ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനം ശക്തമാക്കി ബിജെപി. സിഖുകാരെ കൂട്ടക്കൊല ചെയ്യാന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഓഫീസ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയെന്ന് കലാപം അന്വേഷിച്ച നാനാവതി കമ്മീഷന് കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി ട്വീറ്റ് ചെയ്തു. ഭാരത സര്‍ക്കാര്‍ അവരുടെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം. ഈ കര്മ്മത്തിന് നീതി കാത്തിരിക്കുകയാണ് രാജ്യമെന്നും ട്വീറ്റില്‍ ബിജെപി ചൂണ്ടിക്കാട്ടി.
റഫാല്‍ വിഷയത്തില്‍ മോദിയെ കള്ളനെന്ന് ആക്ഷേപിച്ച രാഹുലിന് മറുപടിയായി, രാഹുലിന്റെ അച്ഛന് രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നുവെന്ന് മോദി മറുപടി നല്‍കിയതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ പ്രധാനമന്ത്രി സജീവ ചര്‍ച്ചയായത്. കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ബൊഫോഴ്സ് ഇടപാടിന് പിന്നാലെ സിഖ് വിരുദ്ധ കലാപവും ഭോപ്പാല്‍ വാതക ദുരന്തവും എടുത്തിട്ട് മോദി രാജീവ് ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ചു. സിഖ് കൂട്ടക്കൊലയുടെ പ്രധാന കേന്ദ്രമായിരുന്ന ദല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിഷയം ബിജെപി സജീവ ചര്‍ച്ചയാക്കുന്നത്. ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന് കാര്‍ബൈഡ് കോര്‍പ്പറേഷന്റെ സിഇഒ വാറന്‍ ആന്‍ഡേഴ്സണെ രാജീവ് രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു. ഈ രണ്ട് വിഷയങ്ങളും ഉന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറുണ്ടോയെന്ന് മോദി കോണ്‍ഗ്രസ്സിനെ വെല്ലുവിളിക്കുകയും ചെയ്തു.
സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിനും രാജീവ് ഗാന്ധിയെ കൂട്ടുപിടിച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. നാവിക സേനയെ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തെന്നും വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് വിദേശ സുഹൃത്തുക്കള്‍ക്ക് അവധിയാഘോഷിക്കാന്‍ നല്‍കിയെന്നും മോദി വെളിപ്പെടുത്തി. തന്റെ കുടുംബത്തെ അവഹേളിക്കുന്നുവെന്ന പതിവ് ഇരവാദമാണ് മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് രാഹുലിന്റെയും പ്രിയങ്കയുടെയും മറുപടി. എന്നാല്‍ അഴിമതിയുടെ പര്യായമായി ഓരോ റാലികളിലും മോദി മുദ്രകുത്തിക്കൊണ്ടിരിക്കുന്ന നെഹ്റു കുടുംബത്തിന്റെ ഇരവാദം ജനങ്ങള്‍ പഴയത് പോലെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നത് കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അനാവശ്യമായി പഴയ അഴിമതികള്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ രാഹുല്‍ മോദിക്ക് അവസരം നല്‍കിയെന്ന വിമര്‍ശനവും കോണ്‍ഗ്രസ്സിനുള്ളില്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: