ബൗദ്ധരുടെ വാദങ്ങളെ നിഷേധിക്കുകയാണ് ഇനിയുള്ള സൂത്രങ്ങളിലും.
ബൗദ്ധ സിദ്ധാന്തമനുസരിച്ച് ഒരു കാരണം മറ്റൊന്നിന് കാരണമാകുന്നു എന്ന് അവര്‍ പറയുന്നു. എങ്കിലും ഇവ എങ്ങനെ കൂടിച്ചേര്‍ന്ന് സമുദായമുണ്ടാകുന്നുവെന്നും അതിലൂടെ എങ്ങനെ സൃഷ്ടി സംഭവിക്കുന്നുവെന്നും വിശദീകരിക്കാനാവുന്നില്ല.
സൂത്രം ഇതരേതര പ്രത്യയത്വാദിതി ചേന്ന ഉത്പത്തിമാത്രനിമിത്തത്വാത് അവിദ്യ, സംസ്കാരം, വിജ്ഞാനം എന്നിവയില്‍ ഓരോന്നും മറ്റൊന്നിന് കാരണമാകുന്നതിനാല്‍ സമുദായത്തിന്റെ സിദ്ധിയുണ്ടാകാം എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. കാരണം അവിദ്യാദി തത്വങ്ങള്‍ പിന്നീടുവരുന്ന തത്വങ്ങളുടെ ഉത്പത്തിയ്ക്ക് മാത്രം കാരണമാണ്.
ഇതു കൊണ്ട് സമുദായം ഉണ്ടാകാത്തതിനാല്‍ ഈ വാദത്തെയും അംഗീകരിക്കാനാവില്ല.
ബൗദ്ധ ശാസ്ത്രസിദ്ധാന്തങ്ങളില്‍ വിജ്ഞാനോല്പ്പാദനത്തിന് ചില കാരണങ്ങള്‍ പറയുന്നു. അവ അവിദ്യ മുതല്‍ ദു:ഖം ഉള്‍പ്പടെയുള്ളവയാണ്.
സമുദായങ്ങളെ ഉണ്ടാക്കുന്നവനായോ അവയെയൊക്കെ ശാസിച്ച് നിയന്ത്രിക്കുന്നവനായോ സ്ഥിരമായ ഒന്നില്ലെങ്കിലും അവിദ്യ മുതലായവ ഒരോന്നും മറ്റൊന്നിന് കാരണമാകുമെന്ന് ബൗദ്ധസിദ്ധാന്തം പറയുന്നു. അതിനാല്‍ അവ സംഘാതത്തിന്റെയും സമുദായത്തിന്റെയും ഉത്പത്തിയ്ക്ക് കാരണമാകുമെന്നാണ് ഇവരുടെ പക്ഷം.
അവിദ്യ, സംസ്കാരം, വിജ്ഞാനം, നാമം, രൂപം ,ഷഡായതനം, സ്പര്‍ശം,വേദനം, തൃഷ്ണ, ഉപാദാനം, ഭാവം, ജാതി, ജരാ, മരണം, ശോകം, പരിദേവനം ദു:ഖം എന്നിവ ഓരോന്നും മറ്റൊന്നിന് കാരണമാണ്. ഒരിക്കല്‍ അവിദ്യ തുടങ്ങി വീണ്ടും അവിദ്യയിലെത്തിയുള്ള ഒടുങ്ങാത്ത കറക്കമാണ്.
എന്നാല്‍ ഇത് സംഭവിക്കില്ല. ഇവ ഓരോന്നിന്റെയും ഉല്‍പ്പത്തിക്ക് കാരണമാകും എന്നല്ലാതെ സംഘാതത്തിന്റെയോ സമുദായത്തിയോ ഉല്‍പ്പത്തിയ്ക്ക് കാരണമാകില്ല.
ഒരു ചക്രത്തിന്റെ ഭാഗങ്ങള്‍ ഉരുളുകയോ കറങ്ങുകയോ ചെയ്യുമ്പോള്‍ മാറി മറിഞ്ഞ് വരുന്നതു പോലെയാണ്. ചക്ര രൂപത്തില്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും.
അവ പിന്നെയും പിന്നെയും ഉണ്ടായിക്കൊണ്ടിരിക്കും. ഇതൊരു അവസാനമില്ലാത്ത ചുറ്റലാണ്.
പക്ഷേ അവ ജഗത്തിന് കാരണമാകണമെങ്കില്‍ പരസ്പരം കൂടിച്ചേര്‍ന്ന് സമുദായമാകണം.അങ്ങനെ കൂട്ടിചേര്‍ക്കാനോ നിയന്ത്രിക്കാനോ ഒരു സചേതന തത്വത്തിന്റെ ആവശ്യമുണ്ട്. അല്ലെങ്കില്‍ ജഗത്തിന്റെ ഉല്‍പ്പത്തിയ്ക്ക് കാരണമാകാനാവില്ല. അതിനാല്‍ ആ വാദവും സ്വീകരിക്കാനാവില്ല.
സംഘാതത്തെ അനുഭവിക്കാന്‍ സ്ഥിരനായ ഒരു ഭോക്താവില്ലാത്തതിനാല് ഭോഗം ഭോഗത്തിന് വേണ്ടിയാണെന്ന് പറയേണ്ടി വരും. മോക്ഷവും മോക്ഷേച്ഛുവുമില്ലാത്തതിനാല് ഭോക്താവില്ലാതാകും. സ്ഥിരനായ ഒരു ഭോക്താവിനേയോ മുക്തനേയോ കല്പ്പിക്കുകയാണെങ്കില് എല്ലാം ക്ഷണികമെന്ന ബൗദ്ധവാദത്തിന് കോട്ടം തട്ടും. അതിനാല്‍ ക്ഷണിക വിജ്ഞാനവാദികളുടെ മതവും സ്വീകാര്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: