ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്, ചത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുമടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലെ ജയപരാജയങ്ങളാണ് ഇന്ത്യ ആര് ഭരിക്കണമെന്ന് നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ, രാജ്യത്തെ മൊത്തം 542 ലോക്സഭ സീറ്റുകളില്‍ 225 സീറ്റുകള്‍ കയ്യാളുന്ന ഈ പത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് രാഷ്ട്രീയ നേതൃത്വങ്ങളും രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും എന്നും ആകാംക്ഷാകുലരാകാറുള്ളത്.
2019ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി ബിജെപിയെ കൈവിടും എന്ന പ്രചാരണമാണ് പ്രതിപക്ഷ കക്ഷികളും രാജ്യത്തെ വലിയൊരു വിഭാഗം മാധ്യങ്ങളും നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഈ സംസ്ഥാനങ്ങളില്‍ ചിലതില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎക്ക് നേരിടേണ്ടി വന്ന പരാജയം മുന്‍നിര്‍ത്തിയുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രചാരണം. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഈ പ്രചാരണം നടത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടി.
പത്ത് സംസ്ഥാനങ്ങളില്‍ അഞ്ചിടത്തും മുഴുവന്‍ സീറ്റുകളും എന്‍ഡിഎ പിടിച്ചടക്കി (രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി). മൊത്തം 225 സീറ്റുകളില്‍ 202 സീറ്റുകള്‍ നേടി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 12 സീറ്റുകള്‍ കൂടുതല്‍ (2014ല്‍ 190 സീറ്റുകളാണ് ഹിന്ദി സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് കിട്ടിയത്).
അതേസമയം, യുപിഎ സഖ്യത്തിന് ആകെ ഏഴ് സീറ്റുകള്‍ മാത്രമാണ് ഈ പത്ത് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചത്. 2014ല്‍ ലഭിച്ചതില്‍ എട്ട് സീറ്റുകള്‍ കുറവ്. രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരു സീറ്റുപോലും നേടാന്‍ യുപിഎക്ക് സാധിച്ചില്ല. ഉത്തര്‍ പ്രദേശില്‍ മുഴുവന്‍ മണ്ഡലങ്ങളിലും (80) മത്സരിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായത് ഒരു മണ്ഡലത്തില്‍ മാത്രം. നെഹ്റു കുടുംബം കാലങ്ങളായി ആധിപത്യമുറപ്പിച്ചു വന്ന അമേഠിയില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ പരാജയപ്പെടുകയും ചെയ്തു.
എസ്പി, ബിഎസ്പി സഖ്യത്തിനും വന്‍ തിരിച്ചടിയാണ് ഇക്കുറി നേരിടേണ്ടി വന്നത്. മഹാഗഢ്ബന്ധന് രൂപീകരണവുമായി ബന്ധപ്പെട്ടും മറ്റും എസ്പിയും ബിഎസ്പിയും കളിച്ച ജാതിരാഷ്ട്രീയം തന്നെയാണ് അവരുടെ ദയനീയ പരാജയത്തിന് മുഖ്യകാരണമായത്. ഭരണസംബന്ധമോ വികസനസംബന്ധമോ ആയ ഒരു വിഷയം പോലും എന്‍ഡിഎ സര്‍ക്കാരിനെതിരെ എടുത്തുകാട്ടാനില്ലാത്ത അവസ്ഥയില്‍ ഏതുവിധേനയും മോദിയെ വീഴ്ത്തുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മഹാസഖ്യത്തിന്റെ നീക്കങ്ങള്‍ അവര്‍ കുഴിച്ച കുഴിയില്‍ വീഴുന്നതിന് കാരണമായി.
പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് ഏതാനും മാസം മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെട്ടത്. മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വിജയം നേടുകയും ചെയ്തു. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതോടെ ബിജെപിയുടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന രാഷ്ട്രീയപ്രചാരണത്തിന് വിരാമമായി എന്ന് പലരും കരുതി. എന്നാല്‍ പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം സാര്‍ത്ഥകമാകുന്ന കാഴ്ചയാണ് നാം കണ്ടത്, ഭാരതത്തിന്റെ ഹിന്ദിഹൃദയഭൂമിയില്‍ പ്രത്യേകിച്ചും
പ്രതികരിക്കാൻ ഇവിടെ എഴുതുക: