ്നേഹി അറിയാതെ നമ്മുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്. ഓരോ ഭാരതീയനും രാജ്യത്തിന്റെ ഭാവി ഭാഗധേയത്തില്‍ സ്ഥാനമുണ്ടെന്ന് വ്യക്തമാക്കിക്കൊടുത്ത ആ മഹാവ്യക്തി സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് ഒരിക്കലും അവസരം കൊടുത്തിരുന്നില്ല. എന്തും വാരിക്കൂട്ടുന്ന ജെസിബി സംസ്കാരത്തില്‍ നിന്ന് മാറി എല്ലാം സമാജത്തിനു നല്കുന്ന ബിജെപി സംസ്കാരമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. ആ വെളിച്ചം എല്ലാവരിലും ദീപ്തമായി നില്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പ്രിയ നേതാവിന് ആദരാഞ്ജലിയര്‍പ്പിക്കുമ്പോള്‍ തരളിതമായ ഒട്ടുവളരെ ഓര്‍മ്മകള്‍ ആരിലും ഉയര്‍ന്നുവരും. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കുമുമ്പില്‍ ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: