നിലമ്പൂർ: കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മുന്നോറോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിലമ്പൂർ അത്തിക്കാട് സലഫി കോളനിയും നിരീക്ഷണത്തിൽ. പാകിസ്ഥാൻ കോളനിയെന്ന് വിളിപ്പേരുള്ള ഇവിടെ നിന്ന് വർഷങ്ങൾക്ക് മുമ്പ് മതപഠനത്തിനായി ഒരു വിദ്യാർഥി ശ്രീലങ്കയിലേക്ക് പോയിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ തിരിച്ച് നാട്ടിലെത്തിച്ചെങ്കിലും ഇപ്പോൾ ആ വിഷയം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കുകയാണ് അധികൃതർ. ഇസ്ലാമിക മതപഠനത്തിന് ഒരുവിധ സാഹചര്യവുമില്ലാത്ത ശ്രീലങ്കയിലേക്ക് വിദ്യാർഥി പോയതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.
2004-2005 കാലഘട്ടത്തിലാണ് ചാലിയാർ പഞ്ചായത്തിൽ എരഞ്ഞിമങ്ങാടിന് സമീപം അത്തിക്കാട് എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങി മുജാഹിദ് വിഭാഗത്തിൽപെട്ട ഒരു സംഘം പ്രത്യേക കോളനി സ്ഥാപിച്ചത്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ അറബിക് അധ്യാപകനായ സുബൈർ മങ്കടയുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങിയത്. പിന്നീട് കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നായി പല കുടുംബങ്ങൾ സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കാൻ തുടങ്ങി. ഇവർക്കായി പള്ളിയും മദ്രസയും കോളനിയിൽ സ്ഥാപിച്ചു.
മറ്റുള്ളവരിൽ നിന്നും അകന്നായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അവകാശം ഉണ്ടായിരുന്നില്ല. സ്ത്രീകൾ പുറത്ത് ജോലിക്ക് പോകുന്നത് നേതാവ് വിലക്കിയിരുന്നു. മുഹമ്മദ് നബിയുടെ ജീവിതചര്യ പിന്തുടരാനായിരുന്നു നിർദ്ദേശം. ആട് മേയ്ക്കലായിരുന്നു പ്രധാന തൊഴിൽ. 21 വീടുകൾ ഈ കോളനിയിൽ ഉണ്ടായിരുന്നു. ഈ കോളനിയിലെ താമസക്കാരനായിരുന്ന വിദ്യാർഥി മാനവേദൻ സ്കൂളിൽ പഠിക്കവേ സ്കൂളിൽ നടന്ന കലാമത്സരത്തിൽ അവതരിപ്പിച്ച ഒരു ഇനം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ച് സ്കൂളിൽ പ്രശ്നമുണ്ടാക്കിയിരുന്നു. ഈ സംഭവത്തിൽ പോലീസ് ഇടപെട്ടതോടെയാണ് കോളനിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ പുറംലോകം അറിയുന്നത്.
കോളനിയുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന സംശയം ശക്തമായതോടെ സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ 2011ൽ ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് അയച്ചു. ഡിജിപിക്ക് കൈമാറിയ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പോലും ഈ കോളനിയെക്കുറിച്ച് അറിയുന്നത്. ഇടയ്ക്ക് വിദേശികളും കോളനിയിലെ നിത്യസന്ദർശകരായി മാറിയിരുന്നു.
കോളനിയുടെ നേതാവ് താൻ ഷേഖ് (കൽപ്പന പുറപ്പെടുവിക്കാൻ അധികാരമുള്ള നേതാവ്) ആണെന്ന് പ്രഖ്യാപിച്ചതോടെ കോളനിയിൽ ഭിന്നത രൂപപ്പെട്ടു. ഇത് പോലീസ് മുതലെടുത്തു. തങ്ങളുടെ വീട്ടിലെ സ്ത്രീകൾ ജോലിക്ക് പോകുന്നത് വിലക്കിയ നേതാവിന്റെ ഭാര്യ തൊട്ടടുത്തുള്ള ഗവ. സ്കൂളിലെ അധ്യാപികയായിരുന്നു. ഇത് ചിലർ ചൂണ്ടിക്കാട്ടിയതോടെ ഭിന്നത രൂക്ഷമായി. നേതാവിനെ ചിലർ പരസ്യമായി തന്നെ എതിർത്തു തുടങ്ങി. പോലീസിന്റെ ഇടപെടലും കൂടിയായപ്പോൾ പലരും കോളനി വിട്ട് പോയി. രാത്രിയിൽ ആഡംബരകാറുകൾ കോളനിയിൽ എത്താൻ തുടങ്ങിയത് നാട്ടുകാരിൽ സംശയമുണർത്തി. പുറത്ത് നിന്നും സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു ഇത്. താമസക്കാർക്ക് പല ബിസിനസുകളും തുടങ്ങാൻ പുറത്തുനിന്ന് വന്നവർ പിന്തുണ നൽകിയിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമാണ് കോളനിയിൽ താമസിക്കുന്നതെങ്കിലും രാത്രികാലങ്ങളിൽ നിരവധി പേർ ഇവിടെ എത്തുന്നതായി പ്രദേശവാസികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: