തക്ഷാധികരണം
പതിനഞ്ചാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രമേയുള്ളൂ. ജീവന് കര്‍ത്തൃത്വം വന്നു ചേരുന്നതിനെപ്പറ്റി ഇവിടെ പറയുന്നു.
സൂത്രം യഥാ ച തക്ഷോഭയഥാ
എപ്രകാരമാണോ തച്ചന് അഥവാ ശില്പി രണ്ടു തരത്തിലുമിരിക്കുന്നത് അതുപോലെ ജീവനും.
തച്ചന് ചിലപ്പോള്‍ കര്‍മ്മം ചെയ്തും ചിലപ്പോള്‍ വെറുതെ ഇരിക്കുകയും ചെയ്യുന്നു.അതു പോലെ ജീവാത്മാവും രണ്ട് തരത്തിലാണിരിക്കുന്നത്. അതിനാല്‍ ജീവാത്മാവിന് കര്‍ത്തൃത്വം സ്വാഭാവികമല്ല. ജീവാത്മാവിനെ കര്‍ത്താവാണെന്ന് കഴിഞ്ഞ അധികരണത്തില്‍ വ്യക്തമാക്കി. എന്നാല്‍ ആ കര്‍തൃത്വം ആത്മാവിന് സ്വാഭാവികമാണോ അതോ ഉപാധി മൂലം വന്നു ചേരുന്നതാണോ എന്നതിനെ വിശകലനം ചെയ്യുകയാണ് ഇതില്‍.
സ്വഭാവികമാണെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം. എന്നാല്‍ ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയുടെ സംയോഗം കൊണ്ടാണ് കര്‍തൃത്വം വന്നു ചേരുന്നതെന്ന് ഈ സൂത്രത്തിലെ തച്ചന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നു.
ഒരു ആശാരിയോ ശില്പിയോ തച്ചുശാസ്ത്ര വിദഗ്ധനോ തന്റെ ഉളിയും മറ്റ് പണിയായുധങ്ങളുമെടുത്ത് തൊഴിലില്‍ മുഴുകിയിരിക്കുന്നത് പോലെയാണ് ആത്മാവ് ഉപാധി സംയോഗത്താല്‍ പ്രപഞ്ചവ്യാപാരങ്ങളില്‍ മുഴുകുന്നത്. പണി കഴിഞ്ഞാല്‍ തച്ചന് പണിയായുധങ്ങളെ വിട്ട് ശാന്തനായി ഇരിക്കുന്നതു പോലെ സുഷുപ്തിയില്‍ ജീവനും ശാന്തനായിരിക്കുന്നു. ജീവന് കര്‍ത്തൃത്വം സ്വാഭാവികമാണെന്നും ഇന്ദ്രിയമനോബുദ്ധികള്‍ അതിനെ സഹായിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നുമുള്ള പൂര്‍വ പക്ഷത്തിന്റെ വാദത്തെയാണ് ഇവിടെ തള്ളിക്കളയുന്നത്. സ്വഭാവികമായാണ് കര്തൃത്വമെങ്കില് അകര്‍ത്താവും അഭോക്താവുമായ പരമാത്മാവുമായിച്ചേര്‍ന്ന് മോക്ഷം പ്രാപിക്കുകയില്ല. പരമാത്മാവ് തന്നെയാണ് ഇതെല്ലാം സൃഷ്ടിച്ച് ഇതില്‍ പ്രവേശിച്ചതെന്ന് ശ്രുതി പറയുന്നുണ്ട്.
അപ്പോള്‍ അകര്‍ത്താവായ ആത്മാവ് ദേഹത്തില്‍ പ്രവേശിച്ചതിനു ശേഷം ഇന്ദ്രിയ മനോബുദ്ധികളുടെ സുയോഗം മൂലം കര്‍തൃത്വം പ്രാപിക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘ധ്യായതീവ ലോലായതീവ’ ബുദ്ധി ധ്യാനിക്കുമ്പോള്‍ ആത്മാവ് ധ്യാനിക്കുന്നത് പോലെയും ബുദ്ധി ഇളകുമ്പോള്‍ ആത്മാവ് ഇളകുന്നത് പോലെയും തോന്നുന്നു എന്ന് പറയുന്നത്. ഉപാധി സംബന്ധം കൊണ്ടു ഉണ്ടാകുന്നവ താല്‍ക്കാലികം മാത്രമാണ്.
കഠോപനിഷത്തില്‍ ‘ആത്മേന്ദ്രിയ മനോ യുക്തം ഭോക്തേത്യാഹുര്‍ മനീഷിണ:’ ഇന്ദ്രിയമനോബുദ്ധികളോടുകൂടിയ ആത്മാവിനെ ഭോക്താവ് എന്ന് പറയുന്നു. ഈ ഉപാധികളുടെ ചേര്‍ച്ചയില്ലെങ്കില്‍ നിത്യ ശുദ്ധബുദ്ധമുക്തസ്വരൂപനായ ആത്മാവ് തന്റെ യഥാര്‍ത്ഥ അവസ്ഥയിലായിരിക്കും. ഇതിനെയാണ് മോക്ഷം എന്ന് പറയുന്നത്. ആത്മാവിന് എപ്പോള്‍ വേണമെങ്കിലും കര്‍തൃത്വത്തെ ഉപേക്ഷിക്കാനാവും. ആശാരി പണിയായുധങ്ങള്‍ വെടിഞ്ഞ് ശാന്തനായിരിക്കുന്നതു പോലെയാണിത്. ജീവാത്മാവിന് കര്‍തൃത്വം സ്വത: സിദ്ധമാണെന്ന് പറഞ്ഞാല്‍ ഭഗവദ്ഗീത ഉള്‍പ്പടെയുള്ള ഗ്രന്ഥങ്ങളുടെ നിര്‍വചനങ്ങള്‍ ശരിയല്ല എന്ന് വരും. ജീവാത്മാവിന്റെ കര്തൃത്വത്തിനെ നിഷേധിക്കുന്ന ശാസ്ത്രങ്ങള്‍ പ്രമാണമാണ്. അതിനാല്‍ ജീവാത്മാവ് സ്വതവേ അകര്ത്താവാണെന്നും ഉപാധികളോടുള്ള ചേര്‍ച്ചയാണ് കര്‍തൃത്വത്തെ ഉണ്ടാക്കുന്നതെന്നും അറിയണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: