ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഭരണത്തെ സ്തുതിക്കാന്‍ ബ്രിട്ടീഷുകാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ഈ പാര്‍ട്ടിയുടെ തലപ്പത്ത് മഹാത്മാഗാന്ധി എത്തിയതോടെയാണ് ഇതൊരു ദേശീയപ്രസ്ഥാനമായി മാറിയത്. സ്വാതന്ത്ര്യസമരത്തിന്റെ നായകത്വം വഹിച്ച കോണ്‍ഗ്രസിനെ നയിച്ചവര്‍ ഏറെയോഗ്യരും പ്രഗത്ഭമതികളുമാണ്.
സ്വാതന്ത്ര്യ സമ്പാദനത്തോടെ ഈ പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതായെന്നും ഇതിനെ പിരിച്ചുവിടണമെന്നും ഗാന്ധിജി നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ അധികാരത്തിന്റെ മത്തുപിടിച്ച ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള ചിലനേതാക്കള്‍ ഗാന്ധിജിയുടെ ഉപദേശം അവഗണിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രഭരണം ഏറ്റെടുത്ത് മുന്നോട്ടുപോയി. ഗാന്ധിജി സൃഷ്ടിച്ച ദേശീയതയുടെയും രാഷ്ട്രീയത്തിന്റെയും ബാങ്ക്ബാലന്‍സ് മുതലെടുത്ത് കോണ്‍ഗ്രസ് ദീര്‍ഘകാലം അധികാരം കയ്യാളി.
ഗാന്ധിജിയുടെ കോണ്‍ഗ്രസ് എന്നോ മണ്മറഞ്ഞു. എന്നിട്ടും ഗാന്ധിയുടെ പേര് വില്‍പ്പനച്ചരക്കായി നെഹ്റു കുടുംബം അധികാരവ്യാപാരം നടത്തുകയായിരുന്നു. ചിലരെ ചിലനേരങ്ങളില്‍ കബളിപ്പിച്ചുനിര്ത്താം. എന്നാല്‍ എല്ലാവരേയും എല്ലാകാലത്തും കബളിപ്പിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിലെ സമീപകാലസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഗാന്ധിജിയുമായി പുലകുളി ബന്ധംപോലും ഇല്ലാത്ത കുടുംബം ഗാന്ധിജിയുടെ കുടുംബമെന്ന് ധരിപ്പിച്ച് സമര്‍ത്ഥമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഇന്ദിരയില്‍ തുടങ്ങിയ ആ വ്യാജവ്യാപാരം ഇങ്ങേയറ്റം രാഹുലില്‍ എത്തിനില്‍ക്കുകയാണ്. പേരിനൊപ്പം ഗാന്ധിയെ കൂട്ടിക്കെട്ടിയുള്ള കപടനാടകം രാഹുലിലെത്തിയപ്പോള് ജനംതിരിച്ചറിഞ്ഞു.
അതുകൊണ്ടാണ് ഗാന്ധിജിയുടെ പേരുപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പുകളിലെല്ലാം നേട്ടംകൊയ്ത കോണ്‍ഗ്രസ്, രാഹുല്‍ നായകനായപ്പോള്‍ തകര്‍ന്നടിഞ്ഞത്. ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സകലമാന അവിഹിത കൂട്ടുകെട്ടുണ്ടാക്കിയിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള അര്‍ഹതപോലും ഇല്ലാതായി. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സാധാരണമാണ്, ബിജെപിക്ക് 1984ലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വി ഭയാനകമായിരുന്നു.
രണ്ടുസീറ്റില്‍ മാത്രമാണ് ജയിക്കാനായത്. അടല്‍ ബിഹാരി വാജ്പേയി പോലും തോറ്റു. പാര്‍ട്ടിയില്‍ ഒരുപൊട്ടിത്തെറിയും ഉണ്ടായില്ല. ഒരിടത്തും കൂട്ടരാജിയോ കൂട്ടക്കരച്ചിലോ ഉണ്ടായില്ല. ആശയത്തില്‍ ഉറച്ചുനിന്ന് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച പാര്‍ട്ടി ഇന്ന് ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷിയാണ്. ഇന്ത്യയുടെ ഭരണം നയിക്കുന്ന കക്ഷിയാണ്.
കോണ്‍ഗ്രസിന് ഇന്ന് 52 അംഗങ്ങളുണ്ട്. അത് ചെറിയ കാര്യമല്ലെന്ന് ഒരുപക്ഷെ സാധാരണ പ്രവര്‍ത്തകര്‍ ആശ്വസിച്ചേക്കും. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിരിക്കുന്ന രാഹുലിന് അത് സഹിക്കാന്‍പോലും കഴിയുന്നില്ല. അധ്യക്ഷസ്ഥാനത്തിരിക്കാന്‍ ഇനി ഞാനില്ലെന്ന നിലപാടിലാണ് രാഹുല്‍. അല്ലെങ്കിലും ഒരു ഗൗരവമുള്ള രാഷ്ട്രീയക്കാരനാണെന്ന് തെളിയിക്കാന്‍ രാഹുലിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ ഉടനീളം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ നുണപ്രചാരണം നടത്തുകമാത്രമായിരുന്നു പരിപാടി. നരേന്ദ്രമോദി കള്ളനെന്ന ആരോപണം എല്ലായിടത്തും വിളമ്പി.
എല്‍പി സ്കൂളിലെ വികൃതിയായ കുട്ടിയെപ്പോലെയായിരുന്നു പെരുമാറ്റം. ജനങ്ങള്‍ക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയാത്ത വൈകൃതങ്ങള്‍ പ്രകടിപ്പിച്ച രാഹുല്‍, രാജിസന്നദ്ധതയില്നിന്ന് പിന്‍വാങ്ങണമെന്ന കോണ്‍ഗ്രസുകാരുടെ ആവശ്യം ആവര്‍ത്തിച്ച് നിരാകരിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ രാജിക്കത്ത് പുറത്തുവിട്ട് വിദേശത്തേക്ക് പോകാനാണ് രാഹുലിന്റെ തീരുമാനം.
മെയ് 25ന് ചേര്‍ന്ന വര്‍ക്കിംഗ് കമ്മറ്റിയിലാണ് അധ്യക്ഷസ്ഥാനം മതിയായെന്ന് രാഹുല്‍ അറിയിച്ചത്. രാഷ്ട്രീയം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. കുട്ടിത്തം മാത്രം കൈമുതലായുള്ള തനിക്ക്, ഈ പണി പറ്റിയതല്ലെന്ന് രാഹുല്‍ തെളിയിച്ചു. അണികളോടും ജനങ്ങളോടും വഞ്ചനകാട്ടി ഒളിച്ചോടുന്നതിന് മുന്‍പ് പ്രധാനമന്ത്രിയേയും രാജ്യത്തേയും അവഹേളിക്കാന്‍ ശ്രമിച്ചതിന് നിരുപാധികം മാപ്പുപറയുകയാണ് രാഹുല്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: