കുവൈറ്റ് സിറ്റി : സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്ത കുവൈറ്റ് മലയാളി റെജി ഭാസ്ക്കറുടെ കോഴിക്കോട്ടെ സംരംഭം, തുറന്നുപ്രവര്‍ത്തിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കുവൈറ്റില്‍ 25 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന റജി ഭാസ്കറിന്റെ സ്വപ്നപദ്ധതിയായാണ്, കോഴിക്കോട് വേങ്ങരി തണ്ണീര്‍ പന്തലില്‍ സര്‍വ്വീസ് സ്റ്റേഷന് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ, സ്ഥലത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പദ്ധതി പ്രദേശത്ത് കൊടികുത്തുകയും രാത്രിയില്‍ സംഘം ചേര്‍ന്നെത്തി സര്‍വീസ് സ്റ്റേഷന് തല്ലിതകര്‍ക്കുകയും ചെയ്തു.
സിപിഎം വാര്‍ത്താചാനല്‍ കൈരളിയുടെ കുവൈറ്റ് റിപ്പോര്‍ട്ടര്‍കൂടിയായ റെജിയുടെ ഈ സംരംഭം, തുറന്നുപ്രവര്ത്തിപ്പിക്കുന്നതിനാണ് കുവൈറ്റില്‍ രാഷ്ട്രീയത്തിന് അതീതമായ ജനകീയ കൂട്ടായ്മ സംഘടിച്ചത്. കോര്‍പ്പറേഷന്റെയും ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്ഡിന്യും അനുമതി ലഭിച്ചിട്ടുണ്ടെന്നും വാട്ടര്‍ റീ സൈക്ലിംഗ് സംവിധാനമുള്‍പ്പെടെയുള്ള ഈ സംരംഭത്തിനെതിരെയുള്ള തടസ്സവാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് റെജി ഭാസ്കക്കര്‍ ജനകീയ കൂട്ടായ്മയില്‍ പറഞ്ഞു.
പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയിലെ കുവൈറ്റിലെ അംഗങ്ങളെ, യോഗം അറിയിച്ചിരുന്നെങ്കിലും ഒ.എന്‍.സി.പി. പ്രസിഡന്റുമായ ബാബു ഫ്രാന്‍സീസും സഭയില്‍ നിന്ന് രാജിവെച്ച വര്‍ഗ്ഗീസ്സ് പുതുക്കുളങ്ങരയുമാണ് യോഗത്തില്‍ പങ്കെടുത്തത്. കുവൈറ്റിലെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം അജിത്കുമാര്‍ പങ്കെടുക്കാതിരുന്നതും പ്രവാസിമലയാളികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി.
വിക്ടര്‍ ജോസഫ് മോഡറേറ്റര്‍ ആയ ജനകീയ കൂട്ടായ്മയില്‍ ബിജു തിക്കോടി, സണ്ണി മണര്‍കാട് തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. പദ്ധതിപ്രദേശത്തെ സര്‍വീസ് സ്റ്റേഷന് നിര്‍മാണം പുനരാരംഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പതിനഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: