ഇടുക്കി: ഡ്രൈവര്‍മാരുടെ കുറവ് പരിഹരിക്കാന്‍ റാങ്ക് ലിസ്റ്റിലുള്ളവരെ എം പാനല്‍ ജീവനക്കാരായി നിയോഗിച്ച് കെഎസ്ആര്‍ടിസിയുടെ കള്ളക്കളി. സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്കി താല്പര്യക്കാരെ തിരുകി കയറ്റാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ശ്രമിക്കുന്നത്.
ഈ മാസം 30നകം റാങ്ക് ലിസ്റ്റിലുള്ള 1500 പേരെ നിയമിക്കണമെന്നാണ് കോടതി ഉത്തരവ്. ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോയെങ്കിലും ദിവസം നീട്ടി നല്‍കുക മാത്രമാണ് സുപ്രീംകോടതി ചെയ്തത്.
ഇത്തരത്തില്‍ ഡ്രൈവര്‍മാരെ നിയമിച്ചാല്‍ അധിക ശമ്പളവും ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇടുക്കി ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഇത്തരത്തില്‍ നിയമനം നല്കി കഴിഞ്ഞു. ഇടത് അനുഭാവം പുലര്‍ത്തുന്നവരെയാണ് തെരഞ്ഞുപിടിച്ച് അധികമായി നിയമിച്ചത്. റാങ്ക് ലിസ്റ്റിലുള്ളവരെ എടുക്കാനായി വ്യാഴാഴ്ച കട്ടപ്പന ഡിപ്പോയില്‍ അപേക്ഷ സ്വീകരിച്ചതാണ് അവസാന സംഭവം. ഇത്തരത്തില്‍ അപേക്ഷ നല്കുന്നവരില് നിന്ന് ഇടത് രാഷ്ട്രീയ താല്പര്യക്കാരെയാണ് കൂടുതലായി നിയമിക്കുന്നതെന്നതാണ് പ്രത്യേകത. ഇതില്‍ അവസാന റാങ്കിലുള്ളവരും ഉള്‍പ്പെടും.
റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ എം പാനലായി ജോലി ചെയ്യുന്നുണ്ടെന്ന് കോടതിയില്‍ കെഎസ്ആര്‍ടിസിക്ക് അറിയിക്കാനും ഇതുവഴി ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയം നേടിയെടുക്കാനുമാകും. 2013ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍പ്പെട്ടവരാണ് കാലാവധി കഴിഞ്ഞിട്ടും നിയമനം നല്‍കാതെ വന്നതോടെ ഇന്നും കോടതി കയറിയിറങ്ങുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിച്ചവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: