ഇന്ദ്രിയാണാം മനോ നാഥോ
മനോനാഥസ്തു മാരുതഃ
മാരുതസ്യ ലയോ നാഥഃ
സലയോ നാദമാശ്രിതഃ 4 29
ഇന്ദ്രിയങ്ങളുടെ നാഥന് മനസ്സാണ്. മനസ്സിന്റെ നാഥന് പ്രാണന്. ലയമാണ് പ്രാണന്റെ നാഥന്. ആ ലയം നാദത്തെ ആശ്രയിക്കുന്നു.
മനസ്സില്ലാതെ ഇന്ദ്രിയം പ്രവര്‍ത്തിക്കില്ല. മനസ്സ്, ചെവിയില്‍ നിന്നു വരുന്ന ശബ്ദത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ കണ്ണ് തുറന്നിരുന്നാലും കാണില്ല. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വണ്ടിയോടിക്കുന്നവന് അപകടത്തില്‍ പെടുന്നതങ്ങിനെയാണ്. പ്രാണന് അഥവാ ജീവശക്തിയില്ലാതെ മനസ്സ് പ്രവര്‍ത്തിക്കില്ല. അത് ക്ഷീണിക്കും. ബോധശൂന്യമാവും. പ്രാണന് ലയം വന്നാല്‍ പ്രാണന് പ്രവര്‍ത്തിക്കില്ല. ലയം നാദത്തെയാണ് ആശ്രയിക്കുന്നത്.
സോ ള യമേവാസ്തു മോക്ഷാഖ്യോ
മാസ്തു വാപി മതാന്തരേ
മനഃപ്രാണലയേ കശ്ചി
ദാനന്ദഃ സംപ്രവര്‍ത്തതേ. 4 30
അതു ( ചിത്തലയം) തന്നെ മോക്ഷം. ഇതില്‍ മതാന്തരമുണ്ടാവാം. ഏതായാലും മനസ്സും പ്രാണനും ലയിച്ചാല്‍ ഒരാനന്ദം ഉണ്ടാവുന്നുണ്ട്. ആത്മജ്ഞാനം നേടാന്‍ രണ്ടു വഴികളുണ്ട്. ബാഹ്യമായ സാധനകള്‍ കൊണ്ടും അഭ്യാസങ്ങള്‍ കൊണ്ടും പരിശ്രമം കൊണ്ടും നേടുന്നതൊന്ന് വികാസ മാര്‍ഗം. പല തരം യോഗ സാധനകള്‍ ഇതില്‍ പെടും. എന്നാല്‍ രണ്ടാമത്തെ ഉപായം, ലയം തന്ത്രമാര്ഗമാണ്, തത്വദര്‍ശികളായ ജ്ഞാനികളുടെ ഉപദേശ നിര്‍ദ്ദേശത്തിലൂടെ കിട്ടുന്നത്. അതായത് ബോധപൂര്‍വമായ പരിശ്രമമില്ലാതെ ഗുരുവിന്റെ ഇച്ഛാശക്തിയാല്‍ സാധിക്കുന്നത്. ആദ്യത്തെ കൂട്ടര് രണ്ടാമത്തെ കൂട്ടരെ സമ്മതിച്ചില്ലെന്നു വരാം. എന്നാല്‍ ലയവും മോക്ഷം തന്നെ, ആനന്ദദായകം തന്നെ എന്നു സമ്മതിക്കണ്ടി വരും.
പ്രനഷ്ട ശ്വാസ നിശ്വാസഃ
പ്രധ്വസ്ത വിഷയഗ്രഹഃ
നിശ്ചേഷ്ടോ നിര്വികാരശ്ച
ലയോ ജയതി യോഗിനാം 4 31
ശ്വാസനിശ്വാസങ്ങള്നിന്ന്, വിഷയഗ്രഹണം നിലച്ച്, നിശ്ചേഷ്ടനും നിര്വികാരനുമായിരിക്കുന്ന യോഗിയുടെ ലയം വിജയിക്കട്ടെ.
ശ്വാസനിശ്വാസങ്ങള്‍ നിലച്ച അവസ്ഥയാണ് കേവല കുംഭകം. അത് അല്പം നീണ്ടസമയത്തോളമിരുന്നാല് മനസ്സ് ഏകാഗ്രമാവുകയും ലയിക്കുകയും ചെയ്യും. അപ്പോള്‍ വിഷയങ്ങളെയൊന്നും അനുഭവിക്കാനാവില്ല. ഇന്ദ്രിയങ്ങളൊന്നും പ്രവര്‍ത്തിക്കില്ല. അന്തഃകരണവും പ്രവര്‍ത്തിക്കില്ല. അത് ധ്യേയാകാരവൃത്തിയായിത്തീരും, സമാധിസ്ഥിതമാവും. ഒരു വെളുത്ത പ്രകാശരശ്മി ചിതറിയാല്‍, പ്രിസത്തിലൂടെ കടത്തിവിട്ടാല്‍, അത് സപ്തവര്ണങ്ങളാവും. അവയെല്ലാം ലയം പ്രാപിച്ചാല്‍ വീണ്ടും വെള്ളരശ്മിയാകും. മനസ്സും പ്രാണനും അടങ്ങുമ്പോള്‍ ബോധവും ഇതുപോലെ ഏകാത്മമാവും.
ഉച്ഛിന്ന സര്‍വ സങ്കല്പഃ
നിശ്ശേഷാശേഷ ചേഷ്ടിതഃ
സ്വാവഗമ്യോ ലയഃ കോ ള പി
ജായതേ വാഗഗോചരഃ 4 32
സര്‍വ സങ്കല്പങ്ങളും നശിച്ച്, എല്ലാ ചേഷ്ടകളും നിലച്ചാല്‍ തനിക്കുമാത്രം മനസ്സിലാവുന്ന ലയത്തില്‍ മുഴുകും. അത് വാക്കു കൊണ്ട് വിവരിക്കാവതല്ല. ആഗ്രഹങ്ങളെ, കാമനകളെ മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ പ്രയാസമാണ്. അത് ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്, പരപ്പിലുമുണ്ട്.
ഏഷണാത്രയങ്ങള്‍ ഇവയില്‍ പ്രബലമാണ് വിത്തേഷണാ, ദാരേഷണാ, ലോകേഷണാ. ധാരാളം ധനം (വിത്തം) സമ്പാദിക്കണം എന്നാഗ്രഹിക്കാത്തവര്‍ കുറയും. ദാരം എന്നാല്‍ ഭാര്യ. സന്തോഷകരമായ ദാമ്പത്യസുഖം മറ്റൊരു പ്രബലമായ ആഗ്രഹമാണ്. പുത്രനുണ്ടാവണം, തന്റെ വംശം നിലനില്ക്കണമെന്ന വാഞ്ഛയും പ്രബലംതന്നെ. ലോകേഷണയെന്നാല് പേരിനും പെരുമക്കുമുള്ള ആഗ്രഹമാണ്. ഇതൊക്കെ അര്‍ഥം, കാമം എന്നീ രണ്ടു പുരുഷാര്ഥങ്ങളിലൊതുക്കാം. എന്നാല്‍ മഹത്തുക്കള്‍ പറയുന്നത് അര്‍ഥം അഥവാ സുഖഭോഗവസ്തുക്കളെ സമ്പാദിക്കാനുള്ള ത്വര ധര്‍മബോധം കൊണ്ട് ഒതുക്കണ മെന്നാണ്. കാമത്തെ മോക്ഷേച്ഛ കൊണ്ടും.
ധര്‍മ അര്‍ഥ കാമ മോക്ഷങ്ങള്‍ ഇത്തരത്തില്‍ പൂരകമാവണം. വാസനകളാണ് മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നത്. അവ ബീജങ്ങളെ പ്പോലെയാണ്. അവയില്‍ നിന്നാണ് കാമം, ക്രോധം, ലോഭം മുതലായ ദുര്‍വികാരങ്ങള്‍ മുളച്ചു വളരുന്നത്. അവയെ അടക്കണം. എന്നാല്‍ ജ്ഞാനത്തിനും മോക്ഷത്തിനു മുള്ള ആഗ്രഹവും ഉയര്‍ന്നു വരാം. അവയുടെ സഹായം സ്വീകരിക്കണം.
വാസനകള്‍ മൂന്നുതരക്കാരെ (താമസ രാജസ സാത്വിക പ്രകൃതികളെ) മൂന്നു തരത്തിലാണ് ബാധിക്കുക. താമസന്മാര്ക്ക് (മടിയന്മാര്ക്ക്) വാസനകള്‍, കാമനകള്‍ ഇല്ലെങ്കില്‍ അവര്‍ കൂടുതല്‍ അലസരാകും. അതുകൊണ്ട് അവരില്‍ കാമനകളെ ഉണര്‍ത്തുകയാണ് വേണ്ടത്. അപ്പോള്‍ അവരില്‍ രാജസികത, കര്മപരത ഉണരും. രാജസക്കാരിലെ വാസനകള്‍ കര്മപരമാണ്. പ്രചണ്ഡമായ കര്‍മങ്ങളെ രാജസത്തെ നിയന്ത്രിച്ച് സന്തുലിതമാക്കണം. എന്നാല്‍ സമത്വമാര്‍ന്ന, സാത്വികരിലെ വാസനകളെ നശിപ്പിക്കലാണ് വേണ്ടത്. തമസ്സില് നിന്ന് രജസ്സിലേക്കും അതില്‍ നിന്നും സത്വത്തിലേക്കും വളരണം, ഉയരണം. പിന്നെ അതില്‍ നിന്നും ഉയര്‍ന്ന് ത്രിഗുണാതീതനാവണം.
സംസ്കാരങ്ങളെ, വാസനകളെ ജയിക്കുന്നതെങ്ങിനെ? ഒന്ന് ജീവിതത്തിന് ഒരു ഉദാത്തമായ ലക്ഷ്യം നല്കി കാമനകളെ ഉദാത്തമാക്കുക. രണ്ടാമത്തെത് കര്‍മയോഗമാണ് നിസ്വാര്‍ഥമായ സാമൂഹ്യസേവനം. അവിടെ വാസനകള്‍ ദുര്‍ബലമാകും. മൂന്നാമത്തെത് ധ്യാന മാര്‍ഗവും. സമാധിയുടെ മാര്‍ഗം. അവിടെ വാസനകള്‍ വറുത്ത വിത്തുപോലാകും. മറ്റൊരു വഴിയുമുണ്ട്. എല്ലാം ഈശ്വരന് വിട്ടുകൊടുക്കുക. അദ്ദേഹത്തിന്റെ ഇച്ഛ നടക്കട്ടെ എന്ന് സര്‍വ സമര്‍പ്പണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: