തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമല വിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ജില്ലാ കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ തോല്‍വിക്ക് കാരണം ശബരിമല .
പതിനാല് ജില്ലാകമ്മിറ്റികളും സംസ്ഥാന സമിതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ തോല്‍വിയുടെ കാരണങ്ങളില്‍ അക്കമിട്ട് നിരത്തുന്നത് ശബരിമലയിലെ യുവതീപ്രവേശനം. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത സമയത്തെ സംബന്ധിച്ച് നേതാക്കള്‍ക്ക് വീണ്ടുവിചാരം ഇല്ലായിരുന്നു. യുവതികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ അറിവോടെയെന്ന അഭിപ്രായം ജനങ്ങളുടെ ഇടയില്‍ ശക്തമാണ്. ഇതേത്തുടര്‍ന്ന് ഹിന്ദു വോട്ടുകള്‍ ചോര്‍ന്നു. പാര്‍ട്ടികുടുംബങ്ങളുടെ വീടുകളിലും ശബരിമല വിഷയമായി. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമം നടത്തിയെങ്കിലും വീടുകളില്‍ നിന്നും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നതോടെ പിന്‍വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി നടത്താറുള്ള ബൂത്ത് തല വോട്ടര്‍പട്ടിക പരിശോധനപോലും ശബരിമല വിഷയത്തെതുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല. എറണാകുളത്ത് നടത്തിയ ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ സംബന്ധിച്ച് പാര്‍ട്ടി തെറ്റിദ്ധരിക്കപ്പെട്ടെന്ന് ചില ജില്ലാകമ്മിറ്റികള്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്തുള്ള ജില്ലാകമ്മറ്റി നല്കിയ റിപ്പോര്‍ട്ടില്‍ ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
എന്‍എസ്എസ് ഇല്ലാതെ നവോത്ഥാനം പുര്ണ്ണമാകില്ലെന്ന് കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നിന്ന് നല്കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പലപ്പോഴായി നിലപാടുകള്‍ മാറ്റുന്ന ആളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പാര്‍ട്ടി അമിതമായി വിശ്വസിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പറയുന്നു.
ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പ് പരാജയം വിശദമായി ചര്‍ച്ചചെയ്ത് അന്തിമ നിഗമനത്തില്‍ എത്തുമെന്നാണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബൂത്ത് കമ്മിറ്റികള്‍ സജീവമല്ല. മുന്‍ കാലങ്ങളിലേതു പോലെ ഏരിയാ കമ്മറ്റികളുടെ ആജ്ഞ ബൂത്ത്കമ്മിറ്റികള്‍ അനുസരിക്കാറുമില്ല. അതിനാല്‍ ഏരിയാ കമ്മിറ്റികളില്‍ സംസ്ഥാനസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: