തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിനോടനുബന്ധിച്ച് പുറത്തുവരുന്ന സംഭവവികാസങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. കേരളത്തില്‍ സര്‍ക്കാറിന് സമാന്തരമായി ഒരു പാര്‍ട്ടിഭരണം നടക്കുന്നു എന്നതിന്റെ കൃത്യമായ തെളിവാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോലി ലഭിക്കുന്നതിനായാലും ഉന്നത വിദ്യാലയങ്ങളില്‍ പ്രവേശനത്തിനായാലും സമാന്തര ഭരണത്തിലെ സാമന്തന്മാര് മുന്നിലുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തിലാക്കിക്കൊടുക്കാനുള്ള സംവിധാനങ്ങള്‍ അതിശക്തമാണ്.
യൂണിവേഴ്സിറ്റി കോളജിലെ ‘ഇടിമുറി’- എന്ന് ആരോപിക്കപ്പെടുന്ന മുറിയിലും ഒന്നാം പ്രതിയുടെ വീട്ടിലും നിന്ന് കിട്ടിയ സര്‍വകലാശാല പരീക്ഷാപേപ്പറുകളും വ്യാജസീലും വെളിച്ചം വീശുന്നത് ഇത്തരം അവിശുദ്ധ നീക്കങ്ങളിലേക്കാണ്. കാലാകാലങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന അനാശാസ്യ സംഭവങ്ങളുടെ തലവെട്ടം മാത്രമേ ഇപ്പോള്‍ കണ്ടിട്ടുള്ളു എന്ന് പറയേണ്ടിവരും. സമൂഹത്തിന് ഉള്‍ക്കിടിലമുണ്ടാക്കുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ടാവാം.
പാവങ്ങളും ബുദ്ധിമാന്മാരുമായ കുട്ടികള്‍ കഷ്ടപ്പെട്ട് പഠിക്കുമ്പോള്‍ മുദ്രാവാക്യം വിളിച്ചും മുഠാളപ്പണി ചെയ്തും തെരുവില്‍ ആഭാസനൃത്തം നടത്തുന്നവരൊക്കെ പിഎസ്സി പരീക്ഷയിലും യോഗ്യതാപരീക്ഷയിലും റാങ്ക് നേടുന്നതിന്റെ പൊരുളെന്താണ്? മിടുക്കരായ വിദ്യാര്‍ത്ഥികള്‍ അവരില്‍ നിന്ന് ഏറെ പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണ്? കാപാലിക രാഷ്ട്രീയത്തില്‍ ഡോക്ടറേറ്റ് ലഭിക്കാന്‍ പാകത്തില്‍ ഇത്തരം കലാലയങ്ങളില്‍ വിപ്ലവസംഘടനയുടെ കുട്ടിക്കൂട്ടം നടത്തുന്ന ‘കൃഷിപ്പണി’- യല്ലേ ഇതിനുകാരണം. നേരത്തെ, ആത്മഹത്യയിലേക്ക് നയിച്ച ഒരു വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാനല്ല, അപമാനിക്കാനും ആക്ഷേപിക്കാനുമാണ് അധികൃതര്‍ ശ്രദ്ധിച്ചതെന്നത് ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. ആ കലാലയത്തില്‍നിന്ന് ആയുധങ്ങള്‍ പിടികൂടിയപ്പോള്‍ കൃഷിപ്പണിക്കുള്ള ഉപകരണങ്ങളാണെന്ന് പറഞ്ഞവരല്ലേ വാസ്തവത്തില്‍ രാക്ഷസീയ പ്രവൃത്തികള്‍ക്ക് കൈത്താങ്ങു നല്‍കിയത്?
ഈ സംഭവഗതികളോടെ ഒരുകാര്യം ഉറപ്പാണ്. കേരളത്തിലെ ഉദ്യോഗസ്ഥരില്‍ ഇങ്ങനെ അനര്‍ഹമായും മറ്റും വന്നവര്‍ ഏറെയാണ്. ഉദ്യോഗസ്ഥയൂണിയനും ജീവനക്കാരുടെ യൂണിയനും ശക്തമാണെന്ന് വാദിച്ചുകൊണ്ട് ആ മേഖലയൊക്കെ കൈപ്പിടിയിലാക്കിയ പാര്‍ട്ടി കുറുക്കുവഴികളിലൂടെ ആയിരക്കണക്കിനു പേരെ ജോലിയില്‍ കയറ്റിയിട്ടുണ്ട്. സുതാര്യമെന്നും സുരക്ഷിതമെന്നും ബഹുഭൂരിപക്ഷം കരുതിയിരുന്ന പിഎസ്സിപോലും രാഷ്ട്രീയ പിണിയാളുകള്ക്കൊപ്പമാണെന്നത് ഞെട്ടിക്കുന്നതല്ലേ? ഇതിനൊരവസാനമില്ലെങ്കില് സകലതും പ്രഹസനമാവും.
മലയാളികളുടെ ഭാഗ്യം കൊണ്ടാവാം രഹസ്യമായ സംഭവ വികാസങ്ങളൊക്കെ പരസ്യമായത്. ഏതുകേസും വഴിതിരിച്ചുവിടാനും തേച്ചുമാച്ചുകളയാനും കെല്‍പ്പുള്ള രാഷ്ട്രീയ സംവിധനം ശക്തമായതിനാല്‍ ഇതിനെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ സംഗതികളുടെ നിജസ്ഥിതി സമൂഹത്തിന് ബോദ്ധ്യപ്പെടാന്‍ കേന്ദ്ര ഏജന്‍സിതന്നെ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ചട്ടുകമായി കേരള പോലീസ് മാറിയതിന്റെ ഒട്ടേറെ ഉദാഹരണങ്ങളാണ് അനുദിനം പുറത്തുവരുന്നത്. ഐപിഎസ് റാങ്കുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ പോലും രാഷ്ട്രീയ നേതൃത്വത്തിന് മുമ്പില്‍ ഓച്ഛാനിച്ചു നില്ക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍ സുതാര്യമായ അന്വേഷണം നടക്കില്ലെന്ന് ഉറപ്പാണ്. പിഎസ്സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഇതഃപര്യന്തമുള്ള നടപടിക്രമങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവന്നെങ്കിലേ അവയുടെ വിശ്വാസ്യത നിലനിര്‍ത്താനാവൂ. അതിന് കേന്ദ്ര ഏജന്‍സിയോ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണ സംവിധാനമോ വേണം. ഇക്കാര്യത്തില്‍ പ്രസ്താവന പോര, പ്രവൃത്തിതന്നെ വേണമെന്ന് ഞങ്ങള്‍ ശക്തിയുക്തം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: