മണ്ഡലം രൂപംകൊണ്ടശേഷം കോണ്‍ഗ്രസിനെമാത്രം ജയിപ്പിച്ച മണ്ഡലമാണ് വയനാട്. പറഞ്ഞിട്ടെന്തുഫലം! അവിടെ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വരുമെന്ന് കെപിസിസിയുടെ നേതാക്കളെല്ലാം ആവര്‍ത്തിക്കുന്നു. രാഹുല്‍ വരുമോ? വരില്ലേ എന്ന പരിഹാസ ചോദ്യം നാടാകെ പടരുന്നു. രണ്ടാഴ്ചയോളമായി രാഹുലിന്റെ പേര് മലകയറിയിട്ട്. ജനങ്ങളുടെ ആശ മലയിറങ്ങുകയാണ്. വയനാട്ടില്‍ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. പക്ഷെ അവര്‍ക്കത് കഴിയുന്നില്ല എന്ന ഗതികേടിലാണ്.
ഏറ്റവും ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറയുന്നത് ദല്‍ഹിയില്‍ ചില ബാഹ്യശക്തികള്‍ രാഹുലിനെ പിന്തിരിപ്പിക്കുന്നു എന്നതാണ്. ബാഹ്യശക്തികള്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ സ്വാധീനിച്ചു എന്ന് സാരം. ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഒരാളെ പാര്‍ട്ടി അധ്യക്ഷനായി നില്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭികാമ്യമോ? ഇങ്ങനെ ഒരാള്‍ താക്കോല്‍ സ്ഥാനത്തെത്തിയാല്‍ എന്താകും സ്ഥിതി?
വയനാട്ടില്‍ച്ചെന്ന് പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ധിക്കാണത്. സിദ്ധിക്ക് ചുരംകയറി പ്രവര്‍ത്തനം തുടങ്ങി. അപ്പോഴാണ് ആദ്യപടിയില്‍ അമേഠിയില്‍ മത്സരം ഉറപ്പിച്ച രാഹുല്‍ വയനാട്ടില്‍ നോട്ടമിട്ടത്. കോണ്‍ഗ്രസുകാര്‍ അത് ആവേശമാക്കി. ദല്‍ഹിവരെ പലവട്ടം ചെന്ന് രാഹുല്‍ജി വരണം വരണം എന്ന് ആവര്‍ത്തിച്ചു. അപ്പോഴാണ് സിപിഎമ്മിന്റെ ചോദ്യം.
വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വംകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് എന്ത് സന്ദേശമാണ് നല്കാന് പോകുന്നത്? ചോദ്യം പ്രസക്തമാണ്. കേരളത്തില്‍ ഇടതുപക്ഷം മത്സരിക്കുന്നത് ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ്. അവരത് പരസ്യമായിപറയുകയും ചെയ്യുന്നു. തമിഴ്നാട് അടക്കം ആറ് സംസ്ഥാനങ്ങളില്‍ ഇവര്‍ ഒരു മുന്നണിയുമായാണ് പ്രവര്‍ത്തിക്കുന്നത്. കൈപ്പത്തിക്കുവേണ്ടി അരിവാള്‍ ചുറ്റികയില്‍ വോട്ട് ചോദിക്കുന്ന കൂട്ടരാണിവരെന്ന് 2004ല്‍ കണ്ടതാണ്. കഴുതയും കുതിരയും ഇണചേരുന്നപോലെ. ജനിക്കുന്നതോ കോവര്‍കഴുത. അത് പത്ത് വര്‍ഷം ഭരിച്ച് ഏഴരലക്ഷം കോടിയുടെ അഴിമതി നടത്തി. ആ ഭരണം തിരിച്ചുവരാന്‍ ജനങ്ങള്‍ അനുവദിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: