കൊച്ചി: ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പെടുമ്പോള്‍ ഓടിച്ചത് അര്ജുന് ആയിരുന്നെന്നും ജ്യൂസ് കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ പ്രകാശന് തമ്പി. കാക്കനാട് ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആശുപത്രിയില്‍ വച്ച് കാണുമ്പോള്‍ താനാണ് വണ്ടിയോടിച്ചതെന്നാണ് അര്ജുന് പറഞ്ഞത്. പിന്നീട് മൊഴി മാറ്റി. അത് എന്തിനാണെന്ന് അറിയില്ല. ഇക്കാര്യം ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കിയില്ല. എന്നാല്‍, മൊഴി മാറ്റിയ ശേഷം അര്‍ജുനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയല്ല. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. മൂന്ന് മാസമായി അര്‍ജുനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അതോടെ അര്‍ജുനെ കുറിച്ച് സംശയം തോന്നി. ആരാണന്ന് വണ്ടി ഓടിച്ചതെന്ന് അറിയാന്‍ കൊല്ലത്തെ ജ്യൂസ് കടയില്‍ പോയി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍, ആരാണ് വണ്ടിയോടിച്ചതെന്ന് അറിയാനായില്ലെന്നും ദൃശ്യങ്ങള്‍ താന്‍ കോപ്പി ചെയ്തില്ലെന്നുമാണ് തമ്പി ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴിയില്‍ ഉള്ളത്.
ബാലഭാസ്കറിനൊപ്പം രണ്ട് തവണ പരിപാടിക്കായി ദുബായില്‍ പോയിരുന്നു. പ്രോഗ്രാം കഴിയുമ്പോള്‍ തനിക്കുള്ള പ്രതിഫലം ബാലഭാസ്കര്‍ തന്നെയാണ് തന്നിരുന്നത്. ഇതല്ലാതെ ബാലഭാസ്കറുമായി തനിക്ക് സാമ്പത്തിക ഇടപാടുകളുമില്ല. ബാലഭാസ്കറിന്റെ ക്രെഡിറ്റ് കാര്‍ഡുകളെല്ലാം ഭാര്യ ലക്ഷ്മിക്ക് തിരികെ നല്കി. ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടില്ല. സ്വര്‍ണക്കടത്തുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. അഞ്ച് മണിക്കൂറോളം സമയമെടുത്താണ് ക്രൈം ബ്രാഞ്ച് പ്രകാശന് തമ്പിയെ ചോദ്യം ചെയ്തത്. താന്‍ ദൃശ്യങ്ങള്‍ നല്കിയതു ക്രൈം ബ്രാഞ്ചിനാണെന്നും മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ് ഇന്നലെ കടയുടമ ഷംനാദ് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: