വോട്ടെടുപ്പ് തീയതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം മാറിയതോടെ, മഞ്ഞുവീഴുന്ന ജമ്മുകശ്മീരില്‍ അനുദിനമെന്നോണം തെരഞ്ഞെടുപ്പ് ചൂട് വര്‍ധിക്കുകയാണ്. ഏപ്രില്‍ 11, 18, 23, 29, മെയ് 6 എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലായാണ് കശ്മീരില്‍ വോട്ടെടുപ്പ്. റംസാന് കാലം കണക്കിലെടുത്ത് തീയതികള്‍ മാറ്റണമെന്ന് പല രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് നിരസിച്ചു.
ആറ് ലോക്സഭാ മണ്ഡലങ്ങളാണ് ജമ്മുകശ്മീരിലുള്ളത്. അനന്തനാഗ്, ബാരാമുള്ള, ജമ്മു, ലഡാക്ക്, ശ്രീനഗര്‍, ഉധംപൂര്‍. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപിയും മൂന്നിടത്ത് പിഡിപിയുമാണ് ജയിച്ചത്. തപ്സാന് ചെവാങ്, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ജുഗല്‍ കിഷോര്‍ എന്നിവരാണ് ബിജെപി അംഗങ്ങള്‍. ഇവര്‍ യഥാക്രമം ലഡാക്ക്, ഉധംപൂര്‍, ജമ്മു മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നു.
ബാരാമുള്ളയില്‍ ജയിച്ച പിഡിപിയുടെ മുസഫര്‍ ഹുസൈന് ബേഗ് 2016-ല്‍ രാജിവയ്ക്കുകയും, ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള ജയിക്കുകയും ചെയ്തു. അനന്തനാഗില്‍നിന്ന് ജയിച്ച പിഡിപിയുടെ മെഹ്ബൂബ മുഫ്തി 2016-ല്‍ ബിജെപി സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന് രാജിവച്ചു. ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സ്ഥിതിവിശേഷം അനുകൂലമല്ലാത്തതിനാല്‍ റദ്ദാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തി. ജമ്മു മേഖല ബിജെപി തൂത്തുവാരുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. 2014 ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, തിളങ്ങുന്ന വിജയം നേടിയ ബിജെപി മൂന്നുമാസത്തിനുശേഷം പിഡിപിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിച്ച് പലരെയും ഞെട്ടിച്ചു. മൂന്നുവര്‍ഷത്തിലേറെ നീണ്ട ഭരണം ബിജെപി പിന്തുണ പിന്‍വലിച്ചതോടെ അവസാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലയളവ് ഉള്ളപ്പോഴായിരുന്നു നിര്‍ണായകമായ ഈ നീക്കം.
സംസ്ഥാനത്ത് വികസനവും സമാധാനവും കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പിഡിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തയ്യാറായത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ കഴിയാവുന്നത്ര ശ്രമിക്കുകയും ചെയ്തു. 80,000 കോടിയുടെ വികസനപാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിനായി പ്രഖ്യാപിച്ചത്. പ്രശ്നപരിഹാരത്തിന് മധ്യസ്ഥനെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. 600-ലേറെ ഭീകരരെ നിര്‍മാര്‍ജനം ചെയ്തു. ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പിഡിപിയുടെ നയങ്ങള്‍ ബാധ്യതയാവുമെന്ന് വന്നപ്പോഴാണ് സര്‍ക്കാരില്‍നിന്ന് ബിജെപി പിന്മാറിയത്.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി തിരിച്ചടിച്ചതോടെ ശക്തമായ മോദിതരംഗം ജമ്മുകശ്മീരിലും അലകള്‍ സൃഷ്ടിച്ചു. ഭീകരരെ സഹായിക്കുന്ന വിഘടനവാദി സംഘടനകളായ ഹുരിയത്തിനെയും ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ച് ശക്തമായ മുന്നറിയിപ്പാണ് കേന്ദ്രം നല്‍കിയത്. ഇത് തങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് കരുതി പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ്സും ഭീകരവാദത്തെ പിന്തുണച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുണ്ട്.
എതിരാളികളെക്കാള്‍ പ്രചാരണത്തില്‍ ബിജെപി ഏറെ മുന്നിലാണ്. ജമ്മുകശ്മീരിന്റെ ചുമതലയുള്ള പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് അവിനാശ്റായ് ഖന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആകെയുള്ള ആറ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചുകഴിഞ്ഞു. രാജ്യമെമ്പാടുനിന്നും എന്‍ഡിഎസഖ്യം 400ലേറെ സീറ്റുകള്‍ നേടുമ്പോള്‍ കശ്മീരിലെ ഭൂരിപക്ഷം സീറ്റുകളും അതില്പ്പെടുമെന്ന ആത്മവിശ്വാസമാണ് അവിനാശ് ഖന്ന പങ്കുവയ്ക്കുന്നത്.
2014ല്‍ മൂന്നുസീറ്റാണ് നേടാന്‍ കഴിഞ്ഞതെങ്കില്‍ ഇക്കുറി ആറ് സീറ്റും പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബിജെപി നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കശ്മീരിലെ ജനങ്ങളില്‍നിന്നുള്ള പിന്തുണയാണ് ഏറ്റവുംവലിയ അനുകൂലഘടകമായി ബിജെപി നേതൃത്വം കാണുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് കശ്മീരി യുവാക്കള്‍ സൈന്യത്തില്‍ ചേരാന്‍ തയ്യാറായത് മോദി തരംഗത്തിന് തെളിവായി വിലയിരുത്തപ്പെടുന്നു.
ഭീകരവാദത്തെ അടിച്ചമര്‍ത്തുന്ന മോദി തെരഞ്ഞെടുപ്പിലും അദ്ഭുതങ്ങള്‍ കാണിക്കുമെന്ന ഭയം പിഡിപിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും ഒരുപോലെയുണ്ട്. ഇതിനാലാണ് കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറയുന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ജമ്മു-ലഡാക്ക് മേഖലകള്‍ കോണ്‍ഗ്രസ്സിന് നല്കി താഴ്വരയിലെ മൂന്നു സീറ്റില്‍ പിന്തുണ നേടാമെന്നതാണ് തന്ത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമറിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടിയിരുന്നില്ല. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാമെന്ന് പിഡിപിനേതാവ് മെഹബൂബ പറയുന്നതും ബിജെപി മുന്നേറ്റം ഭയന്നാണ്.
ഒറ്റയ്ക്കൊറ്റയ്ക്ക് ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാനാവില്ലെന്ന് ഈ പാര്‍ട്ടികള്‍ പരോക്ഷമായി സമ്മതിക്കുന്നതിന് തുല്യമാണിത്. പരാജയഭീതിയില്‍ മൂന്നു കക്ഷികളും സഖ്യമായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അപ്പോള്‍പ്പോലും ബിജെപിയുടെ മുന്നേറ്റത്തെ ചെറുക്കാനാവില്ലെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. കാരണം, മാറ്റത്തിന്റെ കാറ്റ് കശ്മീരില്‍ അത്ര ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: