ഓരോ ഭാരതീയന്റെയും ഉജ്വലവും ഉദാത്തവുമായ സ്വപ്നങ്ങളിലൊന്നാണ് ‘രാമരാജ്യം’. ഒരു രാഷ്ട്രപിതാവിനു മാത്രമല്ല വിവൃതമായ രാഷ്ട്രബോധമുള്ള അതീവ സാധാരണക്കാരനു പോലും രാമരാജ്യം വരേണമേ എന്ന പ്രാര്‍ഥന ഉണ്ടാകുക സ്വാഭാവികം. ഒരിതിഹാസ കഥാപുരുഷന്റെ ഗുണൗഘങ്ങള്‍ ആ ഇതിഹാസം പിറന്ന മണ്ണിലെ രാഷ്ട്രമീമാംസയുടെ പ്രമാണപത്രമായി കരുതുക എന്നത് ഹര്‍ഷാഭിമാനങ്ങളുണര്‍ത്തുന്ന ചരിത്ര വിസ്മയം തന്നെ.
ഒരു മഹാരാജാവിന്റെ ഭരണപരിഷ്ക്കാരങ്ങളിലൊതുങ്ങുന്നതല്ല, രാമരാജ്യത്തിന്റെ വിലോഭനീയതകള്‍. ശ്രീരാമന്റെ ജീവിതത്തെ ബാല്യം തൊട്ടേ വിലയിരുത്തേണ്ടതുണ്ട് രാമരാജ്യത്തിന്റെ വ്യതിരിക്തതകളും സവിശേഷതകളും അധ്യാഹരിച്ചെടുക്കുവാന്‍. ‘രാമോ വിഗ്രഹവാന്‍ ധര്‍മ’ എന്ന് സദാപി ഉരുവിട്ടു കൊണ്ടാണ് കാണ്ഡനിര്‍മിതി കവി നടത്തിയിരിക്കുന്നത്. ഇതിഹാസം വായിച്ചടച്ചുവെയ്ക്കുമ്പോള്‍ ശ്രീരാമന് ഉടല്‍പൂണ്ട ധര്‍മത്തിന്റെ ഉടയാത്ത വിഗ്രഹം എന്ന ദൃഢബോധത്തിലേക്ക് വാല്മീകി രാമായണത്തിന്റെ സംസ്ക്കാരതലം വായനക്കാരനെ കൊണ്ടെത്തിക്കുകയായി.
ഉത്തമഭരണാധിപന്‍ ഇല്ലാത്ത രാജ്യത്തിനു സംഭവിക്കുന്ന ദുരനുഭവങ്ങള്‍ രാമായണം അക്കമിട്ടു നിരത്തുന്നു:
അരചനില്ലാത്തിടത്ത് മേഘം വര്‍ഷിക്കുകയില്ല.
നാഥനില്ലെങ്കില്‍ കൃഷിനാശം.
പിതാവിന്റെ ചൊല്‍പ്പടിയ്ക്ക് പുത്രന് വര്‍ത്തിക്കുകയില്ല.
ദേഹരക്ഷയും സ്വത്തുരക്ഷയും ഉണ്ടാവുകയില്ല.
ഉത്സവങ്ങള്‍, സഭകള്‍ എന്നിവ നടക്കുകയില്ല.
സംന്യാസിമാര്‍ പ്രവേശിക്കുകയില്ല.
ശാസ്ത്രജ്ഞന്മാര്, പ്രസംഗകര്‍ എന്നിവര്‍ ഓടിപ്പോകും. വസിഷ്ഠന് ഉപസംഹരിക്കുന്നു.
‘രാജാ സത്യം ച ധര്‍മശ്ച
രാജാകുലവതാം കുലം
രാജാ മാതാപിതാചൈവ
രാജാ ഹിതകരോ നൃണാ’
അരാജകത്വം അനാഥത്വമാകുന്നു. അന്നും ഇന്നും എന്നും രാമരാജ്യത്തിലെ ഭരണാധികാരികളുടെ ലക്ഷ്യങ്ങള്‍ ജനഹിതം, ഭൂരിപക്ഷസുഖം സാമാന്യജനങ്ങളുടെ ക്ഷേമശൈ്വര്യം, ശാന്തിസമാധാനങ്ങള്‍ അധ്വാനിക്കുന്നവരുടെ രക്ഷ എന്നിവയത്രെ. സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് രാമായണത്തിലെ ഗോവ്. ഭൂമി, ധനം തുടങ്ങിയ ഐശ്വര്യ പ്രതീകങ്ങള്‍ക്കുള്ള പൊതു നാമമാണ് ഗോവ്. പശു മാത്രമല്ല ഗോവ്. സമൂഹത്തെ സദ്ഗുണസമ്പന്നമാക്കുന്നതിന് ജീവിതം ഉഴിഞ്ഞു വെച്ചവരാണ് ബ്രാഹ്മണര്‍. അധ്യാപകര്‍, ഭിഷഗ്വരന്മാര്, ശാസ്ത്രജ്ഞര്‍, വിജ്ഞാനികള്‍, വിശേഷജ്ഞര്‍ തുടങ്ങിയ ബൗദ്ധികാധ്വാനികളേവരും രാമായണത്തില്‍ ബ്രാഹ്മണരാകുന്നു. രാമരാജ്യത്തിന്റെ ഏറ്റവും മഹത്തായ വിലോഭനീയത ഇവയാണ്.
‘ന വിധവാ ന വ്യാധിജം
നിത്യപുഷ്പാ നിത്യഫലാ
ന ച സ്മ വൃദ്ധാബാലാനാം
പ്രേതകാര്യാണി കുര്‍വന്നതേ’
രാമരാജ്യത്തില്‍ വൈധവ്യമുണ്ടാകുകയില്ല. ആര്‍ക്കും വ്യാധികളില്ല. ‘സര്‍വേ സന്തു നിരാമയ:’ എന്ന അവസ്ഥ. പ്രായമായവര്‍ക്ക് ബാലകരുടെ മരണാനനന്തര ക്രിയകള്‍ ചെയ്യേണ്ടി വരില്ല. ബാല പീഡനമോ ബാലമരണമോ ഇല്ല. സമഗ്രമായ ശിശു സംരക്ഷണം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയിരിക്കുന്ന കരുതലും രക്ഷയും ശ്രദ്ധേയം. പൂക്കളും ഫലങ്ങളുമായി വന്മരങ്ങള്. യഥാകാലം മഴ. എപ്പോഴും സുഖസ്പര്‍ശമുള്ള കാറ്റ്. അതിവൃഷ്ടി, അനാവൃഷ്ടി തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളേതുമേ രാമരാജ്യത്തിലില്ല. അങ്ങനെ ശ്രീരാമന് പതിനോരായിരം വര്‍ഷം രാജ്യം ഭരിച്ചുവത്രേ. കാലഗണന അതിശയോക്തിപരം. ഗവേഷണ പഠനങ്ങളില്‍ നിന്നും രാമഭരണകാലം ഇങ്ങനെ: മുപ്പതു വര്‍ഷം, ഒരുമാസം, ഇരുപതു ദിവസം. നന്മനിറഞ്ഞ ഹ്രസ്വകാലത്തെ സുഖസ്മൃതികള്‍ക്ക് നാശമുണ്ടാകുന്നത് വളരെ പെട്ടെന്നാണെന്ന് വിഭാവനം ചെയ്യാന്‍ സാധാസാധാരണ മനസ്സുകള്‍ വിമുഖത കാട്ടും. പാപഭീതിയ്ക്കും സംഘനീതിയ്ക്കും ദൈവപ്രീതിയ്ക്കുമായി ഒരു രാമരാജ്യം ഇവിടെ സംരചിക്കപ്പെടാന്‍ രാമായണ ശീലുകള്‍ നാദനൈവേദ്യമാകട്ടെ.
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: