നന്നാവില്ല എന്നു തീരുമാനിച്ച് ഉറപ്പിച്ചവരെപ്പോലെയാണു സിപിഎം എന്ന രാഷ്ട്രീയപ്പാര്‍ട്ടി. കണ്ണൂരിലെ പിലാത്തറയില്‍ സ്വന്തം വോട്ടവകാശം വിനിയോഗിച്ച കെ.ജെ. ഷാലറ്റ് എന്ന വനിതയുടെയും അവിടുത്തെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വി.ടി.വി. പത്മനാഭന്റെയും വീട് ബോംബെറിഞ്ഞ് ആക്രമിച്ച ഈ പാര്‍ട്ടി, ജനാധിപത്യത്തിനു നല്കുന്ന നിര്‍വചനം എന്താണാവോ? വടകരയിലെ സ്വന്തം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചതിന് സി.ഒ.ടി. നസീര്‍ എന്ന സ്ഥാനാര്ത്ഥിക്കുനേരേ വധശ്രമവും അവര്‍ നടത്തി. കള്ളവോട്ടുചെയ്യാന്‍ തങ്ങളെ അനുവദിക്കാത്തവരെ വകവരുത്തുമെന്ന ചിന്താഗതി വച്ചുപുലര്‍ത്തുകയും കയ്യൂക്കുകൊണ്ട് അതു നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്ന ഈ പാര്‍ട്ടി ജനാധിപത്യത്തേക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നൊരു പ്രസ്ഥാനമാണെന്നതു വിരോധാഭാസം. ലോകത്തിലെ ഏറ്റവും വമ്പിച്ച ജനാധിപത്യപ്രക്രിയ നടക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് ഇന്ത്യയ്ക്കുള്ളത്.
വിവിധ ഭാഷകളും സംസ്കാരവും മതങ്ങളും ജാതികളും ജീവിതരീതികളും ഇടകലര്‍ന്ന രാഷ്ട്രത്തിന്റ അടിത്തറതന്നെ വൈവിധ്യമാണ്. അവയെല്ലാം അലങ്കാരമാക്കി തലമുറകളിലൂടെ നിനിലനിന്നുപോരുന്ന സംസ്കാരം ഊന്നിനില്ക്കുന്നതു പരസ്പരവിശ്വാസത്തിലും ആദരവിലുമാണ്. അത്തരം പാരമ്പര്യത്തെയും പൈതൃകത്തേയും അംഗീകരിക്കാത്ത ഇത്തരമൊരു രാഷ്ട്രീയകക്ഷി ഭരണം കയ്യാളുന്ന സംസ്ഥാനമാണു നമ്മുടേതെന്നതു ലജ്ജയോടെയേ ഓര്‍ക്കാന്‍ കഴിയൂ. വനിതകള്‍ക്കുവേണ്ടി മതില്‍കെട്ടുകയും നവോത്ഥാനത്തിന്റെ പേരില്‍ ആചാരലംഘനം നടത്തുകയും ചെയ്തവര്‍ അതിനെ ന്യായീകരിച്ചത് സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന നീതിന്യായ ബാധ്യതയെക്കുറിച്ചു പറഞ്ഞാണ്. കളളവോട്ടു ചെയ്യുകയും സ്വന്തം വോട്ടു രേഖപ്പെടുത്തിയവരുടെ വീടാക്രമിക്കുകയും ചെയ്തത് എന്തുതരം നിയമബോധത്തിന്റെ അടിസ്ഥാനത്തിലാണ് ആവോ.
കള്ളവോട്ടിനു ദുഷ്പേരുകേട്ട കണ്ണൂരിലെ പല പ്രദേശങ്ങള്‍ക്കും ആ നാണക്കേട് സമ്മാനിച്ചത് അവിടെ ശക്തമായി വേരുറപ്പിച്ച ഈ പ്രസ്ഥാനമാണ്. ജനഹിതമെന്തായാലും അതിനുവഴങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് എതിരാളികളുടെ വോട്ടു സ്വയം ചെയ്ത് വായടപ്പിക്കാനുള്ള നീക്കം. ബൂത്ത് ഏജന്റുമാരേയും പോളിങ് ഓഫീസര്‍മാരെയും വിറപ്പിച്ച് സ്വന്തം താത്പര്യം നടപ്പിലാക്കുന്ന ഇവര്‍ക്കുമുന്നില്‍ ഏവരും നിസ്സഹായരാവുകയാണ് നാളിതുവരെ പതിവ്. പക്ഷേ, കാലം എന്നും ഒരുപോലെയാവില്ലെന്നു സാഹചര്യം തെളിയിച്ചു. കാലാകാലമായി നടന്നുവരുന്ന ഈ പ്രക്രിയ ഇത്തവണ വെളിച്ചത്തുവന്നത് ക്യാമറകണ്ണുകള്‍ അതു കണ്ടെത്തിയതുകൊണ്ടും പരാതിപ്പെടാന്‍ ഒരു വനിത ഉണ്ടായതുകൊണ്ടുമാണ്.
വോട്ടര്‍പട്ടികയില്‍ പേരും തിരിച്ചറിയല്‍കാര്‍ഡും ഉണ്ടായിട്ടും ബൂത്തിലെത്തുമ്പോഴേയ്ക്കും തന്റെ വോട്ടു മറ്റാരോ ചെയ്തുകഴിഞ്ഞു എന്ന അറിവാണ് പരാതിക്കു ഷാര്‍ലറ്റിനെ പ്രേരിപ്പിച്ചത്. മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളും ക്യാമറ ചിത്രങ്ങളും കൂടിയായപ്പോള്‍ ഇതടക്കം വ്യാപകമായ കള്ളവോട്ടിന്റെ വിവരങ്ങള്‍ പുറത്തായി. സ്വാഭാവികമായും വീണ്ടും വോട്ടെടുപ്പിന് ഉത്തരവായി. സ്വന്തം താത്പര്യത്തിനപ്പുറമൊരു നിയമമില്ലെന്നു വിശ്വസിക്കുന്നവര്‍ക്കു സമനില തെറ്റാന്‍ അത്രയൊക്കെ മതിയാകും. മുഖം വികൃതമായതിനു മറ്റുള്ളവരുടെ മുഖം തകര്‍ക്കുന്ന പതിവുശൈലി തന്നെ പുറത്തെടുക്കുകയും ചെയ്തു.
ഭരണകൂടത്തിന്റെ പരിഗണനയില്‍ മുന്തിയ സ്ഥാനം ജനഹിതത്തിനാണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത ഭരണാധികാരികളുടെ മനസ്ഥിതി ഏകാധിപതിയുടേതായിരിക്കും. അതുതന്നെയേ അണികളും പിന്തുടരുകയുള്ളു. പിഴവുകള്‍ അംഗീകരിക്കാനാവാത്ത അവര്‍ക്കു തോല്‍വികളില്‍ സമനിലതെറ്റും. അതാണു കേരളത്തില്‍ സിപിഎമ്മിന്റെ അവസ്ഥ. അവസാനത്തെ തുരുത്തിലും നിലനില്പ് തന്നെ അവതാളത്തിലായവരുടെ വെപ്രാളം. അത് ഒരു തരം മാനസിക പ്രശ്നമാണ്. അതിനുള്ള ചികിത്സ സമ്മതിദായകരുടെ കയ്യിലേയുള്ളു. അതാണ് ഷാര്‍ലറ്റ് എന്ന ആ വനിത ചെയ്തത്. അവകാശം ചോദിച്ചുവാങ്ങി ഉപയോഗിക്കാനുള്ള ഈ ഇച്ഛാശക്തി ഓരോരുത്തരം പ്രകടമാക്കിയാല്‍ തീരാവുന്നതേയുള്ളു കയ്യൂക്കിന്റെ രാഷ്ട്രീയം. സമ്മതിദാനാവകാശം ആരുടേയും ഇഷ്ടദാനമല്ലെന്ന് ഇവരൊക്കെ മനസ്സിലാക്കട്ടെ. അതാണ് വോട്ടുപെട്ടിയിലെ ഉന്മൂലനസിദ്ധാന്തം. അതിന്റെ കാലമാണു വരാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: