രണ്ടാം അദ്ധ്യായം
നാലാം പാദം
ഈ പാദത്തില്‍ 9 അധികരണങ്ങളിലായി 22 സൂത്രങ്ങളാണ് ഉള്ളത്. ഇന്ദ്രിയങ്ങളുടെ അഥവാ പ്രാണങ്ങളുടെ ഉത്പത്തിയും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെപ്പറ്റിയുമാണ് ഇവിടെ വിവരിക്കുന്നത്. ശ്രുതി വാക്യങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ വിചാരം ചെയ്ത് യഥാര്‍ത്ഥ്യത്തെ കാണിക്കുന്നു.
പ്രാണോത്പത്ത്യധികരണം
പ്രാണന്റെ അഥവാ ഇന്ദ്രിയങ്ങളുടെ ഉത്ഭവത്തെപ്പറ്റി ഇവിടെ വ്യക്തമാക്കുന്നു.
ഇതില്‍ നാല് സൂത്രങ്ങളുണ്ട്. ശ്രുതിയില്‍ ചിലയിടങ്ങളില്‍ ഇന്ദ്രിയങ്ങളും പ്രാണനും പരമാത്മാവില്‍ നിന്നാണ് ഉണ്ടായതെന്ന് പറയുന്നു.എന്നാല്‍ മറ്റ് ചിലയിടങ്ങളില്‍ അഗ്നി, ജലം, ഭൂമി എന്നിവയില്‍ നിന്ന് ഉണ്ടായതെന്നും പറയുന്നു. ഇത്തരത്തിലുള്ള വൈരുദ്ധ്യത്തെ പരിശോധിക്കുന്നു ഇവിടെ.
സൂത്രം തഥാ പ്രാണാഃ
അപ്രകാരം പ്രാണങ്ങളെന്നു പറയുന്ന ഇന്ദ്രിയങ്ങളും പരമാത്മാവില്‍ നിന്നുണ്ടായി.
പഞ്ചഭൂതങ്ങളുടേയും അന്തഃ കരണത്തിന്റെയും ഉത്പത്തിയെപ്പറ്റിയുണ്ടായ വിരോധം പരിഹരിച്ചു. ഇനി ഇന്ദ്രിയങ്ങളുടെ ഉദ്ഭവത്തെപ്പറ്റി ശ്രുതി വാക്യങ്ങളില്‍ കാണുന്ന വിരോധത്തെ പരിഹരിക്കുകയാണ് ചെയ്യുന്നത് .
പ്രാണാഃ എന്ന ബഹുവചനം ഉപയോഗിച്ചതിനാല്‍ മുഖ്യ പ്രാണനെയല്ല പ്രാണ ശബ്ദവാച്യങ്ങളായ ഇന്ദ്രിയങ്ങളെയാണ് ഉദ്ദ്യേശിക്കുന്നത് എന്നറിയണം.
ഛാന്ദോഗ്യത്തിലും തൈത്തിരീയത്തിലും ഭൂതങ്ങളുടെ ഉല്പ്പത്തിയെപ്പറ്റി പറയുന്നിടങ്ങളില്‍ പ്രാണങ്ങളെപ്പറ്റി പറയുന്നില്ല. എന്നാല്‍ മുണ്ഡകത്തില്‍ ‘യഥാഗ്നേര് ജ്വലതഃ ക്ഷുദ്രാവിസ്ഫുലിംഗാഃ വ്യുച്ചരന്തി ഏവമേവൈതസ്മാത് ആത്മനഃ സര്‍വേ പ്രാണാ’ ജ്വലിക്കുന്ന അഗ്നിയില്‍ നിന്ന് ക്ഷുദ്രങ്ങളായ തീപ്പൊരികള്‍ നാല്പാടും ഉണ്ടാകുന്നതു പോലെ ഈ ആത്മാവില്‍ നിന്ന് എല്ലാ പ്രാണങ്ങളും ഉണ്ടാകുന്നു.
‘ഏതസ്മാജ്ജായതേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച’ ഈ ആത്മാവില്‍ നിന്ന് പ്രാണങ്ങളും മനസ്സും എല്ലാ ഇന്ദ്രിയങ്ങളും ഉണ്ടാകുന്നു എന്നും പറയുന്നു.
ബൃഹദാരണ്യകത്തില്‍ ‘ഏതസ്മാദാത്മനഃ സര്‍വ്വേ പ്രാണാഃ സര്‍വേ ലോകാഃ സര്‍വേ ദേവാഃ സര്‍വാണി ച ഭൂതാനി വ്യുച്ചരന്തി ‘ഈ ആത്മാവില്‍ നിന്ന് എല്ലാ പ്രാണങ്ങളും എല്ലാ ലോകങ്ങളും എല്ലാ ദേവന് മാരും എല്ലാ ഭൂതങ്ങളും ഉണ്ടാകുന്നു.
ബ്രഹ്മത്തില്‍ നിന്ന് ലോകങ്ങളും ദേവന്മാരും ഉണ്ടാകുന്നതെപ്രകാരമാണോ അപ്രകാരം തന്നെ പ്രാണങ്ങളും ഉണ്ടാകുന്നുവെന്ന് സൂത്രം വ്യക്തമാക്കുന്നു.
സൂത്രം ഗൗണ്യസംഭവാത്
അങ്ങനെ സംഭവിക്കാന്‍ വയ്യാത്തതിനാല്‍ പ്രാണോത്പത്തിയെപ്പറ്റിയുള്ള മറ്റ് പ്രതിപാദനം ഗൗണമാണ്.
മുണ്ഡകത്തിലേതായി നേരത്തേ സൂചിപ്പിച്ച മന്ത്രം പ്രാണേന്ദ്രിയണങ്ങളുടെയെല്ലാം ഉല്പത്തി ബ്രഹ്മത്തില്‍ നിന്നാണെന്ന് ശ്രുതി വ്യക്തമാക്കി. അങ്ങനെ പറഞ്ഞതിനാല്‍ അഗ്നിയില്‍ നിന്ന് വാഗ് ഇന്ദ്രിയവും അന്നത്തില്‍ നിന്ന് മനസ്സും ജലത്തില്‍ നിന്ന് പ്രാണനും ഉണ്ടാകുന്നു എന്ന് പ്രതിപാദിച്ചത് ഗൗണമാണെന്ന് കരുതണം.
അവയെ പ്രധാനമായി എടുത്താല്‍ പ്രതിജ്ഞാ ഹാനി സംഭവിക്കും.
മുണ്ഡകത്തില്‍ ‘കസ്മിന്നു ഭഗവോ വിജ്ഞാതേ സര്‍വമിദം വിജ്ഞാതം ഭവതി’ ഏതൊന്നറിഞ്ഞാല്‍ എല്ലാം അറിയാന്‍ സാധിക്കും എന്നാകണമെങ്കില്‍ ആത്മാവില്‍ നിന്ന് തന്നെ എല്ലാം ഉണ്ടാകണം. അപ്പോള്‍ കാരണമായ ആ ത്മാവിനെ അറിഞ്ഞാല്‍ കാര്യമായ എല്ലാം അറിയാം.
‘ആത്മനോ വാ അരേ ദര്‍ശനേന ശ്രവണേന മത്യാ വിജ്ഞാനേന ഇദം സര്‍വം വിദിതം’ ആത്മാവിനെപ്പറ്റി കാണുന്നതുകൊണ്ടും കേള്‍ക്കുന്നതുകൊണ്ടും ചിന്തിക്കുന്നതുകൊണ്ടും ഇതെല്ലാം അറിഞ്ഞതായിത്തീരുന്നു. ഇങ്ങനെയായാലേ ശ്രുതിവാക്യം ശരിയാവൂ.
‘ബ്രഹ്മൈവേദം വിശ്വമിദം വരിഷ്ഠം, പുരുഷ ഏവേദം വിശ്വം’ എന്നീ ശ്രുതി വാക്യങ്ങള്‍ ഇതെല്ലാം ആത്മാവ് തന്നെയാണെന്ന് വ്യക്തമാക്കുന്നു. അതിനാല്‍ പ്രാണന്റെയും ഇന്ദ്രിയങ്ങളുടേയും ഉല്പത്തിയെപ്പറ്റിയുള്ള മറ്റ് വിവരണങ്ങളെല്ലാം ഗൗണമാണെന്ന് അറിയണം.
ജലം കൊണ്ട് പ്രാണനും അന്നം കൊണ്ട് മനസ്സും പോഷിക്കപ്പെടുന്നു എന്നറിയണം. അല്ലാതെ അവയില്‍ നിന്നുണ്ടായി എന്നല്ല. ഇത്തരത്തില്‍ നോക്കിയാല്‍ ശ്രുതി പറയുന്നതിന് വൈരുദ്ധ്യമില്ല. വേണ്ട പോലെ അറിയണം.
എല്ലാം ഉണ്ടായത് ബ്രഹ്മത്തില്‍ നിന്നാണെന്ന ശ്രുതിയുടെ പ്രതിജ്ഞയ്ക്ക് ഹാനി ഉണ്ടാകാന്‍ പാടില്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: