കോട്ടയം: കെവിനെ പുഴയില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ കോടതിയില്‍ മൊഴി നല്കി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയുമാണ് മൊഴി.
അരയ്ക്കൊപ്പം വെള്ളത്തില്‍ ബോധത്തോടെ ഒരാള്‍ വീണാല്‍ ഇത്രയും വെള്ളം ശ്വാസകോശത്തില്‍ കയറില്ല. മരണകാരണം അപകടമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയില്ല. ബലപ്രയോഗത്തിലൂടെ മുക്കിക്കൊന്നതാകാനാണ് സാധ്യതയെന്ന് പരിശോധനയില്‍ വ്യക്തമായെന്നും ഫോറന്‍സിക് വിദഗ്ധരുടെ മൊഴിയില്‍ പറയുന്നു. ഫോറന്‍സിക് വിഭാഗത്തിന്റെ മൊഴി കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.
കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍, ഇവര്‍ രക്ഷപ്പെട്ടിരുന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചെന്ന്അറിയില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ വി.എന്‍. രാജീവ്, സന്തോഷ്, മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷ ശശികല എന്നിവരാണ് ഇന്നലെ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്.
കഴിഞ്ഞ മെയ് 27ന് ആണ് കെവിനെ കൊലപ്പെടുത്തിയത്. മെയ് 28ന് പുലര്‍ച്ചെ തെന്മലയില്നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. കേസിന്റെ വിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: