അംശാധികരണം തുടരുന്നു.
സൂത്രം സ്മരന്തി ച
സ്മൃതിയിലും പറഞ്ഞിട്ടുണ്ട്.
ജീവന്റെ ഗുണദോഷങ്ങളോട് ഈശ്വരന് ബന്ധമില്ലെന്ന് സ്മൃതികളിലും പറഞ്ഞിട്ടുണ്ടെന്ന് സൂത്രം വ്യക്തമാക്കുന്നു.
ശരീരത്തില്‍ കുടികൊള്ളുന്നവനാണെങ്കിലും ആത്മാവ് കര്‍ത്താവോ ഭോക്താവോ അല്ലെന്ന് സ്മൃതിയും വ്യക്തമാക്കുന്നുണ്ട്.
ഭഗവദ് ഗീതയില്‍ ‘അനാദിത്വാത് നിര്‍ഗുണത്വാത് പരമാത്മാ യമവ്യയ: ശരീരസ്ഥോപി കൗന്തേയ ന കരോതി ന ലിപ്യതേ ‘ അനാദിയും നിര്‍ഗുണനുമായതിനാല്‍ പരമാത്മാവ് നാശമില്ലാത്തതാണ്. അന്തര്യാമിയായി ശരീരത്തിനുള്ളില്‍ വസിക്കുന്നുവെങ്കിലും കര്‍മ്മങ്ങള്‍ ചെയ്യുകയോ കര്‍മ്മഫലം അനുഭവിക്കുകയോ ചെയ്യുന്നില്ല. വാസ്തവത്തില്‍ ജീവന് കര്‍തൃത്വമോ ഭോക്തൃത്വമോ ഇല്ല. ഇന്ദ്രിയങ്ങള്‍ മനസ്സ് തുടങ്ങിയവയുമായുള്ള ചേര്‍ച്ചമൂലം അവിദ്യകൊണ്ട് ഞാന്‍ ചെയ്യുന്നു ഞാന്‍ അനുഭവിക്കുന്നു എന്ന് അഭിമാനിക്കുന്നു. സൂത്രത്തില്‍ ‘ച’ എന്ന വാക്ക് ഉപയോഗിച്ചിക്കുന്നത് സ്മൃതിയും ശ്രുതിയും അത് സമ്മതിക്കുന്നുവെന്ന് കാണിക്കാന്‍ വേണ്ടിയാണ്. ശ്വേതാശ്വതരത്തിലും മുണ്ഡകത്തിലും ‘തയോര ന്യ: പിപ്പലം സ്വാദ്വത്തി അനശ്നന്‍ അന്യോ അഭിചാകശീതി’ അവരില്‍ ഒരാളായ ജീവന് കര്‍മ്മഫലമാകുന്ന പിപ്പലത്തെ സ്വാദുള്ളതെന്ന് കരുതി അനുഭവിക്കുന്നു. മറ്റൊരാള്‍ കര്‍മ്മഫലങ്ങളനുഭവിക്കാതെ സാക്ഷിയായിരിക്കുന്നു എന്ന് പറയുന്നുണ്ട്. കഠോപനിഷത്തില്‍ ‘ഏക സ്തഥാ സര്വഭൂതാന്തരാത്മാ ന ലിപ്യതേ ലോക ദുഃഖേന ബാഹ്യഃ’ ഏകനായ പരമാത്മാവ് എല്ലാ ജീവജാലങ്ങളുടേയും അന്തരാത്മാവായിരിക്കുന്നുവെന്നല്ലാതെ ലോക ദുഃഖങ്ങളാല്‍ സ്പര്‍ശിക്കപ്പെടുന്നില്ല എന്ന് പറയുന്നു.
ജീവനും ആത്മാവും രണ്ടല്ല ഒന്ന് തന്നെയെന്ന് കാണിക്കുന്ന ശ്രുതികള്‍ പലതുമുണ്ട്. തൈത്തിരീയത്തില്‍ ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത്’ ഈശ്വരന് ഇതിനെ സൃഷ്ടിച്ചിട്ട് ഇതില്‍ പ്രവേശിച്ചു എന്നുണ്ട്. ദേഹത്തില്‍ പ്രവേശിച്ച ഈശ്വരനെ ജീവനെന്ന് വിളിക്കുന്നു. മഹാഭാരതത്തിലും മറ്റ് സ്മൃതികളിലും ഇത് കാണാം. ഉപാധികളോട് ചേര്‍ന്നിരിക്കുമ്പോള്‍ ജീവന് ഗുണദോഷങ്ങള്‍ ഉള്ള പോലെ തോന്നും.എന്നാല്‍ നിത്യ ശുദ്ധനായ ആത്മാവിനെ ഇവയൊന്നും ബാധിക്കുന്നേയില്ല.
സൂത്രം അനുജ്ഞാപരിഹാരൗ ദേഹ സംബന്ധാത്
ജ്യോതിരാദിവത്
വിധിയും നിഷേധവും, ദേഹത്തില്‍ താദാത്മ്യ അധ്യാസമുള്ളതിനാല്‍ ആവശ്യമാണ്. ഇത് അഗ്നി മുതലായവയെപ്പോലെയാണ്.
എല്ലാ ജീവന്മാരേയും പരമാത്മാവാണ് കര്‍മ്മങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ ശാസ്ത്രങളുടെ ആവശ്യം എന്തിനെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ സൂത്രം. ദേഹ സംബന്ധം എന്നാല്‍ ദേഹമാണ് ഞാന്‍ എന്ന ഭാവം. ഇതിനെയാണ് താദാത്മ്യ അധ്യാസമായി പറയുന്നത്. അജ്ഞാനം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ള പോലെ പ്രവര്‍ത്തിക്കുന്നു. ഓരോ ആളുടേയും വാസന വ്യത്യസ്തമായതിനാല്‍ അവര്‍ അതനുസരിച്ചാകും കര്‍മ്മം ചെയ്യുക. അവര്‍ക്ക് വേണ്ടിയാണ് വിധി നിഷേധങ്ങള്‍ വേദത്തിലും ലോകത്തിലും വിധിച്ചിട്ടുള്ളത്. ആത്മജ്ഞാനം നേടിയവര്‍ക്ക് ഇത് ബാധകമല്ല. ചെയ്യേണ്ട കാര്യങ്ങളെ വിധി എന്നും ചെയ്യരുതാത്തവയെ നിഷേധമെന്നും പറയുന്നു.
പരമാത്മസാക്ഷാത്കാരം നേടിയ ജ്ഞാനികളെ ഇത്തരം വിധി നിഷേധങ്ങള്‍ ബന്ധിക്കുന്നില്ല. അഗ്നി സ്വതവേ പരിശുദ്ധമാണെങ്കിലും ശ്മശാനത്തിലെ അഗ്നിയെ നാം വേണ്ടെന്ന് വെയ്ക്കുന്നു. എന്നാല്‍ ഹോമ കുണ്ഡത്തിലെ അഗ്നിയെ സ്വീകരിക്കുകയും ചെയ്യുന്നു. ഒരേ അഗ്നി തന്നെയെങ്കിലും സംസ്കാര വ്യത്യാസം കൊണ്ട് ഇവയ്ക്ക് സ്വീകാര്യതയും ഇല്ലായ്മയും ഉണ്ടാകുന്നു. ഇതുപോലെ തള്ളേണ്ടവയും കൊള്ളേണ്ടവയുമായവയെ എല്ലാം വിധിനിഷേധത്തിലൂടെ തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: