കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിന്റെ സമാനമായ അവസ്ഥയിലേക്കാണ് കേരളം അനുദിനം നീങ്ങുന്നതെന്ന് തോന്നുന്നു. ജനങ്ങള്‍ അങ്ങേയറ്റം ആശങ്കയോടെയാണ് കാര്യങ്ങള്‍ കാണുന്നത്. കനത്തമഴയും തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ദുരിതം വിതയ്ക്കുകയാണ്. ഒരുവര്‍ഷം മുമ്പത്തെ പ്രളയം സൃഷ്ടിച്ച ഭീതിയില്‍നിന്ന് ഇനിയും മുക്തരാകാത്തവര്‍ ജീവന് കൈയിലെടുത്താണ് കഴിയുന്നത്. പലസ്ഥലങ്ങളിലും വെള്ളക്കെട്ട് മൂലം വാഹനയാത്രയും കാല്‍നടയാത്രയും തടസ്സപ്പെട്ടിരിക്കുന്നു. ഒരുതരത്തില്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്കാണ് സ്ഥിതിഗതികള്‍ വഴുതിവീഴുന്നത്.
ഭീകരമായ പ്രളയം താണ്ഡവമാടിയപ്പോള്‍ കൈയ്മെയ് മറന്ന് സകലരും രംഗത്തുവന്നിരുന്നു. അതിന്റെ ഫലമായി കഷ്ടനഷ്ടങ്ങളും മരണങ്ങളും പരമാവധി കുറയുകയും ചെയ്തു. എന്തെങ്കിലും പ്രതീക്ഷിച്ചോ നേട്ടം കൊയ്യാനോ ആയിരുന്നില്ല അന്ന് തോളോട് തോള്‍ചേര്‍ന്ന് ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും രംഗത്തിറങ്ങിയത്. എന്നാല്‍ അത്തരക്കാര്‍ അങ്ങേയറ്റത്തെ ദുരിതത്തില്‍പ്പെട്ടപ്പോള്‍ അധികൃതര്‍ അതൊക്കെ അവഗണിക്കുന്ന അവസ്ഥയായി. കാര്യം കഴിഞ്ഞപ്പോള്‍ കഷ്ടപ്പെട്ടവരും അവരെ സഹായിച്ചവരും പുറത്ത് എന്ന രീതിയിലേക്ക് സംഗതികള്‍ വഴിതിരിഞ്ഞു. അതേ പ്രളയകാലത്തെ അവസ്ഥയാണ് ഇപ്പോള്‍ പെരുമഴമൂലം ഉണ്ടായിരിക്കുന്നത്.
അഞ്ചു ജില്ലകളിലാണ് ഇപ്പോള്‍ ദുരിതം രൂക്ഷമായിരിക്കുന്നത്. ഇതിനകം അഞ്ചോളം പേര് മരണമടയുകയും ചെയ്തു. മഴക്കാലം എന്നാണ് ആരംഭിക്കുന്നതെന്ന് കൃത്യമായി അറിയാം. എന്നാല്‍ ദുരന്തമുണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളൊന്നും യഥാസമയം നടത്താറില്ല. തലയ്ക്കുമുകളില്‍ പ്രളയം എത്തുമ്പോഴാണ് ബന്ധപ്പെട്ടവര്‍ രംഗത്തെത്തുക. കാലാകാലങ്ങളായി ഇതാണ് സംഭവിക്കുന്നത്. ജാഗ്രതയും മുന്നൊരുക്കവും ഇല്ലാത്തതിനാലാണ് തൊണ്ണൂറുശതമാനം ദുരന്തങ്ങളും ഉണ്ടാവുന്നത്. അതില്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് യുക്തമായ സമയത്ത് സഹായമെത്തിച്ചുകൊടുക്കുന്നതിലും ഭരണകൂടം പരാജയമാണ്. അഥവാ സഹായങ്ങള്‍ നല്കുമ്പോള് തികഞ്ഞ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തമാകാനും കടല്ക്ഷോഭമുള്പ്പെടെയുള്ളവ രൂക്ഷമാകാനും ഇടയുണ്ട്. അതിനാല്‍ ഏറെ ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണം. ദുരിതത്തിലായവര്‍ക്ക് ആശ്വാസമെത്തിക്കുകയും അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥശ്രമം നടത്തുകയും വേണം. ദുരിതം പെയ്തിറങ്ങുമ്പോള്‍ അത് പരിഹരിക്കാന്‍ സര്‍വസജ്ജമായി സര്‍ക്കാര്‍ സംവിധാനത്തെ ഒരുക്കിനിര്‍ത്തണം. പ്രസ്താവനയും മറ്റും പിന്നീടുമതി.
ദൈവത്തിന്റെ സ്വന്തംനാട് പലതരത്തില്‍ ചെകുത്താന്റെ നാടായി മാറിത്തുടങ്ങിയിട്ട് കുറച്ചുനാളായി. അതൊക്കെ രാഷ്ട്രീയവും മറ്റുമായ താല്‍പ്പര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നെങ്കില്‍ ഇപ്പോഴത്തേത് പ്രകൃതിയുടെ കളിയാണ്. വനം കയ്യേറി സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കും ഒത്താശക്കാര്‍ക്കും സഹായം ചെയ്തുകൊടുക്കുമ്പോള്‍ അറിയുന്നില്ല ഉരുള്‍പൊട്ടി സര്‍വനാശം സംഭവിക്കുമെന്ന്. നിരന്തരം പ്രകൃതിയെ ചൂഷണംചെയ്തും കൈയേറിയും സ്വന്തം കീശവീര്‍പ്പിക്കാനുള്ള ശ്രമം ഒടുവില്‍ മനുഷ്യസമൂഹത്തിനുതന്നെ ഹാനികരമാവുകയാണ്. ചെറിയൊരു മഴപെയ്യുമ്പോള്‍ത്തന്നെ മലയിടിഞ്ഞും റോഡ് വിണ്ടുകീറിയും ജനജീവിതം ഒറ്റപ്പെട്ടുപോവുകയാണ്. സാമ്പത്തിക സംവിധാനമുള്ളവര്‍ പണംവാരിയെറിഞ്ഞ് എങ്ങനെയെങ്കിലും രക്ഷപ്പെടുമ്പോള്‍ പാവങ്ങളാണ് കഷ്ടപ്പെടുന്നത്. അവര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്പ്പോലും സര്‍ക്കാര്‍സംവിധാനം പരാജയപ്പെടുന്നു. അതിനാണ് അറുതിയുണ്ടാവേണ്ടത്. പ്രകൃതി ചൊല്ലിത്തരുന്ന പാഠംപഠിക്കാന്‍ ഇനിയെങ്കിലും നാം ശ്രമിച്ചേതീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: