തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനീയറിങ് പോലെ പ്ലസ്വണ് പ്രവേശനത്തിനും എയ്ഡഡ് മേഖലയില്‍ തലവരിപ്പണം. അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ ഈടാക്കിയാണ് പ്രവേശനം.
സയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം വരെ ഈടാക്കുമ്പോള്‍ കൊമേഴ്സ് വിഷയത്തിന് അമ്പതിനായിരം മുതല്‍ എഴുപത്തിഅയ്യായിരം വരെയും ഹ്യൂമാനിറ്റീസിന് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെയും ഈടാക്കുന്നു. സ്കൂളിന്റെ പെരുമ അനുസരിച്ചാണ് മാനേജ്മെന്റുകള്‍ തുക നിശ്ചയിക്കുന്നത്. പ്ലസ്വണ് പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ എയ്ഡഡ് മേഖലയില്‍ മാനേജ്മെന്റ് ക്വാട്ട ഏതാണ്ട് പൂര്‍ത്തിയായി.
വിദ്യാഭ്യാസ വകുപ്പിന്റെ യാതൊരു മേല്‍നോട്ടവും നിയന്ത്രണങ്ങളുമില്ലാതെയാണ് മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം. മിക്ക സ്കൂളുകളിലും പ്ലസ് വണ്ണിന് നാല് ബാച്ച് വരെയുണ്ട്. ഇരുപത് ശതമാനം സീറ്റില്‍ മാനേജ്മെന്റിന് നിയമനം നടത്താം. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഏറ്റവും പിന്നിലായി ഇടംപിടിച്ചാലും ആഗ്രഹിക്കുന്ന വിഷയങ്ങള്‍ക്ക് തലവരിപ്പണം നല്കി പ്രവേശനം നേടാം.
പ്രവേശനത്തിന് പ്രത്യേക സംവിധാനവും സ്കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശന ഫോം നല്കിയ ശേഷം പിടിഎ കമ്മിറ്റിയെയോ മാനേജര്‍ ചുമതലപ്പെടുത്തിയ ആളെയോ കാണാന്‍ നിര്‍ദേശിക്കും. തുകയുടെ കാര്യങ്ങള്‍ ഇവര്‍ പറഞ്ഞുറപ്പിച്ച ശേഷമേ മാനേജര്‍ രക്ഷാകര്‍ത്താക്കളുമായി സംസാരിക്കൂ. അന്ന് പറഞ്ഞുറപ്പിച്ച പണവും നല്‍കണം. തുകയില്‍ വിട്ടു വീഴ്ചയില്ല. പണം നല്‍കിയില്ലെങ്കില്‍ മറ്റേതെങ്കിലും സ്കൂള്‍ നോക്കണം എന്ന ഉപദേശം നല്കി മടക്കും. ആദ്യം വരുന്നവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കൂയെന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിച്ചാലും തലവരിപ്പണം മടക്കി നല്‍കില്ലെന്നും മുന്നറിയിപ്പ് നല്‍കും. ഇതോടെ മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥികള്‍ ചോദിക്കുന്ന പണം നല്‍കും.
പിടിഎ ഫണ്ടും പ്രവേശന സമയത്ത് പിരിച്ചെടുക്കും. ലക്ഷങ്ങളുടെ തലവരിപ്പണ ഇടപാടാണ് പ്ലസ് വണ്‍ മേഖലയിലുള്ളത്. സര്‍ക്കാര്‍ ഔദാര്യത്തില്‍ എല്ലാ കാര്യങ്ങളും നടന്നുപോകുന്ന വിദ്യാലയങ്ങളിലാണ് ഈ പകല്‍ക്കൊള്ള. അധ്യാപകര്‍ക്കുള്ള ശമ്പളം, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: