ഭാഷയും ശൈലിയും മെച്ചപ്പെടുത്തണമെന്ന് പല രാഷ്ട്രീയ നേതാക്കള്‍ക്കും തോന്നിതുടങ്ങിയിരിക്കുന്നു. മലയാളത്തിന്റെ നല്ലകാലം! തങ്ങളുദ്ദേശിക്കുന്നപോലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തതില്‍ പല നേതാക്കള്‍ക്കും ആശങ്കയും സങ്കടവുമുണ്ട്. ഈ സാഹചര്യത്തിലാണ്, ഭാഷയുടെയും ശൈലിയുടെയും പരിഷ്കരണത്തിന് അവരില്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഒരു നേതാവ് സ്വന്തം പാര്‍ട്ടിയുടെ നേതാക്കളോടും അണികളോടും അഭ്യര്‍ത്ഥിക്കുന്നു:
‘ശൈലിയും ഭാഷയും പുനഃപരിശോധിക്കണം. പറയുന്നത് തെറ്റില്ലാത്ത കാര്യമായാല്‍പ്പോലും അവതരിപ്പിക്കുന്ന ശൈലിയും ഭാഷയും ഏറെ പ്രധാനമാണ്’.
എന്തായാലും, തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ചില രാഷ്ട്രീയ നേതാക്കളുടെ ഭാഷയും ശൈലിയും ജനങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഭാഷയില്ല, സാഹിത്യമില്ല. അത്യന്താധുനികത കൊടികുത്തിവാഴുന്ന കാലത്തുപോലും ജനങ്ങള്‍ ഇത്രയും വിഷമിച്ചിട്ടില്ല.
ഒരു നേതാവ് തെരഞ്ഞെടുപ്പുഫലം വിലയിരുത്തിക്കൊണ്ടെഴുതിയ ലേഖനത്തിലെ ചില വാക്യങ്ങള്‍ നോക്കൂ:
‘അധികാരപങ്കാളിത്തം മാത്രമല്ല രാഷ്ട്രീയം. അധികാരത്തിന്റെ ദുഷിപ്പുകളെ, അധികാരപ്രമത്തതയുടെമാനവിക വിരോധങ്ങളെ, അധികാരത്തില്‍ മതവും അനാചാരവും ലിംഗാധിപത്യവും കോര്‍പ്പറേറ്റ് മൂലധനവും സമാസമം ചേര്‍ത്ത് വലതുപക്ഷം നിര്‍മ്മിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും റെസിപ്പികളെ മുഖാമുഖം നിന്ന് നേരിടാന്‍കൂടിയാണ് രാഷ്ട്രീയം’.
ശൈലിയും ഭാഷയും പുനഃപരിശോധിക്കണമെന്ന് നേതാവ് പറഞ്ഞതിന്റെ കാരണം വ്യക്തമായിക്കാണുമല്ലോ!
മുഖപ്രസംഗത്തില്‍നിന്ന്:
‘ഇതെല്ലാം പരിഗണിച്ച് തൊഴിലില്ലായ്മ പരിഹരിക്കാനും സാമ്പത്തിക വളര്‍ച്ച കൂടാനും ശാസ്ത്രീയമായ പരിഹാരം തേടുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യേണ്ടത്’.
അര്ത്ഥശങ്കയുണ്ടാക്കുന്ന, വികലമായ വാക്യം. ‘തൊഴിലില്ലായ്മ പരിഹരിക്കാന്‍, സാമ്പത്തികവളര്‍ച്ച കൂട്ടാന്‍’ എന്നിവയോട് ‘പരിഹാരം തേടുകയാണ്’ എന്ന പ്രയോഗം ചേരില്ല. ‘പരിഹാരത്തിന്റെ ആവര്‍ത്തനം വിരസതയുണ്ടാക്കുന്നു.
‘ഇവയെല്ലാം പരിഗണിച്ച്, തൊഴിലില്ലായ്മ പരിഹരിക്കാനും സാമ്പത്തിക വളര്‍ച്ച കൂട്ടാനും ശാസ്ത്രീയമായ വഴി തേടുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യേണ്ടത്’. (ശരി)
‘ഇവയെല്ലാം പരിഗണിച്ച്, തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക വളര്‍ച്ചക്കുറവിനും ശാസ്ത്രീയമായ പരിഹാരം തേടുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യേണ്ടത്’. (ശരി)
‘ഇവയെല്ലാം പരിഗണിച്ച്, തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക വളര്‍ച്ചാക്കുറവിനും നരേന്ദ്രമോദി സര്‍ക്കാര്‍ ശാസ്ത്രീയമായ പരിഹാരം തേടണം’. (ശരി)
‘രാപ്പകല്‍ ജാഗ്രതയായ പ്രവര്‍ത്തനമാണ് വേണ്ടത്’.
രാപ്പകല്‍ – തെറ്റ്
രാപകല്‍ – ശരി
‘മോദി വീണ്ടും ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരുമ്പോള്‍’. വീണ്ടും, ഒരിക്കല്‍ക്കൂടി- ഇവയിലൊന്നുമതി.
‘മോദി വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ (ശരി)
‘മോദി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരുമ്പോള്‍ (ശരി)
‘പരന്ന വായനയല്ല, ആഴത്തിലുള്ള വായനയാവണം മനസ്സിനെ രൂപപ്പെടുത്തുന്നത്’. (ശരി)
‘പരന്ന വായനയിലൂടെയല്ല, ആഴത്തിലുള്ള വായനയിലൂടെയാണ് മനസ്സിനെ രൂപപ്പെടുത്തേണ്ടത്’. (ശരി)
‘ഇടതുപക്ഷത്തിന്റെ ചില നയങ്ങളെങ്കിലും വലതുപക്ഷവും വലതുപക്ഷത്തിന്റെ ചില നയങ്ങളെങ്കിലും ഇടതുപക്ഷവും സ്വീകരിച്ചിട്ടുണ്ട്, എന്തുകാരണം കൊണ്ടായാലും’.
‘കാരണം’, ‘കൊണ്ട്’ ഇവയില്‍ ഒന്നുമതി.
…എന്തുകൊണ്ടായാലും (ശരി)
…കാരണം എന്തായാലും (ശരി).
പിന് കുറിപ്പ്:
വിജയിക്കേണ്ടത് നിലപാടുകളാണെന്ന് സിപിഎം നേതാവ്.
പാവം ജനം വിജയിപ്പിച്ചത് സ്ഥാനാര്‍ത്ഥികളെയാണ്! ശൈലിയുടെയും പ്രശ്നമാവാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: