തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളില്‍ മാനേജ്മെന്റ് ക്വാട്ടയിലെ പ്ലസ്വണ് പ്രവേശനത്തിന് തലവരിപ്പണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ല. വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റുകളുടെ താളത്തിനൊത്ത് തുള്ളുന്നു.
എസ്എസ്എല്‍സിക്ക് എഴുപത് ശതമാനം മാര്‍ക്കെങ്കിലും വാങ്ങിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനക്കാര്യം മാത്രമെ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ആലോചിക്കുന്നുള്ളു. ബാക്കിയുള്ളവര്‍ മാനേജമെന്റ് ക്വാട്ടയില്‍ അഡ്മിഷന് നേടുകയോ അല്ലെങ്കില്‍ ഓപ്പണ്‍ സ്കൂളില്‍ പഠിക്കുകയോ വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഒടുവില്‍ പ്ലസ്വണ് പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കും.
മാനേജ്മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് പ്രവേശനത്തിലുടനീളം. ഏക ജാലകസംവിധാനത്തിലൂടെയാണ് പ്രവേശനം. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,26,513 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇവര്‍ക്കെല്ലാം പ്ലസ്വണ് പ്രവേശനം ലഭിക്കുമെന്നാണ് വകുപ്പിന്റെ അവകാശ വാദം. എന്നാല്‍, ഏകജാലക പ്രവേശനം പല ഘട്ടങ്ങളിലായി നടത്തുന്നത് മനേജ്മെന്റിന് അനുഗ്രഹമാണ്.
ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പ്രവേശനം ലഭിച്ചവര്‍ക്ക് സ്കൂളുകള്‍ മാറാനുള്ള അവസരവും നല്‍കും. ഇതോടെ മുന്‍ഗണനാക്രമത്തില്‍ പ്രവേശനത്തില്‍ ഇടംപിടിക്കാത്തവര്‍ ചെന്നെത്തുന്നത് തലവരിപ്പണം നല്‍കേണ്ട എയ്ഡഡ് മാനേജ്മെന്റിന്റെ അടുത്തേക്കാകും. ഈ അവസരം മുതലെടുത്ത് മാനേജ്മെന്റ് തലവരിപ്പണവും ഉയര്‍ത്തും.
മാനേജ്മെന്റ് അഡ്മിഷന് പൂര്‍ത്തിയാകുമ്പോള്‍ ഏകജാലകത്തിന്റെ അവസാനഘട്ട പട്ടികയും പ്രസിദ്ധീകരിക്കും. പട്ടികയില്‍ ഇടം പിടിച്ചെങ്കിലും തലവരിപ്പണം കൊടുത്തതിനാല്‍ സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ മുതിരില്ല. ഇതാണ് ഏകജാലകം എന്ന ഓമനപ്പേരില്‍ പ്ലസ്വണ് പ്രവേശനത്തില്‍ കണ്ടു വരുന്നത്. ഭരണകക്ഷിക്ക് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് നല്ലൊരു തുക സംഭാവനയായി നല്‍കണം. അതിനാലാണ് ഈ മേഖലയിലെ കോഴയ്ക്ക് സര്‍ക്കാരും കൂട്ട് നില്‍ക്കുന്നത്.
മാനേജ്മെന്റ് സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടത്
തിരുവനന്തപുരം: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്ലസ്വണ് മാനേജ്മെന്റ് സീറ്റുകള്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍. ഇത് സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. അധ്യാപക-അനധ്യാപകര്‍ക്ക് ശമ്പളം മാത്രമെ സര്‍ക്കാര്‍ നല്കുന്നുള്ളു. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ മാനേജ്മെന്റാണ് വഹിക്കുന്നത്, അവര്‍ പറഞ്ഞു.
കോഴ നിര്‍ത്തലാക്കാന്‍ സംവിധാനമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ തലവരിപ്പണം നിര്‍ത്തലാക്കാന്‍ സംവിധാനങ്ങളില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു. എസ്എസ്എല്‍സി കഴിഞ്ഞ പരമാവധി വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്വണ്ണിന് അഡ്മിഷന് നല്‍കണം. തലവരിപ്പണം സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ പരാതി നല്കാന് ആരും തയാറല്ല. അതിനാല്‍ ഫലപ്രദമായ അന്വേഷണം നടത്താനും സാധിക്കില്ല. എയ്ഡഡ് മേഖലയില്‍ പ്ലസ്വണ് പ്രവേശനത്തിന് റാങ്ക്ലിസ്റ്റ് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നും സുധീര്‍ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: