ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട-
നേക ശ്രുതീങ്കലൊരുമിക്കുന്ന പോലെ പര-
മേകാക്ഷരത്തിലതടങ്ങിന്നു സര്‍വവുമി-
താകാശ സൂക്ഷ്മ തനു നാരായണായ നമഃ
ഠായങ്ങള്‍ എന്നത് സംഗീതശാസ്ത്രത്തിലെ ഗമകങ്ങള്‍ ആണ്. ഗീതം എന്നതിന് ഇവിടെ രാഗം എന്നര്‍ഥം. നാദപ്രയോഗം എന്നത് സ്വരമണ്ഡലങ്ങളുടെ ചേര്‍ച്ചയെ സൂചിപ്പിക്കുന്നു. ഏകശ്രുതി എന്നു പറയുന്നത് ഷഡ്ജം, മധ്യമം, പഞ്ചമം എന്നീ മൂന്നു സ്വരങ്ങളുടേയും ശ്രുതി ചേരല്‍. സംഗീതത്തിലെ ഗമകങ്ങള്‍ രാഗം തന്നെ ആയിരിക്കുന്നതു പോലെ, പലതരത്തിലുള്ള നാദങ്ങളുടെ പ്രയോഗം ഒരേ സ്വരത്തില്‍ ലയിക്കുന്നതു പോലെ, ഇക്കാണുന്ന പ്രപഞ്ചം മുഴുവന്‍ ഒരേ പരമാത്മാവില്‍ ഉള്‍ച്ചേര്‍ന്നു നില്ക്കുന്നു. ആ പരമാത്മാവ് ആകാശം പോലെ സൂക്ഷ്മരൂപിയുമാണ്. ബ്രഹ്മാവ്, വിഷ്ണു, ശിവന് ഇങ്ങനെ വ്യത്യസ്ത രൂപങ്ങളില്‍ കല്പിക്കപ്പെടുന്ന സകല ശക്തികളും ഏകാക്ഷരമായ ഓംകാരത്തില്‍ ലയിച്ചു നില്ക്കുന്നു. അപ്രകാരം അതിസൂക്ഷ്മശരീരനാണ് പരബ്രഹ്മമെന്ന ബോധം എന്നില്‍ ഉണ്ടാവാനായി അനുഗ്രഹിക്കേണമേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: