വിവിധ രാഷ്ട്രത്തലന്മാര്‍, ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, എംപിമാര്‍, ഗവര്‍ണര്‍മാര്‍, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം ആറായിരത്തോളം പേര് പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. ക്ഷണം ലഭിച്ചിട്ടും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തില്ല.
ബംഗാളില്‍ തൃണമൂലുകാര്‍ കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് അറിഞ്ഞതോടെയാണ്, വരുമെന്ന് പറഞ്ഞിരുന്ന മമത നിലപാട് മാറ്റിയത്. മമതയുടെ ഈ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കടക്കം ചില മുഖ്യമന്ത്രിമാര്‍ പല കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.
പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെടുന്ന ഇവരുടെയൊന്നും മര്യാദ പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന് കാണിച്ചില്ല. ക്ഷണം ലഭിച്ചതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും പിന്നീട് വേണ്ടെന്നുവയ്ക്കുകയായിരുന്നു. എന്തുകൊണ്ടാണിതെന്ന് വ്യക്തമാക്കാനുള്ള രാഷ്ട്രീയ മര്യാദ പിണറായി കാണിച്ചില്ല. നസ്റേത്തില്നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ല എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കാം. എന്നാല്‍ ഈ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി ഇന്ന് കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. രാജ്യത്തിന്റെ ഭരണത്തലവനായ പ്രധാനമന്ത്രി അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചത് പിണറായി വിജയന് എന്ന വ്യക്തിയേയോ രാഷ്ട്രീയ നേതാവിനേയോ അല്ല. മുഖ്യമന്ത്രിയുടെ പദവി വഹിക്കുന്നയാളെയാണ്. പ്രത്യേകിച്ച് കാരണമൊന്നും പറയാതെ വിട്ടുനിന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അന്തസ്സില്ലായ്മയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന് വ്യക്തിപരമായി ആരെങ്കിലും ഉത്തരവാദിയാണെങ്കില്‍ അത് പിണറായി വിജയനാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെന്നതു പോയിട്ട് ജനപ്രതിനിധിയായ ഏതൊരാള്‍ക്കും ചേരാത്ത ശാഠ്യവും ധാര്‍ഷ്ട്യവുമാണ് പിണറായി കാണിച്ചത്. മുഖ്യമന്ത്രിയായി അധികാരമേറ്റ നാള് മുതല്‍ അഹങ്കാര ഗോപുരംപോലെ പെരുമാറുന്നത് ശബരിമലയുടെ കാര്യത്തിലുമുണ്ടായി എന്നേയുള്ളൂ. ഒരു വൃക്ഷത്തൈ നടുന്ന കാര്യമായാല്‍ പോലും പിണറായി പറഞ്ഞുവരുമ്പോള്‍ അത് ഭീഷണിയില്‍ കലാശിക്കും. ശൈലി മാറ്റണമെന്ന് സ്വന്തം പാര്‍ട്ടിയിലെ സമാദരണീയരായ നേതാക്കള്‍പോലും അഭിപ്രായപ്പെട്ടിട്ടും പിണറായി കൂട്ടാക്കുന്നില്ല.
പ്രതിപക്ഷ ബഹുമാനമെന്നത് ജനാധിപത്യത്തിന്റെ കാതലാണ്. കമ്യൂണിസ്റ്റുകളുടെ രക്തത്തില്‍ ഇല്ലാത്തതും അതാണ്. പ്രതിപക്ഷ നേതാവ് എന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്തതാണല്ലോ. പാര്‍ലമെന്ററി ജനാധിപത്യം വെറും അടവുനയമായി സ്വീകരിക്കുന്ന ഇക്കൂട്ടര്‍ ഉള്ളില്‍ പേറുന്നത് ഏകാധിപത്യവും അസഹിഷ്ണുതയുമാണ്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തോട് തികഞ്ഞ അനുഭാവം പുലര്‍ത്തിയിട്ടും ശത്രുതയോടെയാണ് പിണറായി സര്‍ക്കാര്‍ പെരുമാറിയത്. ഇതിന്റെ തുടര്‍ച്ചയാണ് ചരിത്രപരമായ ഭൂരിപക്ഷത്തോടെ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേല്‍ക്കുന്ന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിട്ടുനിന്നത്. കേരളത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായ ഈ നടപടിയെ ജനാധിപത്യ വിശ്വാസികള്‍ അപലപിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: