മുത്തലാഖ് വിരുദ്ധനിയമം പാസ്സാക്കുന്നത് കാണണമെന്ന വാശിയിലായിരുന്നു പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോണ്‍ഗ്രസും മറ്റും. അവരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയത്. കഴിഞ്ഞവര്‍ഷം ലോകസഭ പാസ്സാക്കിയ നിയമമാണ് രാജ്യസഭയുടെ ഊഴംകാത്തിരുന്നത്. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബില്‍ പാസ്സാക്കിയത് മോദിസര്‍ക്കാരിന്റെ ധാര്‍മിക വിജയതന്നെയാണ്. രണ്ടുവര്‍ഷം മുന്‍പ് സുപ്രീംകോടതി മുത്തലാഖ് നിയമം നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മുത്തലാഖ് മൂലം ദുരിതംപേറുന്ന കോടിക്കണക്കിന് മുസ്ലീം വനിതകളുടെ പ്രാര്‍ത്ഥനയാണ് നിയമത്തിലൂടെ ഫലംകണ്ടത്. ബിജെപിയുടെ പ്രകടന പത്രികയിലെ ഒരു വാഗ്ദനം കൂടിയാണ് മുത്തലാഖ് നിര്‍ത്തുമെന്നത്. പ്രകടനപത്രികകള്‍ നടപ്പാക്കാനുള്ളതല്ലെന്ന ആക്ഷേപങ്ങള്‍ ഉയരുമ്പോഴാണ് ബിജെപി വാക്കുപാലിക്കാന്‍ ധൈര്യപൂര്‍വം മുന്നോട്ടുവന്നിരിക്കുന്നത്. ചില ചെറുകക്ഷികള്‍ വിട്ടുനില്‍ക്കുകയും മറ്റുചിലര്‍ ബഹിഷ്കരിക്കുകയും ചെയ്തപ്പോള്‍ 15 വോട്ടിന്റെ ഭൂരിപക്ഷത്തിന് എന്‍ഡിഎ സര്‍ക്കാര്‍ വിജയംകണ്ടു.
ബില്ലിനോടുള്ള കോണ്‍ഗ്രസ് നിലപാട് വിചിത്രവും പരിഹാസ്യവുമാണ്. മതമൗലികവാദികളുടെ ശബ്ദവും വാക്കുകളുമാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദില്നിന്നുണ്ടായത്. മുസ്ലീം സമുദായത്തെ മോശമാക്കാനാണ് നിയമനിര്മാണമെന്നുവരെ ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. അതേസമയം അഞ്ച് കോണ്‍ഗ്രസുകാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. മുസ്ലിം സ്ത്രീകള്‍ക്കെതിരായ കടുത്ത അനീതിയായ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലാണ് മണിക്കൂറുകളുടെ ചര്‍ച്ചയ്ക്ക്ശേഷം അംഗീകരിച്ചത്. എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയുവും എഐഎഡിഎംകെയും എതിര്‍ത്ത് ഇറങ്ങിപ്പോയശേഷവും ബില്ല് പാസാക്കാന്‍ സാധിച്ചത് ശ്രദ്ധേയമായി. മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബില്‍ 2019 എന്ന പേരിലുള്ള ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം 84നെതിരെ 100 വോട്ടുകള്‍ക്ക് സഭ തള്ളി. ബില്ലിന്മേല് പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ ശബ്ദവോട്ടോടെയാണ് സഭ നിരാകരിച്ചത്.
ബിഎസ്പി അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയപ്പോള്‍ ടിആര്‍എസ്, ടിഡിപി, എന്‍സിപി അംഗങ്ങള്‍ വിട്ടുനിന്നു. സമാജ്വാദി പാര്‍ട്ടിയുടെ രണ്ടുപേരും വിട്ടുനിന്നു. കോണ്‍ഗ്രസിനെയും ബിഎസ്പിയെയും നാണക്കേടിലാക്കിയെന്ന് പറയേണ്ടതില്ലല്ലൊ. സുപ്രീംകോടതി ഉത്തരവിന്ശേഷവും 574 കേസുകളാണ് മുത്തലാഖ്് വിഷയത്തില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും ബില്‍ അവതരിപ്പിച്ച മന്ത്രി രവിശങ്കര്‍പ്രസാദ് ചൂണ്ടിക്കാട്ടി. മുത്തലാഖ് ചൊല്ലുന്നയാള്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാകുമെന്നതാണ് നിയമത്തിന്റെ സവിശേഷത. എറെ പുരോഗമനം വിളമ്പുകയും നവോത്ഥാന വനിതാമതില്‍ പിടിക്കുകയുമെല്ലാം ചെയ്ത സിപിഎം അംഗങ്ങളും ബില്ലിനെതിരെ നിന്നതോടെ അവരുടെ ഇരട്ടത്താപ്പാണ് വെളിവാക്കിയത്.
ലോകമുസ്ലീങ്ങള്‍ നവോത്ഥാനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുതുടങ്ങിയപ്പോള്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ആ വഴിയില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു ഇത്രനാളും. ഇസ്ലാമിക രാജ്യങ്ങളടക്കം 20 രാജ്യത്ത് മുത്തലാഖ് അനുവദനീയമല്ല. പുരോഗമനക്കാരെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യയിലെ ചില പ്രതിപക്ഷത്തിന്റെ നിലപാട് തനി പിന്തിരിപ്പനാണെന്ന് പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ വനിതാലീഗ്, ബില്ലിനെതിരെ പരസ്യനിലപാടെടുക്കുമ്പോള് രാജ്യത്താകമാനമുള്ള മുസ്ലീം വനിതകള്‍, മുത്തലാഖ് വിരുദ്ധ നിയമമുണ്ടാക്കിയ മോദി സര്‍ക്കാരിനെ മുക്തകണ്ഠം പ്രശംസിക്കുകയാണെന്ന സത്യം ഇവര്‍ മനസ്സിലാക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: