കണ്ണൂര്‍: ഒരു മണ്ഡലത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്കുന്ന സിപിഎം അവസരവാദ നിലപാട് ചര്‍ച്ചയാകുന്നു. കേരളത്തോട് അതിര് പങ്കിടുന്ന പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലാണ് സിപിഎമ്മിന് ഈ വിചിത്ര നിലപാട്. പുതുച്ചേരി മണ്ഡലത്തിലെ ഏഴ് ലോക്കല്‍ കമ്മറ്റികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്കുമ്പോള് കേരളത്തോട് ചേര്‍ന്നു നില്ക്കുന്ന മാഹി, പള്ളൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെയാണ് പിന്തുണയ്ക്കുന്നത്.
ദേശീയതലത്തില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്ന സിപിഎം കേരളത്തില്‍ കോണ്‍ഗ്രസുമായി പ്രഹസന മത്സരം നടത്തുകയാണ്. കണ്ണൂരിലെ സിപിഎം നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മിറ്റികളാണ് പള്ളൂര്‍, മാഹി എന്നിവ. ഇവ വടകര, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളോട് ചേര്‍ന്നു കിടക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പള്ളൂര്‍, മാഹി ലോക്കല്‍ കമ്മറ്റികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. എണ്ണത്തില്‍ കുറവേ ഉള്ളൂവെങ്കിലും പോണ്ടിച്ചേരിയിലെ സിപിഎം പ്രവര്‍ത്തകരിലും നേതാക്കളിലും ഇത് അതൃപ്തിക്ക് കാരണമായി.
എന്നാല്‍, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സിപിഎം അഖിലേന്ത്യാ നേതൃത്വത്തിനുള്ളത്. തമിഴ്നാട്ടില്‍ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ സഖ്യമായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ വി. വൈദ്യലിംഗമാണ് സഖ്യം സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ആര്‍ കോണ്‍ഗ്രസിലെ ഡോ. കെ. നാരായണസ്വാമിയും കമലഹാസന് നീതിമയ്യം സ്ഥാനാര്‍ത്ഥിയായി ഡോ. എം.എ.എസ്. സുബ്രഹ്മണ്യനും അടക്കം 18 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. പോണ്ടിച്ചേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ രാഹുലിന്റെയും സിപിഎം-സിപിഐ നേതാക്കളുടെയും പടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററുകള്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ എതിര്‍കക്ഷികള്‍ പ്രചരണായുധമാക്കിയതോടെയാണ് പൊതു നിലപാടിന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ സിപിഎം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: