ശത്രുവിനുമുന്നില് കൈകൂപ്പുന്നതല്ല, നട്ടെല്ല് നിവര്‍ത്തി തിരിച്ചടിക്കുന്നതാണ് പ്രതിരോധമെന്നു പ്രവൃത്തിയിലൂടെ തെളിയിച്ച പ്രതിരോധമന്ത്രി ആയിരുന്നു അന്തരിച്ച മനോഹര്‍ പരീക്കര്‍. പഠിച്ചത് എന്‍ജിനീയറിങ്. പയറ്റിയത് രാഷ്ട്രീയരംഗത്ത്. കീഴടക്കിയത് ജനഹൃദയങ്ങളും ശത്രുതാവളങ്ങളും. അതാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര. മുംബൈ ഐഐടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദമെടുത്ത പരീക്കര്‍ എംഎല്‍എ സ്ഥാനത്തെത്തുന്ന ആദ്യ ഐഐടി ബിരുദധാരിയാണ്.
ദൃഢനിശ്ചയം, പക്വത, കാര്യക്ഷമത, ജനസമ്മതി ഇത്രയും ഒത്തുചേര്‍ന്നാല്‍ മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ എന്ന മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായി. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കറെ നേരെ പ്രതിരോധവകുപ്പിന്റെ സുപ്രധാന ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയുടെ റാങ്കിലേയ്ക്ക് ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിച്ചു. മേല്പറഞ്ഞ ചേരുവകള്‍ ആ വ്യക്തിയില്‍ വേണ്ട പോലെ സംഗമിച്ചതുകൊണ്ടാവാമത്.
യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണംകൊണ്ട് താറുമാറായ പ്രതിരോധവകുപ്പിന് ദിശാബോധവും കരുത്തും പകരാന്‍ ചുരുങ്ങിയ കാലംകൊണ്ട് പരീക്കറിന് കഴിഞ്ഞു. അധികച്ചുമതലയായി വകുപ്പ് കൈകാര്യം ചെയ്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ തുടക്കം പ്രതിരോധവകുപ്പിന് പുതുജീവന്‍ പകര്‍ന്നിരുന്നു. യുപിഎ കാലത്ത് സേനയ്ക്ക് ആവശ്യമായ ആയുധങ്ങളും വിമാനങ്ങളും വാങ്ങാന്‍പോലും പണമില്ലെന്ന് വിലപിച്ച നിലയില്‍നിന്ന്, പ്രതിരോധ വകുപ്പിനെ ലോകത്തിലെ മുന്‍നിര രാജ്യങ്ങള്‍ക്ക് ഒപ്പമെത്തിച്ചതില്, മൂന്നുവര്‍ഷം ആ വകുപ്പ് ഭരിച്ച പരീക്കര്‍ വഹിച്ച പങ്ക് വിലപ്പെട്ടതായിരുന്നു.
സഹനശക്തിയല്ല പ്രഹരശേഷിയാണ് പ്രതിരോധസേനയ്ക്ക് വേണ്ടതെന്ന തിരിച്ചറിവ് സേനയുടെ ആധുനികവത്ക്കരണത്തിലേക്ക് വാതില്‍ തുറന്നു. നട്ടെല്ലും ചങ്കുറപ്പുമുള്ള ആ നേതൃത്വം പകര്‍ന്ന ആ ത്മവിശ്വാസവും ഊര്‍ജവും സേനയുടെ സിരകളിലേക്ക് പടര്‍ന്നതിന്റെ തെളിവായിരുന്നു, ഉറി ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനെതിരെ നടന്ന ആദ്യ മിന്നല്‍ ആക്രമണം. അത് സൈന്യത്തെ മാത്രമല്ല രാജ്യത്തെ ആകെത്തന്നെ ഉണര്‍ത്തി. മുംബൈ ഭീകരാക്രമണത്തിന് മുന്നില്‍ പകച്ചുപോയ, നിഷ്ക്രിയ ശക്തിയായ ഇന്ത്യ അല്ല ഇതെന്ന് ജനം തിരിച്ചറിഞ്ഞു.
മൂന്നുതവണ ഗോവയുടെ മുഖ്യമന്ത്രിയായ പരീക്കര്‍, ഒരു നിര്‍ണായകഘട്ടത്തില്‍ ഗോവയിലേക്ക് തിരിച്ചുപോകേണ്ടിവന്നത്, അവിടുത്തെ അദ്ദേഹത്തിന്റെ ജനസമ്മതിയുടെ തെളിവാണ്. 2017ലെ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം, ബിജെപി സര്‍ക്കാരിന് പിന്തുണനല്കാന് ഘടകകക്ഷികള്‍ വച്ച നിബന്ധന പരീക്കര്‍തന്നെ മുഖ്യമന്ത്രിയാകണം എന്നതായിരുന്നു. അദ്ദേഹം മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. സാഹചര്യങ്ങളെ അറിഞ്ഞു ക്രിയാത്മകമായി പ്രതികരിക്കുന്ന ഈ പരീക്കര്ശൈലി വിജയിക്കാതിരുന്നത് മരണത്തിനുമുന്നില്‍ മാത്രമാണ്. അതിര്‍ത്തി കാക്കുന്ന ഭടന്റെ ആത്മവീര്യത്തോടെ ക്യാന്‍സറിനോട് ചെറുത്തുനിന്ന പോരാട്ടവീര്യം, അനിവാര്യമായ കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോകാന്‍ മാത്രമേ ഉപകരിച്ചുള്ളു. വിദേശത്ത് അടക്കമുള്ള വിദഗ്ധ ചികിത്സയ്ക്കുശേഷവും അന്തിമവിജയം മരണം കയ്യടക്കി. പോരാളികളുടെ മികവിന്റെ അളവുകോല്‍ ജീവിത ദൈര്ഖ്യമല്ലല്ലോ, പോര്വീര്യമല്ലേ ? മനോഹര്‍ പരീക്കര്‍ എന്ന പ്രതിരോധമന്ത്രി ഓര്‍മ്മിക്കപ്പെടുന്നത്, ചെറിയൊരു കാലാംശംകൊണ്ട് ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പേരിലായിരിക്കും. ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: