ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രക്ഷോഭം നയിച്ചത് ജമ്മു കശ്മീര്‍ വിഷയത്തിലാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിനുണ്ടാക്കിയ കളങ്കം മായ്ച്ച് കളയാനായിരുന്നു അത്. രാജ്യത്തെ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ ചുമതലപ്പെട്ട ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ സുഗമമായി അത് നിര്‍വഹിച്ചു. ഹൈദരാബാദിന് മാത്രമേ ഭീഷണിയുടെ സ്വരം വേണ്ടിവന്നുള്ളൂ. നെഹ്റുവാകട്ടെ ജമ്മു കശ്മീരിന്റെ കാര്യത്തില്‍ താന്‍ ഇടപെട്ടോളാമെന്നും ഏറ്റു. നെഹ്റു ഏറ്റ കാര്യത്തിന്റെ പേരില്‍ രാജ്യം കനത്ത വില നല്‍കേണ്ടിയും വന്നു. എന്നും പ്രശ്ന സംസ്ഥാനം. 370-ാം വകുപ്പിന്റെ പേരില്‍ ജമ്മു കശ്മീരിന് പ്രത്യേക അധികാരവും ആനുകൂല്യം മാത്രമല്ല പ്രത്യേക രാജ്യം പോലുള്ള അധികാരവും നല്കി.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഭരണകര്‍ത്താക്കളെല്ലാം. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെങ്കില്‍ എന്തിന് പ്രത്യേക അവകാശമെന്ന് ശ്യാമപ്രസാദ് മുഖര്‍ജി ചോദിച്ചു. മുഖ്യമന്ത്രിക്കു പകരം എങ്ങനെ പ്രധാനമന്ത്രിയാവുന്നു? പ്രത്യേക പതാക എന്തിന്? പ്രത്യേക ഭരണഘടന എന്തുകൊണ്ട്? ഇവ റദ്ദാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭത്തിനിറങ്ങിയത്. ജമ്മുകശ്മീരില്‍ അന്യസംസ്ഥാനക്കാര്‍ പ്രവേശിക്കണമെങ്കില്‍ അനുമതി വേണം. അതില്ലാതെ പ്രക്ഷോഭം നയിച്ചതിനാലാണ് 1953 മെയ് 11ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ശ്രീനഗര്‍ ജയിലിലടച്ചത്. ദുരൂഹ സാഹചര്യത്തില്‍ ജൂണ്‍ 23ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു.
1901 ജൂലൈയില്‍ വിദ്യാഭ്യാസ വിചക്ഷണനായ അശുതോഷ് മുഖര്‍ജിയുടെയും ജോഗോമയ ദേബിയുടെയും മകനായി ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ചു. നിയമത്തിലാണ് ശ്യാമപ്രസാദ് ബിരുദമെടുത്തത്.
1924-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി. കൊല്‍ക്കത്ത യൂണിവേഴ്സിറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ് അച്ഛന്റെ മരണശേഷം ആ ഒഴിവില്‍ യൂണിവേഴ്സിറ്റയിലെ സിന്‍ഡിക്കേറ്റ് മെമ്പറായി. 1926-ല്‍ കൂടുതല്‍ നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി.
ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര യൂണിവേഴ്സിറ്റി മീറ്റില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് ശ്യാമപ്രസാദ് മുഖര്‍ജി ആയിരുന്നു. ഒരു ബാരിസ്റ്ററായി കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ശ്യാമപ്രസാദ് കോണ്‍ഗ്രസ്സിനെ പ്രതിനിധാനം ചെയ്ത് ബംഗാള്‍ നിയമസഭയില്‍ അംഗമായി. 1933-ല്‍ ഭാര്യ സുധാദേബി അന്തരിച്ചു. ഭാര്യയുടെ വിയോഗത്തിന്റെ വേദന മറക്കാന്‍ സജീവമായി സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങി. 1934 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ കൊല്‍ക്കത്ത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി. കൊല്‍ക്കത്ത സര്‍വകലാശാല ശ്യാമപ്രസാദിന് ഡി.ലിറ്റി ബിരുദം നല്കി ആദരിച്ചു.
1933-ല്‍ ഹിന്ദു മഹാസഭയുടെ കൊല്‍ക്കത്ത ഘടകത്തില്‍ ശ്യാമപ്രസാദ് അംഗമായി. പിന്നീട് ബംഗാള്‍ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയി.
ബംഗാള്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച ശ്യാമപ്രസാദ് മുഖര്‍ജി 1944-ല്‍ നാഷണലിസ്റ്റ് എന്ന പേരില്‍ ഇംഗ്ലീഷ് ദിനപത്രം തുടങ്ങി. കലാപത്തിനിരയാവുന്നവരെ സഹായിക്കാന്‍ 1945-ല്‍ ഹിന്ദുസ്ഥാന്‍ ദേശീയ സംഘം തുടങ്ങി. 1947-ല്‍ സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സര്‍ക്കാരില്‍ വ്യവസായ പൊതുവിതരണ മന്ത്രിയായി ചുമതലയേറ്റു. 1951ലാണ് മുഖര്‍ജി ജനസംഘിന് രൂപം നല്‍കുന്നത്.
1952-ല്‍ ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഖര്‍ജി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ ഒരു സഖ്യവും രൂപീകരിച്ചു. 53 അംഗങ്ങളുള്ള ആ സഖ്യത്തിന്റെ നേതാവ് എന്ന നിലയില്‍ ആദ്യത്തെ പ്രതിപക്ഷ നേതാവുമായി.
കശ്മീരില്‍ മുഖര്‍ജിയുടെ പ്രക്ഷോഭത്തിന് ജമ്മു പ്രജാപരിഷത്ത് എന്ന പ്രാദേശിക പാര്‍ട്ടി പിന്തുണ നല്‍കിയിരുന്നു. ആ പാര്‍ട്ടി ജനസംഘത്തില്‍ ലയിക്കുകയും ചെയ്തു. മുഖര്‍ജിയുടെ രക്തസാക്ഷിത്വത്തോടെ പ്രധാനമന്ത്രി, പ്രത്യേക പതാക എന്നിവ എടുത്തുകളയാന്‍ കേന്ദ്രം തയാറായെങ്കിലും മറ്റ് അധികാരങ്ങള്‍ നിലനില്ക്കുകയും ചെയ്തു. 66 വര്‍ഷത്തിനുശേഷം ഇപ്പോള്‍ മുഖര്‍ജിയുടെ സ്വപ്നം പൂവണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: