ന്യൂദൽഹി: രാജ്യത്ത് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതുപ്രകാരം 2019ലെ ആദ്യത്തെ രണ്ടു മാസത്തിനിടെ ആഭ്യന്തര യാത്രികരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 7.42 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.
ഇൻഡിഗോ, സ്പൈസ് ജറ്റ്, ഗോ എയർ, വിസ്താര തുടങ്ങിയ സ്വകാര്യ വിമാന കമ്പനികളെല്ലാം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് പുതിയ റൂട്ടുകൾ ആരംഭിക്കാനും ഓഫറുകൾ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദൽഹി എന്നിവിടങ്ങളിൽ നിന്ന് നിരവധി ആഭ്യന്തര സർവീസുകളാണ് ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിൽ നിന്നും അഹമ്മദാബാദ്, ഗോവ, ചെന്നൈ, അമൃത്സർ, ബംഗളുരു എന്നീ റൂട്ടുകളിൽ മെയ് അഞ്ച് മുതൽ ദിവസേന ഇൻഡിഗോ വിമാന സർവിസ് നടത്തും.
സ്പൈസ് ജറ്റ് മുബൈയേയും ദൽഹിയേയും ബന്ധിപ്പിക്കുന്ന നിരവധി സർവീസുകളാണ് പുതുതായി തുടരുക. ഇത് കൂടാതെ ദൽഹിയിൽ നിന്നും മുംബൈയിൽ നിന്നും നിരവധി അന്താരാഷ്ട്ര സർവീസുകളും സ്പൈസ് ജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്, ജിദ്ദ, ദുബായ്, കൊളംബോ, റിയാദ്, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് സ്പൈസ് ജറ്റിന്റെ പുതിയ സർവീസുകൾ. വിമാന കമ്പനികളുടെ ഇടയിൽ വലിയ തോതിൽ ടിക്കറ്റ് നിരക്ക് ഇളവുകൾ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്ന കമ്പനി ഗോ എയർ ആണ്.
ഗോ എയറിന്റെ വെബ്സൈറ്റ് വഴി വലിയ ഇളവുകളോടെയാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഏപ്രിൽ 25 വരെ ഗോ എയർ സ്പെഷ്യൽ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ചില ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ടിക്കറ്റുകൾക്ക് 2765 രൂപ 7000 രൂപ എന്നീ നിരക്കുകളിലാണ് തുടങ്ങുന്നത്. ആഭ്യന്തര സർവീസുകൾക്ക് പത്ത് ശതമാനം നിരക്ക് ഇളവാണ് വിസ്താര പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: