”ബംഗാളില്‍ മമതയും തൃണമൂലും ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്യുകയാണ്. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് പോലും നടക്കുന്നില്ല”. രോഷത്തോടെ ഭാരതി ഘോഷ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലത്തിലെ ബൂത്ത് തിരിച്ചുള്ള കണക്കുകള്‍ അവര്‍ ഉയര്‍ത്തിക്കാട്ടി. നിരവധി ബൂത്തുകളില്‍ എട്ടും ഒന്‍പതും വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്ക് ഇവിടെല്ലാം 988 വോട്ടുകളും. ”ബൂത്തുപിടുത്തമാണ് നടന്നത്. ബിജെപിക്കാരെ അടിച്ചോടിച്ചു. എനിക്കും ആക്രമം നേരിടേണ്ടി വന്നു. മാധ്യമ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും നടപടിയില്ല”.
നിയമനടപടികള്‍ക്കായി ദല്‍ഹിയിലെത്തിയ ഭാരതി ഘോഷിനെ ബംഗാളിന്റെ പാര്‍ട്ടിചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്ഗിയയുടെ വസതിയില്‍വച്ചാണ് കണ്ടുമുട്ടിയത്. സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ 30 സീറ്റെങ്കിലും ബിജെപി നേടുമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മമതയുടെ വിശ്വസ്തയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു ഭാരതി ഘോഷ്. തൃണമൂലിന്റെ നിയമവിരുദ്ധ നടപടികള്‍ എതിര്‍ത്തതോടെ മമത വേട്ടയാടല്‍ ആരംഭിച്ചു. നിരന്തരമായ സ്ഥലം മാറ്റങ്ങള്‍ക്ക് പിന്നാലെ നിരവധി കേസുകളും ചുമത്തി. ഒടുവില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഗത്യന്തരമില്ലാതെ ഐപിഎസ് ഉപേക്ഷിച്ച് അവര്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് സീറ്റില്‍ നിന്നും 18 സീറ്റ് പിടിച്ച ബംഗാളിലെ ബിജെപിയുടെ സ്വപ്നതുല്യമായ മുന്നേറ്റം ഭാരതി ഘോഷിനെപ്പോലെ മമതയുടെ ഫാസിസ്റ്റ് ഭരണത്തില്‍ ഇരകളായിത്തീര്‍ന്നവരുടെ പ്രാര്‍ത്ഥനയുടെകൂടി ഫലമാണ്.
പൊരുതി നേടിയ വിജയം
2014ലെ തെരഞ്ഞെടുപ്പില്‍ 16.80 ശതമാനം വോട്ട് ലഭിച്ചതോടെയാണ് ബിജെപി ബംഗാളിനെ ലക്ഷ്യമിട്ടത്. സംഘടന ശക്തിപ്പെടുത്താനായിരുന്നു കേന്ദ്രനേതൃത്വം സംസ്ഥാനത്തിന് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ തൃണമൂല്‍ ക്രിമിനല്‍ സംഘങ്ങളുടെ സമാന്തരഭരണം നടക്കുന്ന ബംഗാളില്‍ അതത്ര എളുപ്പമായിരുന്നില്ല. ബിജെപിയാണെന്ന് പറയാന്‍ തന്നെ ആളുകള്‍ ഭയപ്പെട്ടിരുന്നു. ഓഫീസുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നതിനാല്‍ നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. രാത്രിയില്‍ രഹസ്യമായി യോഗങ്ങള്‍ ചേര്‍ന്ന് വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ വിവരങ്ങള്‍ കൈമാറി. പൊതുപരിപാടികളും റാലികളും ഒഴിവാക്കി ഏറെക്കാലം അദൃശ്യമായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം.
മൂന്നരപ്പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തെ പരിവര്‍ത്തന്‍ മന്ത്രവുമായെത്തിയാണ് 2011ല്‍ മമത കടപുഴക്കിയത്. എന്നാല്‍ എന്താണോ സിപിഎം ബംഗാളിലെ ജനതയോട് ചെയ്തിരുന്നത് അതിന്റെ മറ്റൊരു പതിപ്പായി മമത മാറി. അക്രമത്തിലൂടെ സമൂഹത്തില്‍ ഭയം പടര്‍ത്തി അധികാരം നിലനിര്‍ത്തുകയെന്ന കമ്യൂണിസ്റ്റ് തന്ത്രം ദീദിയും പിന്തുടര്ന്നു. മുന്‍പ് സിപിഎമ്മിന്റെ ഗുണ്ടാ സംഘങ്ങളായിരുന്നവര് അധികാരം നഷ്ടപ്പെട്ടതോടെ ഒരൊറ്റ രാത്രിയില്‍ തൃണമൂലായി മാറി. അവര്‍ തന്നെയാണ് സിപിഎമ്മിന് നേര്‍ക്കുള്‍പ്പെടെ അക്രമങ്ങള്‍ നടത്തി വരുന്നത്.
മധ്യപ്രദേശിലെ കരുത്തനായ കൈലാഷ് വിജയവര്ഗ്ഗിയയെ 2015 ജൂലൈയില്‍ പ്രഭാരിയായി നിയമിച്ചതോടെ ബിജെപി തൃണമൂലിനെ നേര്‍ക്കുനേര്‍ എതിരിടാന്‍ ആരംഭിച്ചു. എല്ലാ ജില്ലകളിലും പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിക്കുകയും ബൂത്ത് തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുകയുമായിരുന്നു ആദ്യലക്ഷ്യം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10.16ലേക്ക് വോട്ട് ശതമാനം കുറഞ്ഞെങ്കിലും നിരാശരാകാതെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. സംസ്ഥാനത്ത് ശക്തമായ നേതൃത്വമില്ലാത്തത് പിന്നോട്ടടിപ്പിച്ചെങ്കിലും മമതയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് പാര്‍ട്ടിയിലെത്തിയതോടെ ഇത് ഏറെക്കുറെ പരിഹരിക്കപ്പെട്ടു. ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്നാണ് 2017 നവംബറില്‍ മുകുള്‍ റോയിക്ക് ബിജെപി അംഗത്വം നല്‍കിയത്. ഇതിന് പിന്നാലെ തൃണമൂലില്‍നിന്നുള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയിലേക്ക് ഒഴുകി. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ക്കിടയിലും 18 ശതമാനം വോട്ടോടെ വന്‍ മുന്നേറ്റം നേടിയത് ഭാവി വ്യക്തമാക്കുന്നതായിരുന്നു. 452 മണ്ഡലം കമ്മറ്റികള്‍ ഉണ്ടായിരുന്നത് 2019ല്‍ 1280 ആയി ഉയര്‍ന്നു.
ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ മോദിയും അമിത് ഷായും ബംഗാളിന് പ്രത്യേക പരിഗണന നല്കി. റാലികള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടിട്ടും പതറാതെ ദേശീയ നേതാക്കള്‍ ആവേശത്തോടെ ബംഗാളിലേക്ക് പറന്നെത്തി. മോദിയും ദീദിയും തമ്മിലുള്ള പോരാട്ടമായി ലോക്സഭാ തെരഞ്ഞെടുപ്പ് മാറി. കല്‍ക്കത്തയില്‍ അമിത്ഷായുടെ റാലിക്കിടെയുണ്ടായ സംഘര്ഷമൊഴികെ ബിജെപി പ്രചാരണത്തില്‍ ഏറെ മുന്നിലായിരുന്നു. സാമൂഹ്യപരിഷ്കര്‍ത്താവ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ന്നത് വൈകാരികമായി ഉപയോഗിക്കാന്‍ തൃണമൂലിന് സാധിച്ചു. ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഒന്‍പതിടത്തും ബിജെപി പരാജയപ്പെട്ടു. എങ്കിലും തൃണമൂലിന്റെ അക്രമങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയെന്ന പേര് ബിജെപിക്ക് നേടിയെടുക്കാനായി.
ഇല്ലാതായി ഇടത്
ചുവപ്പ് കാവിയാകുന്ന കാഴ്ചയാണ് ബംഗാളില്‍. മമതയെ നേരിടാന്‍ സാധിക്കുന്ന പാര്‍ട്ടിയായി ബിജെപിയെയാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകരും കാണുന്നത്. തൃണമൂല്‍വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പലയിടത്തും സിപിഎം പ്രവര്‍ത്തനം മരവിപ്പിച്ചു. പരസ്യമായി ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയ മണ്ഡലങ്ങളുമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് വര്‍ഷങ്ങള്‍ക്ക്ശേഷം നന്ദിഗ്രാമില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനെ മമത അനുവദിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ തിരിച്ചുവരവായാണ് ഇതിനെ മലയാളമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
2016ല്‍ 32 ശതമാനം വോട്ടുണ്ടായിരുന്ന ഇടത് പാര്‍ട്ടികള്‍ക്ക് ഇത്തവണ ലഭിച്ചത് 7.46 ശതമാനം മാത്രം. ബിജെപിയുടെ വോട്ട് 10.16ല്‍നിന്നും 40.30 ശതമാനവും തൃണമൂലിന്റേത് 44.91 ശതമാനത്തില്‍നിന്നും 43.30 ശതമാനവുമായി. 12.25 ശതമാനമായിരുന്ന കോണ്‍ഗ്രസ് വോട്ടുകളും കുത്തനെ കുറഞ്ഞ് 5.61ലെത്തി. ഇടത്, കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്കൊഴുകിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്രയും വലിയ അടിയൊഴുക്ക് സിപിഎമ്മും തൃണമൂലും പ്രതീക്ഷിച്ചിരുന്നില്ല. മമതയേക്കാള്‍ മോദിയാണ് മുഖ്യശത്രുവെന്ന പ്രചാരണമാണ് സീതാറാം യച്ചൂരിയുള്‍പ്പെടെ നടത്തിയത്. 2014ല്‍ ജയിച്ചിരുന്ന റായ്ഗഞ്ചില്‍ സിപിഎം മൂന്നാമതും മൂര്‍ഷിദാബാദില്‍ നാലാമതുമായി.
അലയടിച്ച് ജയ് ശ്രീരാം
27 ശതമാനമുള്ള മുസ്ലിം വിഭാഗത്തെ പ്രീണിപ്പിച്ച് കൂടെനിര്‍ത്താന്‍ ശ്രമിച്ചതാണ് തൃണമൂലിന്റെ ഇറക്കത്തിനും ബിജെപിയുടെ കയറ്റത്തിനും ഇടയാക്കിയത്. വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് തൃണമൂലിലെ മുസ്ലിം നേതാക്കളായിരുന്നു. ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ മമത തങ്ങളുടെ വിശ്വാസങ്ങളെ അവഹേളിച്ചതും ദുര്‍ഗ്ഗാ പൂജ തടഞ്ഞതും ഹിന്ദുക്കളെ പ്രകോപിപ്പിച്ചു. ബംഗാളിന് ചിരപരിചിതമല്ലാതിരുന്ന രാമനവമിയും ഹനുമാന് ജയന്തിയും ആഘോഷിച്ചാണ് ഹിന്ദുസംഘടനകള്‍ മറുപടി നല്‍കിയത്. അയോധ്യ പ്രക്ഷോഭകാലത്തുപോലും കാണാത്ത തരത്തില്‍ കാവിക്കൊടികളും ജയ് ശ്രീരാം വിളികളും ബംഗാളില്‍ അലയടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും അമിത്ഷായും ജയ് ശ്രീരാം വിളികള്‍ ഉയര്‍ത്തി. 49.5 ശതമാനം മുസ്ലിംവോട്ടുള്ള റായ്ഗഞ്ചില്പ്പോലും 40 ശതമാനം വോട്ടുകള്‍ നേടി ബിജെപി ജയിക്കുന്ന ഹിന്ദു ഏകീകരണമുണ്ടാക്കിയത് മമത തന്നെയായിരുന്നു.
ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മസ്ഥലമായ ബംഗാളിലെ മുന്നേറ്റം ബിജെപിക്ക് അഭിമാന പ്രശ്നം തന്നെയാണ്. 1952ല്‍ ജനസംഘം ഇവിടെ രണ്ട് ലോക്സഭാസീറ്റും ഒന്‍പത് നിയമസഭാ സീറ്റും ജയിച്ചിരുന്നു. ഏറെക്കാലം ചുവപ്പിനൊപ്പം നിലയുറപ്പിച്ച വംഗനാട് നേടുന്നത് ആശയപരമായ വിജയമായും അമിത് ഷാ കരുതുന്നു. 2021ലാണ് നിയമസഭാ തെരഞ്ഞെടുപ്പെങ്കിലും അതിന് മുന്‍പ് മമത വീഴുമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധത്തിലാണെന്ന് പ്രചാരണത്തിനിടെ മോദി പറഞ്ഞിരുന്നു. നൂറ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെടുന്നുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. നിരവധി തൃണമൂല്‍ എംഎല്‍എമാരും നേതാക്കളും ബിജെപിയെ ഈ തെരഞ്ഞെടുപ്പില്‍ രഹസ്യമായി സഹായിച്ചിരുന്നു. ജനങ്ങളുടെ മുന്നില്‍വച്ചുപോലും അധിക്ഷേപിക്കുന്ന മമതയുടെ ധാര്‍ഷ്ട്യമാണ് അവരുടെ പ്രശ്നം. ”ബംഗാള്‍ പ്രക്ഷുബ്ദ്ധമാണ്. എന്തും സംഭവിക്കാം”. കൈലാഷ് വിജയവര്‍ഗ്ഗിയയുടെ ഈ വാക്കുകള്‍ക്ക് അര്‍ത്ഥങ്ങള്‍ അനവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: