സൂര്യനുദിച്ചു വരുമ്പോഴേക്കും വീടിനു മുറ്റത്ത് മൂടല്‍ മഞ്ഞ് വന്നു നിറഞ്ഞിട്ടുണ്ടാകും. അതെല്ലാം വകഞ്ഞുമാറ്റിക്കൊണ്ട് എന്നത്തേയും പോലെ പത്രം പറന്നുവന്നു മുറ്റത്തു വീണു. തോട്ടില്‍ നിന്നും വെള്ളം കോരി ഞാന്‍ എന്റെ ഓട്ടോയുടെ മുകളിലൂടെ വീശി എറിഞ്ഞു. ഓട്ടം കുറവാണേലും വൃത്തിയാക്കി കൊണ്ടുനടക്കും വണ്ടി. മുറ്റം അടിക്കാന്‍ വന്ന എന്റെ ഭാര്യ താഴെ കിടക്കുന്ന പത്രം എടുത്തു വരാന്തയിലേക്ക് ഒരേറ്.
ഞാന്‍: അപ്പന് എഴുന്നേറ്റില്ലേടി …
ഭാര്യ: ഇല്ലെന്നു തോന്ന്ണു. റേഡിയോ ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലോ?
അകത്തുനിന്ന് പ്രാദേശിക വാര്‍ത്തകള്‍ കേള്‍ക്കാം.
കണ്ണും തിരുമ്മിക്കൊണ്ട് അപ്പന് വരാന്തയില്‍ വന്നിരുന്നു. ഇന്നലെ അടിച്ച മദ്യത്തിന്റെ അലച്ചില്‍ മുഖത്തുണ്ട്. അന്തോം കുന്തോമില്ലാതെ അപ്പന് ആകാശത്തേക്ക് നോക്കിയിരിക്കുകയാണ്. പിന്നീടപ്പന്‍ പതുക്കെ ഇറങ്ങി മുറ്റത്ത് വന്നുനിന്നു. വഴിയിലൂടെ റോണി ഡോക്ടര്‍ മോണിങ് വാക്കിനു പോകുന്നുണ്ടായിരുന്നു.
അപ്പന്: ഡോക്ടറെ …ഗുഡ് മോണിങ്
റോണി ഡോക്ടറിന് പണ്ടേ അപ്പനെ വലിയ മതിപ്പില്ല. പുള്ളിക്കാരന് കയ്യും പൊക്കി കാണിച്ചു വേഗത്തില്‍ നടന്നു പോയി.
തൊട്ടയല്‍വക്കത്ത് കുഞ്ഞി ആരോടോ ഉള്ള വാശിക്ക് പല്ലില്‍ അമര്‍ത്തി തേയ്ക്കുന്നുണ്ടായിരുന്നു. അപ്പന് അവളെ നോക്കി ചിരിച്ചു. അവളൊരു മൈന്റും ചെയ്യാതെ തേപ്പോടു തേപ്പ്.
അപ്പന് അവളോട് ചോദിച്ചു, കുഞ്ഞി നിന്റെ അച്ചാച്ചന് എന്തേടീ.
എന്തിനാ പണയം വെയ്ക്കാനാണോ..?
അപ്പന്: മാഡം ഭയങ്കര ചൂടിലാണല്ലോ.
കുഞ്ഞി: ഞാന്‍ ഇന്നലെ അച്ചാച്ചനെക്കൊണ്ട് സത്യം ചെയ്യിച്ചു, പാപ്പനുമായി ഇനി കൂട്ടുകൂടാന്‍ പോകരുതെന്ന്.!
അപ്പന്: അതിനു ഞാന്‍ എന്നാടി ചെയ്തേ..
കുഞ്ഞി: ഇന്നലെ രണ്ടുംകൂടെ എട്ടു കാലിലാ കേറി വന്നേ, ഇത്രോം നേരമായിട്ടും എഴുന്നേറ്റിട്ടില്ല.
അപ്പന് അടുത്ത വീട്ടിലെ അരവിന്ദന് ചേട്ടന് കിടക്കുന്ന മുറിയിലേക്ക് നോക്കി.
അപ്പന്: എടോ ക്ണാപ്പാ, താന്‍ കാരണം ഞാന്‍ എന്തൊക്കെ കേള്‍ക്കാണോടോ.. ഇന്നലെ ഞാന്‍ മര്യാദയ്ക്ക് പറഞ്ഞതാ അയാളോട് ഇന്നെങ്കിലും നേരത്തും കാലത്തും കുടുംബത്തു കേറാന്ന്.. ആര് കേള്‍ക്കുന്നു?
ഇതും പറഞ്ഞു അപ്പന് മുറ്റത്തു വെച്ച ബക്കറ്റില്‍ നിന്നു വെള്ളം എടുത്തു വായ കുപ്ലിച്ചു തുപ്പി. അപ്പുറത്ത് നിന്നു എന്തോ കേട്ട പോലെ തോന്നി. തോര്‍ത്തെടുത്ത്് മുഖം തുടച്ചു തിരിഞ്ഞു നിന്നു.
അപ്പന്: കേട്ടില്ലാ..എടോ വല്ലതും പറയാനുണ്ടേല് ഒച്ചയില്‍ പറയണം.
മുറ്റമടിച്ചോണ്ടിരുന്ന എന്റെ ഭാര്യ മുറ്റമടി നിര്‍ത്തി.
ഭാര്യ: അപ്പാ.. അച്ചാച്ചന് എന്താ പറഞ്ഞെ, കേട്ടില്ല.
അപ്പന്: എന്ത് പറയാന്‍ എന്റെ തന്തയ്ക്ക് പറഞ്ഞു കാണും കൊച്ചേ. ഒരു ചായ എടുക്ക്.
ഭാര്യ ചൂല് ചാരി വെച്ചിട്ടു അടുക്കളയില്‍ ചെന്ന് ചായ എടുത്തുകൊണ്ട് വന്നു കൊടുത്തു. അപ്പന് പത്രം വായിക്കാന്‍ തുടങ്ങി. മുറിയിലിരിക്കുന്ന റേഡിയോ ഉച്ചത്തില്‍ പാടുന്നുണ്ടായിരുന്നു. ചായ കുടിക്കാന്‍ അപ്പന് ഗ്ലാസ് ചുണ്ടിനോട് അടുപ്പിച്ചപ്പോ കുഞ്ഞി അപ്പുറത്തു നിന്നു കരഞ്ഞോണ്ട് ഓടി വന്നു അപ്പനെ പിടിച്ചു വലിച്ചു. അവള് അലമുറയിട്ടു കരഞ്ഞു കൊണ്ട് അപ്പുറത്തേക്ക് കൈ ചൂണ്ടി കാണിച്ചു. ഞാന്‍ അപ്പുറത്തേക്ക് ഓടി. അരവിന്ദന് അച്ചാച്ചന്റെ മുറിയില്‍ കയറി. കട്ടിലില്‍ അനങ്ങാതെ കിടക്കുന്ന അച്ചാച്ചന്റെ ശരീരം.! ഞാന്‍ തൊടാന്‍ കൈ നീട്ടിയപ്പോഴേക്കും അപ്പനും കുഞ്ഞിയും അകത്തേക്ക് കയറി വന്നു. അപ്പന് അച്ചാച്ചനെ തട്ടി വിളിച്ചു. എഴുന്നേല്ക്കുന്നില്ല.! ഭാര്യ അടുക്കളയില്‍ നിന്നു വെള്ളം എടുത്തുകൊണ്ടുവന്നു അച്ചാച്ചന്റെ മുഖത്തു തളിച്ചു, അനക്കമില്ല.!
ഭാര്യ: നിങ്ങള്‍ വണ്ടി എടുക്ക്, നമുക്ക് കൊണ്ടോവാം..
ഞാന്‍ പുറത്തേക്ക്് ഇറങ്ങി വീട്ടിലേക്ക് നടന്നു. അപ്പന് ആ മുറിയില്‍ നിന്നു ഇറങ്ങി പുറത്തേക്ക് നടന്ന് വഴിയിലേക്കു നോക്കി. വീട്ടിലെ കരച്ചില് കേട്ട് അടുത്ത വീട്ടിലെ ആളുകള്‍ കൂടി. അപ്പന് കണ്ടം കുറുകെ പോകുന്ന റോണി ഡോക്ടറിനെ വിളിച്ചു കൊണ്ടുവന്നു.
എന്താ പാപ്പാ…ഡോക്ടര്‍ ചോദിച്ചു.
അരവിന്ദന് വിളിച്ചിട്ട് അനങ്ങുന്നില്ല!
ഡോക്ടര്‍ അകത്തു കയറി പള്‍സ് നോക്കി. അപ്പന് ഇതെല്ലം പുറത്തുനിന്നു നോക്കി കാണുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ഞാന്‍ വണ്ടി എടുത്ത് വീടിന്റെ മുമ്പില്‍ നിര്‍ത്തി. എഞ്ചിന് ഓഫ് ചെയ്യാതെ ബ്രേക്ക് വലിച്ചു നിര്‍ത്തി. ഞാന്‍ പുറത്തേക്ക് ഇറങ്ങി മുറ്റത്തേക്കു കയറിയപ്പോള്‍ ഡോക്ടര്‍ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി.
ഡോക്ടര്‍: സണ്ണി നീ വണ്ടി ഓഫ് ആക്കിക്കോ
അകത്തു കരച്ചിലിന്റെ ശബ്ദം കൂടി. അപ്പന് അകത്തേക്ക് നോക്കി ജനലിന്റെ അടുത്ത് നില്‍ക്കുണ്ടായിരുന്നു.
ഡോക്ടര്‍: വെളുപ്പിനെപ്പോഴോ ആള് പോയി, നീ കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് പോര്, ഞാന്‍ സര്‍ട്ടിഫിക്കറ്റ് തരാം. ഡോക്ടര്‍ ഇതൊക്കെ പറഞ്ഞു പോയി. ഞാന്‍ അപ്പനെ തന്നെ നോക്കി നിന്നു. അകത്തു അലമുറയിട്ടു കരച്ചില്.
ഒരു നിമിഷം പെട്ടെന്ന് അപ്പന് വെട്ടി തിരിഞ്ഞു വീട്ടിലേക്ക് വേഗം കൂട്ടി നടന്നു.
ഞാന്‍ അപ്പന്റെ പുറകെ ഓടി. അപ്പന് ഓടി അകത്തു കയറി വാതില്‍ അടച്ചു, ഞാന്‍ കതകില്‍ മുട്ടി വിളിച്ചു. തുറന്നില്ല, അവിടെ നിന്നിറങ്ങി ഞാന്‍ മുറിയുടെ ജനല്‍ തുറക്കാന്‍ നോക്കി. എന്നാല്‍ അതും അടച്ചു കുറ്റി ഇട്ടിരുന്നു. അകത്തു എന്തൊക്കെയോ താഴെ വീണു ഉടയുന്ന ശബ്ദം കേട്ടു. അത്രയും നേരം പാടിക്കൊണ്ടിരുന്ന റേഡിയോ നിശ്ശബ്ദമായി.
അപ്പന് വാതില്‍ തുറന്നു ഇറങ്ങി നടന്നു. ഞാന്‍ അപ്പന്റെ പുറകെ നടന്നു.
അപ്പന് അച്ചാച്ചന്റെ മുറിയിലേക്കു നടന്നു കയറി. കൂട്ടുകാരന്റെ മരവിച്ച കയ്യിലേക്ക് ഒരു നൂറിന്റെ നോട്ട് വെച്ച് കൊടുത്തു. ആ കണ്ണ് നിറഞ്ഞ് ഒഴുകി.
അപ്പന് ചോദിച്ചു, അപ്പൊ താന്‍ ജയിച്ചല്ലേ …!
പ്രതികരിക്കാൻ ഇവിടെ എഴുതുക: