ഉദ്യോഗാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പിഎസ്സിയുടെ അവസ്ഥ ഭീകരമാണ് എന്നുപറഞ്ഞാല്‍ കുറഞ്ഞുപോകും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ഒരു നിഷ്പക്ഷ സ്ഥാപനം ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ വരുത്തുന്ന ക്രമക്കേടുകളുടെ ആഴവും പരപ്പും അനുദിനം വര്‍ദ്ധിച്ചുവരികയാണ്. തൊഴിലിനുവേണ്ടി അര്‍ഹരായ നൂറുകണക്കിനുപേര്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ കഷ്ടപ്പെട്ട് ഉദ്യോഗം നേടുമ്പോള്‍ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തില്‍ ചിലര്‍ ചുളുവില്‍ എല്ലാം കൈയടക്കുന്നു. ഇപ്പോള്‍ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പോലീസുദ്യോഗത്തിന്റെ ലിസ്റ്റില്‍ ഒന്നാമനും ഇരുപത്തെട്ടാമനുമായി വന്നതിന്റെ പിന്നാമ്പുറം ഏറെക്കുറെ വ്യക്തമായിരിക്കുന്നു.
ഇവരിലൂടെ അന്വേഷണം നീണ്ടാല്‍ അര്‍ഹതയുള്ള എത്രപേര്‍ ഇപ്പോഴും തോരാമഴയില്‍ നില്‍ക്കുന്നുവെന്ന് അറിയാനാവും. ഈ സൂചിപ്പിച്ചവര്‍ സകല ഗുണ്ടാപ്രവൃത്തിയിലും വ്യാപൃതരാവുകയും പിഎസ്സി പരീക്ഷയില്‍ ജയിക്കാന്‍ കുറുക്കുവഴികള്‍ തേടുകയുമായിരുന്നു. ഇവരെ കൈയയച്ച് സഹായിക്കാന്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അവര്‍ക്ക് ഒത്താശയുമായി രാഷ്ട്രീയപ്പടയുമുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് വീരവാദം മുഴക്കുന്നതിന്റെ പിന്നില്‍ ഇത്തരം മ്ലേച്ഛമായ നീക്കങ്ങളായിരിന്നുവെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല. ചുളുവില്‍ ഉദ്യോഗസ്ഥരായവര്‍ അവരുടെ വഴിയിലേക്ക് അവര്‍ക്ക് ആഭിമുഖ്യമുള്ള രാഷ്ട്രീയക്കാരെയും കൈകൊടുത്ത് കയറ്റുകയായിരുന്നു.
ശിവരഞ്ജിത്തും നസീമും പോലീസ് ഓഫീസര്‍ പരീക്ഷയെഴുതുമ്പോള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഉദ്യോഗസ്ഥതലത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിക്കൊടുത്തിരുന്നു. ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ പത്തുമാര്‍ക്ക് പോലും തികച്ചുലഭിക്കാത്തവര്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ റാങ്കുവാങ്ങിയതിന്റെ രഹസ്യം എന്തായിരിക്കും? രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുമുന്നണിയുടെ നീചമായ ഇടപെടല്‍ അല്ലെങ്കില്‍ ഇതൊക്കെ മറ്റെന്താണ്? ഇടതുമുന്നണി വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യം അവരുടെ അണികളെ തൃപ്തിപ്പെടുത്താനും അവരെ സംരക്ഷിക്കാനും മാത്രമായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്.
ഇതിന്റെയൊക്കെ പിന്നാമ്പുറങ്ങളിലേക്ക് നേരാംവണ്ണം അന്വേഷിക്കാന്‍ സംസ്ഥാനത്തെ പോലീസിനോ മറ്റ് ഏജന്‍സികള്‍ക്കോ കഴിയില്ല. കാരണം വമ്പന്‍സ്രാവുകള്‍ തന്നെയാണ് ഇത്തരം ജുഗുപ്സാവഹമായ നിലപാടുകളും നീക്കങ്ങളും നടത്തിയത്. അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ഇവിടത്തെ പോലീസിന് കഴിയില്ല. ഒരു ഐഎഎസ്സുകാരന് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്നിട്ടുപോലും ഇരയുടെ ഭാഗത്ത് നില്ക്കാന് പോലീസിന് കഴിയാതിരുന്നതും വമ്പന്‍സ്രാവുകളുടെ നിര്‍ദ്ദേശം കൊണ്ടായിരുന്നുവെന്നത് ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ഏതു ക്രിമിനലായാലും പിടിപാടുണ്ടെങ്കില് നിരപരാധിയായി മാറുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
നൂറുകണക്കിന് യുവാക്കളുടെ സ്വപ്നങ്ങളിലേക്ക് കനല്‍ക്കട്ടകള്‍ വാരിയെറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇതിന് അവസാനമുണ്ടാകണം. പിഎസ്സിയുടെ ഘടന തന്നെ പൊളിച്ചെഴുതേണ്ടതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇച്ഛക്കൊത്ത് തസ്തികകളില്‍ നിയമനത്തിന് കുറുക്കുവഴികള്‍ ഉണ്ടാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു. നിഷ്പക്ഷമായി ഇതുസംബന്ധിച്ച് അന്വേഷണവും വേണം. അത് ഒരുതരത്തിലും സംസ്ഥാന ഏജന്‍സി വഴിയാവരുത്. കേന്ദ്ര ഏജന്‍സിയോ സംസ്ഥാനത്തിന് പുറത്തുള്ള സംവിധാനമോ ഇതിന് നേതൃത്വം നല്‍കണം. പിഎസ്സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ അതുകൊണ്ടുമാത്രമേ കഴിയൂ. അതിനായി യുവജന പ്രക്ഷോഭം ശക്തമാവണം. യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ ഈ വഴിയിലൂടെ മുന്നേറുന്നത് ആശാവഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: