മധുവിന് ലവണന് എന്നൊരു പുത്രനുണ്ടായി. ബാല്യംമുതല്‍ അവന് പരമദുഷ്ടനായിരുന്നു. സാധുക്കളെ കണ്ടമാനം ഉപദ്രവിച്ചു. പിതാവ് പലതരത്തില്‍ ശിക്ഷിച്ചിട്ടും അവന്റെ സ്വഭാവം മാറിയില്ല. ഗത്യന്തരമില്ലാതെ ശൂലം പുത്രനെ ഏല്പിച്ചിട്ട് അസുരന് കാട്ടില്‍ തപസ്സുചെയ്യാന്‍ പോയി. ലവണനാകട്ടെ ശൂലത്തിന്റെ ബലത്താല്‍ ഭൂലോകവാസികളെ കണക്കില്ലാതെ ഉപദ്രവിക്കാന്‍ തുടങ്ങി. ശൂലം കൈവശമുള്ളതിനാല്‍ അവനെ ആര്‍ക്കും നിഗ്രഹിക്കാനും സാധിക്കുകയില്ല. ഭഗവാന് രാമന് അവനെ വധിച്ച് മധുവനം ശുദ്ധമാക്കണം. ഇതായിരുന്നു കാഞ്ചനാദി മുനിമാരുടെ ആവശ്യം.
ആ ദുഷ്ടനെ വധിച്ച് നിങ്ങളെ ഞാന്‍ രക്ഷിക്കാം എന്ന് രാമന് ഉറപ്പുനല്‍കി. അനുജന്മാരെ വിളിച്ച് നിങ്ങളില്‍ ആരാണ് ലവണാസുരനെ വധിക്കാന്‍ മുനിമാരോടൊപ്പം പോകുന്നത്? എന്നു ചോദിച്ചു. അതുകേട്ട് ഭരതന് പോകാമെന്നു പറഞ്ഞെങ്കിലും ശത്രുഘ്നന്‍ അതു സമ്മതിച്ചില്ല. ശ്രീരാമന് വനവാസത്തിനുപോയപ്പോള്‍ രാജ്യത്തെ പാലിച്ചത് ജ്യേഷ്ഠന് ഭരതനാണ്. ശ്രീരാമനോടൊപ്പം താമസിച്ച് വനവാസവും ചെയ്തത് ലക്ഷ്മണജ്യേഷ്ഠനാണ്. അതിനാല്‍ ലവണാസുരനെ വധിക്കാന്‍ ഞാന്‍ പോകാം. ശരി. എങ്കില്‍ നീ പോയി ലവണാസുരനെ വധിച്ചിട്ട് മധുകാനനം ഒരു രാജ്യമാക്കണം. അവിടെ നീതന്നെ രാജാവായി വാഴണം, അതിന് നിന്നെ ഞാനിപ്പോള്‍ മധുകാനനത്തിലെ രാജാവായി അഭിഷേകം ചെയ്യാന്‍ പോകുന്നു.അഭിഷേകത്തിന് ശത്രു ഘ്നന്‍ ആദ്യം വിസമ്മതിച്ചു. ശ്രീരാമന് അതു വകവയ്ക്കാതെ വസിഷ്ഠന് തുടങ്ങി ആചാര്യന്മാരെ വരുത്തി ശത്രുഘ്നന്‍ അഭിഷേകം നടത്തി. ലവണാസുരനുമായി യുദ്ധം ചെയ്യുമ്പോള്‍ ശിവന്കൊടുത്ത ശൂലം കൈയിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലവണന് മാംസം അന്വേഷിച്ചു പുറത്തുപോയിട്ടു മടങ്ങിവരുമ്പോള്‍ ഗോപുരദ്വാരത്തില്‍ തടഞ്ഞുനിറുത്തി വധിക്കണം എന്നും രാമന് ഉപദേശിച്ചു. കൂടാതെ പണ്ട് മധുകൈടഭന്മാരെ വധിക്കാന്‍ നിര്‍മ്മിച്ച അസ്ത്രം തന്റെ കൈയിലുണ്ടെന്നും അതുകൊണ്ട് ലവണനെ വധിക്കണമെന്നും നിര്‍ദ്ദേശിച്ച് അസ്ത്രവും നാലായിരം കുതിരകളും നൂറായിരം കാലാളുമടങ്ങുന്ന സൈന്യത്തേയും വിട്ടുകൊടുത്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: