മണ്ഡലം രൂപപ്പെട്ട, 1977 മുതല്‍, ഇടുക്കിയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെങ്കിലും കഴിഞ്ഞ തവണത്തെ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടിയെ പിടിച്ചുലച്ചു. വിജയം ആവര്‍ത്തിക്കാന്‍ ജോയ്സ് ജോര്‍ജിനെ എല്‍ഡിഎഫ് അവതരിപ്പിക്കുന്നു, പ്രതികാരത്തിന് യുഡിഎഫ് ഡീന്‍ കുര്യാക്കോസിനെത്തന്നെ നിയോഗിച്ചു.
തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം നിയമസഭാമണ്ഡലങ്ങളാണ് ഇടുക്കിയുടെ പരിധിയില്‍ വരുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചും ഇടത് പിടിച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) വിജയിച്ചു.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് പത്തനംതിട്ടയും റാന്നിയും നീക്കി മൂവാറ്റുപുഴയും കോതമംഗലവും ഇടുക്കിയോട് ചേര്‍ത്തത്. 2009ല്‍ എല്‍ഡിഎഫിന്റെ ഫ്രാന്‍സിസ് ജോര്‍ജി നെ(കേരള കോണ്‍ഗ്രസ്) യുഡിഎഫിലെ പി.ടി. തോമസ് 74,796 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2014ല്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് തിളച്ച് മറിയുകയായിരുന്നു മലയോര മേഖല. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന് അനുകൂലമായി സംസാരിച്ചെന്ന പേരില്‍ പി.ടി. തോമസിന് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. കോണ്‍ഗ്രസ് തോമസിനെ മാറ്റി ഡീനിനെ രംഗത്തിറക്കിയെങ്കിലും ക്രൈസ്തവ സഭ മുഖം തിരിഞ്ഞ് തന്നെ നിന്നു.
ഇടത് മുന്നണി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയില്‍ ജോയ്സ് ജോര്‍ജിനെ രംഗത്തിറക്കി. ജോയ്സ് 50,542 വോട്ടുകള്‍ക്ക് ജയിച്ചു. കോണ്‍ഗ്രസിന്റെ വിജയം തട്ടിത്തെറിപ്പിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമേയല്ല.
ഭൂരിപക്ഷവും കര്‍ഷകരുള്ള നാല് നിയമസഭാ മണ്ഡലങ്ങളാണ് വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത്. ഏലക്കാടുകള്‍ വിയര്‍ക്കുന്നത് പോലും ചുമപ്പ് നിറത്തിലാണെന്ന് സിനിമയില്‍ ഡയലോഗ് പറയുമ്പോഴും 1980ല്‍ മാത്രമാണ് സിപിഎമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ച് ഒരാള്‍ ഇവിടെ വിജയിച്ചിട്ടുള്ളത്. എം.എം. ലോറന്‍സ്, 7033 വോട്ടിന്. പതിമൂന്നു തെരഞ്ഞെടുപ്പുകളില്‍ എട്ടിലും യുഡിഎഫിന് ഒപ്പമായിരുന്നു വിജയം.
പ്രകൃതിക്ഷോഭവും മഹാപ്രളയവും ഏറ്റവും അധികം പിടിച്ച് കുലുക്കിയത് ഈ മലയോര ജനതയെയാണ്. പിന്നാലെയുണ്ടായ കര്‍ഷക മേഖലയിലെ ആത്മഹത്യകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: