ന്യൂദല്‍ഹി: സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് വെട്ടിമാറ്റിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കയര്‍ത്ത് കെ.വി. തോമസ്. എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ഇടഞ്ഞ്നില്‍ക്കുന്ന തോമസിനെ അനുനയിപ്പിക്കാന്‍ ഇന്നലെ രാവിലെയാണ് ചെന്നിത്തല വസതിയിലെത്തി കണ്ടത്. എന്നാല്‍ എന്തിനാണ് ഈ നാടകമെന്ന് ചോദിച്ച് അദ്ദേഹം രോഷാകുലനായി. ഒരു ഓഫറും വേണ്ട. എന്ത് പറയാനാണ് വന്നത്. ഒന്നും കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും തോമസ് തുറന്നടിച്ചു.
ഇതിനിടെ അദ്ദേഹം ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും പുറത്തുവന്നു. അടുത്തിടെ ബിജെപിയിലെത്തിയ ടോം വടക്കന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതായാണ് മാധ്യമങ്ങള്‍ സൂചന നല്‍കിയത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം അനുനയനീക്കങ്ങള്‍ ശക്തമാക്കി. ഉച്ചയ്ക്കുശേഷം നിലപാടില്‍ വിട്ടുവീഴ്ച ചെയ്ത തോമസ് കേരള ഹൗസിലെത്തി ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് വിടില്ലെന്നും ഹൈബിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമാനങ്ങളല്ല തന്നെ വേദനിപ്പിച്ചതും രോഷാകുലനാക്കിയതും. പെരുമാറ്റം ശരിയായില്ലെന്ന് തോന്നി. ബിജെപി ഒന്നും വെച്ചുനീട്ടിയിട്ടില്ല. അദ്ദേഹം വിശദീകരിച്ചു.
സിറ്റിങ് എംപിമാരില്‍ തന്നെ മാത്രം ഒഴിവാക്കിയത് അപമാനിക്കലാണെന്ന് തോമസ് ആദ്യം തുറന്നടിച്ചിരുന്നു. ഒഴിവാക്കിയത് ഞെട്ടിച്ചെന്നും ഭാവി കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക് ഇന്നലെ തോമസുമായി ചര്‍ച്ച നടത്തി. ഇന്ന് സോണിയാ ഗാന്ധിയെ കാണും. പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുള്ളത്. യുഡിഎഫ് കണ്‍വീനര്‍, എഐസിസി ഭാരവാഹിത്വം, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ്, ഹൈബി ഈഡന് ജയിച്ചാല്‍ ഒഴിവുവരുന്ന എംഎല്‍എ സീറ്റില്‍ സ്ഥാനാര്‍ഥിത്വം തുടങ്ങിയവയാണ് പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: