ഇനിയില്ല സ്വപ്നങ്ങള്‍. മോഹങ്ങളുമില്ല. ഭാവിയോ തീരെയില്ല. ഉള്ളതോ ഒന്നിനും കൊള്ളാത്ത ഒരു ജീവിതം, ഉള്ളുപൊള്ളിയ ജീവിതം, അതിലെ തീരാത്ത ദുഖം ആര്‍ക്കു തീറെഴുതിക്കൊടുക്കാനാണ്!
തന്റെ ദുഃഖം തന്നോടുകൂടെ.
ഓര്‍മ്മകള്‍ ഓടിക്കൂടുന്നു…
നാനാഭാഗത്തുനിന്നും താക്കീതുകള്‍-
”നാടകക്കാരിയെ വിശ്വസിക്കരുത്”
പുച്ഛം കലര്‍ന്ന പരിഹാസങ്ങള്‍-
”അവളില്‍ നീ എന്തു മേന്മയാണ് കണ്ടത്?”
പരിഭവത്തില്‍ ചാലിച്ച ഉപദേശങ്ങള്‍-
”മുറപ്പെണ്ണു കാത്തിരിക്കെ മറ്റൊരു പെണ്ണിന്റെ പിറകെ പോകുന്നത് മുറയല്ല”
പക്ഷേ, ഒരു വാക്കിനും തന്നെ പിന്തിരിപ്പിക്കാനായില്ല. ദുഃഖിക്കാന്‍ വിധിക്കപ്പെട്ടതുകൊണ്ടാവാം.
മനസ്സും ബുദ്ധിയും തെറ്റായ ദിശയിലായിപ്പോയി. അറിയാതെ, ശ്രദ്ധിക്കാതെ, മുന്നേറി നാശഗര്‍ത്തത്തില്‍ പതിക്കുകയായിരുന്നു. നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ.
അനുരാഗം സൃഷ്ടിച്ച ആന്ധ്യവും ബുദ്ധിമാന്ദ്യവും തന്നെ ബാധിച്ചിരുന്നു. ഇല്ലെങ്കില്‍, വെറുമൊരു രംഗദീപമായ നാടകനടിയെ ഗൃഹദീപമാക്കാന് മോഹിക്കുമായിരുന്നില്ല.
വിശുദ്ധി വിളിച്ചോതുന്ന ഒരു സന്ധ്യാദീപം വര്‍ഷങ്ങളായി അവകാശപ്പെട്ടതായിരിക്കെ, വഴിവിളക്കന്വേഷിച്ചുപോയ വിഡ്ഢിയാണല്ലോ താന്‍. ചായവും ചമയവുമണിഞ്ഞ ഒരു മായക്കാരിയുടെ മിഴിയിണയില്‍, മൊഴിയമൃതില്, മെയ്യഴകില്‍, മയങ്ങിയ ഭോഷനായിപ്പോയി. സ്വന്തവും ബന്ധവും സ്വത്തും ജീവനും അവള്‍ക്കുവേണ്ടി ത്യജിക്കാന്‍ തയ്യാറായ തലതിരിഞ്ഞവനായിപ്പോയി.
തന്റെ ഉറച്ച തീരുമാനമറിഞ്ഞപ്പോള്‍, കാര്മേഘങ്ങളാല് നീലവാനത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നതുപോലെ മനസ്സിലെ നൈരാശ്യം നെടുവീര്പ്പായുയര്ന്ന് ധൂമമായ് പടര്‍ന്ന് മുറപ്പെണ്ണിന്റെ മുഖം ഇരുണ്ടുപോയിരിക്കാം. കണ്ണീര് തിങ്ങിവിങ്ങി കപോലതടങ്ങളിലൂടെ നിര്‍വിഘ്നം വീണിരിക്കാം. മോഹഭംഗത്തിലേക്ക് മൂക്കുകുത്തി വീണ് അംഗഭംഗം സംഭവിച്ച ജീവച്ഛവമായി അവള് മാറിയിരിക്കാം. അക്കാലത്ത് അവള് എത്രമാത്രം ദുഃഖിച്ചിരിക്കാമോ അതിലുപരിയായ ദുഃഖം ഇന്ന് താന്‍ അനുഭവിക്കുന്നുണ്ട്.
ആത്മനിന്ദയാല്‍ മനസ്സു പുളയുകയാണ്. ഒരു പാവം നാടന്‍ പെണ്ണ് കാത്തിരിക്കെ ഒരു നാടകപ്പെണ്ണിന്റെ പിറകെ വാലാട്ടിനടക്കുകയായിരുന്ന വിവര ദോഷിയായ തനിക്ക് മാപ്പു ചോദിക്കാന്‍ പോലും അര്‍ഹതയില്ല.
സ്വാര്‍ത്ഥ തല്പരനായ തനിക്കുവേണ്ടി കാത്തിരിക്കുന്നത്. അര്ത്ഥശൂന്യതയാണെന്ന് മുറപ്പെണ്ണിനെ പറഞ്ഞു മനസ്സിലാക്കി വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം മറ്റൊരാള്‍ക്കു വിവാഹം ചെയ്തുകൊടുത്തു. അവള് തന്നെ ശപിച്ചു കാണും. അതുകൊണ്ടായിരിക്കാം തന്നെ നാടകക്കാരി തഴഞ്ഞത്.
മൃഗമാകാതിരിക്കാന് തനിക്ക് ഭഗീരഥ പ്രയത്നം വേണ്ടിവന്നു.
അങ്ങനെ, ഒരു നാടകം അവസാനിച്ചു. അവശേഷിച്ചത് ശൂന്യമായ അമ്പലപ്പറമ്പുപോലെ എന്റെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: