കൊച്ചി: മോദി സര്‍ക്കാരിന്റെ ഭരണത്തില്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന് നേട്ടങ്ങളുടെ പെരുമഴ. കേരള ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള പദ്ധതിയടക്കം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സ്വന്തമാക്കാന്‍ ബിപിസിഎല്ലിന് സാധിച്ചു. 16,504 കോടി രൂപയാണ് പുതിയ സംയോജിത റിഫൈനറി വികസന കോംപ്ലക്സിനായി ചെലവിട്ടിരിക്കുന്നത്.
സംയോജിത റിഫൈനറി പദ്ധതി (ഐആര്‍ഇപി) യാഥാര്‍ഥ്യമായതോടെ റിഫൈനറിയുടെ ശേഷി 15.5 മില്യണ്‍ മെട്രിക് ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്. ബിഎസ് നാല് നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ കൊച്ചിയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണു റിഫൈനറി വികസനത്തിലൂടെ കേരളത്തിന് ലഭിച്ച സുപ്രധാന നേട്ടം. 16,504 കോടി രൂപ മുതല്‍ മുടക്കുള്ള ഐആര്‍ഇപി പദ്ധതി കേരളത്തില്‍ ഒറ്റ പദ്ധതിയിലൂടെ ഉണ്ടാക്കിയിട്ടുള്ള ഏറ്റവും വലിയ വ്യവസായ നിക്ഷേപമാണ്. പദ്ധതി അതിന്റെ മൂന്ന്- നാല് വര്‍ഷത്തെ നിര്‍മ്മാണ കാലഘട്ടത്തില്‍ 20,000 ല്‍ അധികം ആളുകള്‍ക്ക് പരോക്ഷമായി തൊഴില്‍ ലഭ്യമാക്കാനും, ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ക്കും അനുബന്ധ അടിസ്ഥാന അടിസ്ഥാന സൗകര്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കാനും സാധിച്ചിട്ടുണ്ട്.
പദ്ധതിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ 500 പേര്‍ക്ക് പ്രത്യക്ഷ, പരോക്ഷ തൊഴില്‍ സാധ്യതയും സൃഷ്ടിക്കപ്പെടും. ഐആര്‍ഇപി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍, കൊച്ചി റിഫൈനറിക്ക് പ്രതിവര്‍ഷം 5,00,000 മെട്രിക് ടണ്‍ (എംടിപിഎ) പ്രൊപെലെന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടാകും. ഇത് ഉപയോഗപ്പെടുത്തുന്നതിലൂടെ, രാജ്യം ഇറക്കുമതി ചെയ്യുന്ന പെട്രോകെമിക്കലുകളെ ആശ്രയിക്കുന്നതില്‍ കുറവ് വരുത്താന്‍ സാധിക്കും. പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനമാണ് കഴിഞ്ഞിരിക്കുന്നത്. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
പെട്രോകെമിക്കല്‍ ഹബ്ബാക്കുന്നു
ക്രൂഡോയില്‍ ഇറക്കുമതി കുറക്കുന്നതിനുള്ള നിര്‍ണ്ണായക നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ക്രൂഡോയിലിന്റെ പത്ത് ശതമാനം ഇറക്കുമതി കുറച്ചാല്‍ തന്നെ വിദേശ നാണ്യ വിനിമയത്തില്‍ വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും. ഇത് സാധ്യമാകണമെങ്കില്‍ ഇന്ത്യയെ പെട്രോകെമിക്കല്‍ ഹബ്ബാക്കി മാറ്റണം. അതിന് ഏറ്റവും അനുയോജ്യമായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത് കൊച്ചിയെയാണ്. കൊച്ചി ബിപിസിഎല്ലിലൂടെ രാജ്യത്തിന്റെ പെട്രോകെമിക്കല്‍ സബ്ബായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള കേരളത്തിന്റെ പ്രവേശനമായിരിക്കും ഇതിലൂടെ തുടക്കം കുറിക്കപ്പെടുന്നത്.
എംഎസ്വിയും സജ്ജം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചിന് ബോട്ട്ലിങ് പ്ലാന്റിലെ മൗണ്ട് സ്റ്റോറേജ് വെസല്‍സ് (എംഎസ്വി) 2019 ജനുവരി 27ന് രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. എല്‍പിജി സ്റ്റോറേജില്‍ 1,200 എംടി വീതമുള്ള മൂന്ന് ബുള്ളറ്റുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 50 കോടി രൂപയാണ് ഇതിന്റെ ചെലവ്. കൊച്ചി എല്‍പിജി ബോട്ട്ലിങ് പ്ലാന്റിന്റെ സംഭരണ ശേഷി ഇപ്പോള്‍ 4,350 എംടിയായി വര്‍ദ്ധിച്ചിരിക്കുകയാണിപ്പോള്‍.
പ്ലാന്റിന്റെ ഏകദേശം ആറ് ദിവസത്തെ ബോട്ട്ലിങിന് വേണ്ട എല്‍പിജി സംഭരിക്കാന്‍ ശേഷിയുണ്ട്. ഈ സംഭരണശേഷി എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനകരമാവും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും, അഗ്നിശമന സംവിധാനങ്ങളും, വാതക ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള ഇന്‍ഫ്രാറെഡ് അധിഷ്ടിത വാതക നിരീക്ഷണ സംവിധാനങ്ങളോടും കൂടിയാണ് സജ്ജമാക്കിയിരിക്കുന്നത്.
നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ട്
ബിപിസിഎല്ലിന് മറ്റ് എണ്ണ കമ്പനികളുമായി ചേര്‍ന്ന് നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തുന്നു. യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കുകയും എണ്ണ, പ്രകൃതി വാതക വ്യവസായ രംഗത്തും മറ്റ് വ്യവസായങ്ങളിലും യുവാക്കളുടെ തൊഴില്‍ ക്ഷമത/ സംരഭകത്വം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ആധുനിക സൗകര്യങ്ങളോടെ 36,542 ചതുരശ്രയടിയില്‍ ആദ്യ കാമ്പസ് സ്ഥാപിതമായത് അങ്കമാലിയിലെ ഇന്‍കെല്‍ ബിസിനസ്സ് പാര്‍ക്കിലാണ്. രണ്ടാമത്തെ കാമ്പസ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ് തയ്യാറാക്കുന്നത്. ഇത് 2020ല്‍ പകുതിയോടെ പ്രവര്‍ത്തനക്ഷമമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: