തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിന് ജനങ്ങളോട് തോന്നുന്ന സ്നേഹത്തിന് ‘കീറത്തുണിയുടെ രാഷ്ട്രീയം’ എന്ന്പോലും പറയാനാവില്ല. അറുപത് വര്‍ഷം രാജ്യം ഭരിച്ചവര്‍ക്ക് ഇപ്പോഴും ജനസഹസ്രങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുകയാണെന്ന തിരിച്ചറിവുണ്ടായത് ഒരുതരത്തില്‍ നല്ലതു തന്നെ.
ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തിലൂടെ ജനസാമാന്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ ചരിത്രത്തിന്റെ പരിഹാസ്യമായ ചവറ്റുകുട്ടയിലേക്ക് സ്വയം വീഴുമ്പോള്‍ നിലനില്‍പ്പിനായി ചില പുതിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം.
പാവങ്ങള്‍ക്ക് വര്‍ഷം തോറും അക്കൗണ്ടിലേക്ക് 72,000 കോടി രൂപ നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ എങ്ങനെയെങ്കിലും അധികാരത്തിലേറ്റൂ എന്നാണ് അതിന്റെ പിന്നിലുള്ള ദയനീയമായ അപേക്ഷ. ജനസംഖ്യയുടെ 20 ശതമാനം വരുന്ന പാവങ്ങള്‍ക്കാണ് ഇത്തരത്തില്‍ പണം നല്‍കുക. ഇങ്ങനെയുള്ള കുടുംബങ്ങള്‍ക്ക് മാസം 12,000 രൂപയാണ് നല്‍കുക.
ഒരു തരത്തിലും കരകയറാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് രാഹുല്‍ തുരുപ്പുചീട്ട് ഇറക്കാന്‍ തയാറായത്. ഇത് പൊതുസമൂഹത്തില്‍ പരിഹാസ്യമായ ചലനമാണ് ഉണ്ടാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നെഹറുവില്‍ തുടങ്ങി രാജീവ് ഗാന്ധിയിലും പിന്നീട് അതേ സംസ്കാരമുള്ള മന്‍മോഹനിലും എത്തിനിന്ന ഭരണത്തിന്റെ യഥാര്‍ഥചിത്രം എന്താണെന്ന് രാഹുലിന്റെ പുതിയ ‘നയുതം ആയ് യോജന’ (ന്യായ്) വഴി വ്യക്തമായിരിക്കുകയാണ്.
ഇന്ദിര ഗാന്ധി ഉയര്‍ത്തിയ ‘ഗരീബി ഹഠാവോ’ വഴി സ്വന്തം കുടുംബത്തിലെ ദാരിദ്ര്യം പോയ്മറഞ്ഞ്കോടികളുടെ ആസ്തിയില്‍ എത്തിയെന്നല്ലാതെ ഇന്ത്യയിലെ ദരിദ്രകോടികള്‍ക്ക് ഒരു ഗുണവുമുണ്ടായില്ല. അവര്‍ കൊടിയ ദാരിദ്ര്യത്തിലേക്ക് നിപതിച്ചു. മുദ്രാവാക്യത്തിലൂടെ ഭരണത്തിലേറി എല്ലാം കൈപ്പിടിയിലൊതുക്കാമെന്ന കോണ്‍ഗ്രസ് സംസ്കാരത്തിന്റെ പുതിയ മുഖമാണ് ‘ന്യായ്’ വഴി അനാവൃതമാകുന്നത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണം എങ്ങനെയാണ് ഇന്ത്യയെയും ഇന്ത്യക്കാരെയും നോക്കിക്കണ്ടത് എന്ന് അറിയുമ്പോഴാണ് രാഹുലന്റെ മുദ്രാവാക്യം അപഹാസ്യമായിത്തീരുന്നത്. ഒരു തരത്തിലും ജനങ്ങളെയും അവരുടെ വികാരങ്ങളെയും കണക്കിലെടുക്കാതെയുള്ള കോണ്‍ഗ്രസ്സിന്റെ ഭരണ സംസ്കാരത്തിന്റെ വികൃത മുഖം പേടിപ്പെടുത്തുന്ന തരത്തില്‍ പിന്തുടരുമ്പോള് ‘ന്യായ്’ പോലുള്ള അന്യായ വേലത്തരങ്ങള്‍ നടത്താതെ വയ്യ എന്നായിരിക്കുന്നു.
രാഹുലിന്റെ പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ വര്‍ഷം ഏതാണ്ട് 3.60 ലക്ഷം കോടി രൂപയാണ് വേണ്ടിവരിക. ഈ പണം എവിടെ നിന്ന് കണ്ടെത്തുമെന്നോ എങ്ങനെയൊക്കെയാണ് അത് രൂപപ്പെടുത്തിയെടുക്കുകയെന്നോ വ്യക്തമല്ല. ഒരു തരത്തിലുമുള്ള വിശദീകരണങ്ങളുമില്ലാതെയാണ് ‘വോട്ടിനുള്ള താങ്ങ്’ എന്ന നിലയില്‍ പദ്ധതി ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്. ജയ് ജവാന് ജയ് കിസാന്‍ സംസ്കാരത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികള്‍ രാഹുല്‍ സംഘത്തിനുമേല്‍ പതിച്ച ഇടിത്തീയായിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ നല്കുന്ന മോദി സര്‍ക്കാരിന്റെ പദ്ധതി ഐതിഹാസികവിജയമായിരിക്കുകയാണ്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാം നാള് ബാങ്ക് അക്കൗണ്ടില്‍ ആദ്യ ഗഡു എത്തിയത് സര്‍വരേയും അമ്പരപ്പിച്ചിരുന്നു. ആ ആത്മാര്‍ഥതയ്ക്ക് അവര്‍ സര്‍ക്കാരിനോട് അങ്ങേയറ്റം കൃതാര്ഥരുമായി.
രാജ്യത്തിന്റെ മനസ്സ് മോദി സര്‍ക്കാരിനൊപ്പമാണെന്ന പരിഭ്രാന്തിയില്‍ കോണ്‍ഗ്രസ് എന്തൊക്കെയോ ചെയ്തുകൂട്ടുകയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് രാഹുലിന്റെ പുതിയ മുദ്രാവാക്യം. മുദ്രാവാക്യങ്ങളൊന്നും പലപ്പോഴും ലക്ഷ്യം കാണില്ലെന്ന് അറിയുന്നവര്‍ അടുത്ത മുദ്രാവാക്യത്തിന് കാത്തിരിക്കുന്നു. ജനങ്ങളെ വഞ്ചിച്ച ചരിത്രമുള്ള കോണ്‍ഗ്രസ്സിന് ഇതൊന്നും പുത്തരിയല്ല എന്നത് വേറെ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: