ആലപ്പുഴ: ആലപ്പുഴയില്‍ ഇക്കുറി മത്സരം കടുക്കും. പ്രചരണത്തിന്റെ തുടക്കത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മുന്നേറ്റം നടത്തിയെങ്കിലും എന്‍ഡിഎ, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എത്തിയതോടെ വിജയം പ്രവചനാതീതമായി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ്സി മുന്‍ ചെയര്‍മാനും, കാലടി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലറും എഴുത്തുകാരനുമായ ഡോ.കെ.എസ.് രാധാകൃഷ്ണനും എല്‍ഡിഎഫിലെ എ.എം. ആരിഫും യുഡിഎഫിലെ ഷാനിമോള്‍ ഉസ്മാനും തമ്മിലാണ് പ്രധാന പോരാട്ടം. വികസനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളാകും വിലയിരുത്തുക. പന്ത്രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എട്ട് തവണയും ഇടതുപക്ഷം നാലുതവണയും വിജയിച്ചിട്ടുണ്ട്. എന്നാല്‍, വികസനം മാത്രം അകലെയാണ്.
മോദി സര്‍ക്കാരിന്റെ വികസനവും, കാര്‍ഷിക-മത്സ്യമേഖലയോടുള്ള പ്രത്യേക താല്‍പ്പര്യവും, രാജ്യസുരക്ഷയ്ക്ക് നല്കുന്ന പ്രാധാന്യവും ചൂണ്ടിക്കാട്ടിയാണ് ഡോ. കെ.എസ്. രാധാകൃഷ്ണന് ആലപ്പുഴ മണ്ഡലത്തിലെ ജനങ്ങളെ സമീപിക്കുന്നത്. മോദി സര്‍ക്കാര്‍ ആലപ്പുഴയ്ക്ക് നല്കിയ സഹായങ്ങളും, വികസന പദ്ധതികളും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് പ്രചാരണം. മത്സ്യമേഖലയ്ക്ക് ഏറെ ഗുണം ലഭിക്കുന്ന ഫിഷറീസ് മന്ത്രാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് തീരമേഖലയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് നേട്ടമാകും. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നല്കിയാല് തുറമുഖ വികസനത്തിന് പണം അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടും ഇതുവരെ സംസ്ഥാനം പദ്ധതി നല്‍കാത്തതും തീരമേഖലയില്‍ ചര്‍ച്ച ചെയ്യപ്പെടും. രാഷ്ട്രീയത്തിന് അതീതമായുള്ള ബന്ധങ്ങള്‍ കെ.എസ്. രാധാകൃഷ്ണനു കരുത്താവും.
എംപിയുടെ ഒളിച്ചോട്ടം
കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാലാണ് ആലപ്പുഴയെ പ്രതിനിധാനം ചെയ്യുന്നത്. രണ്ടു വര്‍ഷം കേന്ദ്രമന്ത്രിയുമായി. എന്നിട്ടും ആലപ്പുഴയില്‍ വികസനമെത്തിക്കുന്നതില്‍ വേണുഗോപാല്‍ പരാജയപ്പെടുകയായിരുന്നു.
നാല്പ്പത്തഞ്ചു വര്‍ഷംമുമ്പ് തുടങ്ങിയ ബൈപാസ് നിര്‍മാണം പൂര്‍ത്തികരിക്കാന്‍ പോലും കഴിഞ്ഞില്ല. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം അനുവദിച്ച ഫണ്ടാണ് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തികരണത്തിന് സഹായിച്ചത്. ചെലവ് കുറഞ്ഞ നഗരയാത്രയ്ക്കും ടൂറിസത്തിനും ഏറെ സഹായകരമാകുമായിരുന്ന കനാല്‍ ശുചീകരണവും പരാജയപ്പെട്ടു. ഇതിന്റെ പേരില്‍ കോടികള്‍ ചെലവാക്കിയതല്ലാതെ കനാല്‍ ശുചീകരണം മാത്രം എങ്ങുമെത്തിയില്ല.
മറീന കം കാര്‍ഗോ ടെര്‍മിനല്‍ പദ്ധതിയും എങ്ങുമെത്തിയില്ല. മത്സ്യ-കയര്‍-കാര്‍ഷിക മേഖലയ്ക്ക് യാതൊരു സഹായവും നല്കാന് കഴിഞ്ഞില്ല. ഇതെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് വെല്ലുവിളിയാകും. പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രചാരണത്തിന് സഹകരിക്കാത്തതും ഷാനിമോള്‍ക്ക് തിരിച്ചടിയാണ്.
വാഗ്ദാനം പാലിക്കാത്ത ഇടതുപക്ഷം
അരൂര്‍ എംഎല്‍എ എ.എം. ആരിഫിനെ ആലപ്പുഴയില്‍ മത്സരിക്കാന്‍ എത്തിച്ചത് സിപിഎമ്മിന്റെ വര്‍ഗീയ കണ്ണാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ടില്‍ ലക്ഷ്യം വച്ച് വിജയിക്കാമെന്ന കണക്കു കൂട്ടലായിരുന്നു. എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി എത്തിയതോടെ അതും പൊളിഞ്ഞു. അക്രമരാഷ്ട്രീയവും വിശ്വാസലംഘനവും സ്ത്രീസുരക്ഷയും വിലക്കയറ്റവും സജീവ ചര്‍ച്ചയായതോടെ ഇടതുപക്ഷം പ്രതിരോധത്തിലായി. കുട്ടനാട് പാക്കേജിലെ അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും ആലപ്പുഴയില്‍ ഏറെ ചര്‍ച്ച ചെയ്യാതിരിക്കാന്‍ സ്ഥിരം ആരോപണവുമായ വര്‍ഗീയതയെ പ്രചരണായുധമാക്കുകയായിരുന്നു സിപിഎം. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ പ്രചരണത്തില്‍ കാര്യമായി സഹകരിക്കാത്തതും ഇടതുപക്ഷത്തിന് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: