മലപ്പുറം: പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടത്തിയ മുസ്ലിം ലീഗ് നേതൃത്വം മലപ്പുറത്ത് വിയര്‍ക്കുന്നു. അണികള്‍ക്കും ജില്ലയിലെ കോണ്‍ഗ്രസിനുമൊപ്പം മതപണ്ഡിത വിഭാഗമായ ഇകെ സുന്നി നേതൃത്വവും കൂടി രംഗത്തെത്തിയതാണ് ലീഗിനെ പ്രതിരോധത്തിലാക്കിയത്.
മലപ്പുറം ജില്ലയിലെ പല പഞ്ചായത്തുകളിലും നഗരസഭകളിലും ലീഗിന്റെ അപ്രമാദിത്വത്തിന്റെ പേരില്‍ യുഡിഎഫ് സംവിധാനം നിര്‍ജീവമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസുമായുള്ള പിണക്കം തീര്ത്തുവരുന്നതിനിടെയാണ് രഹസ്യചര്ച്ചാ വിവാദം.
പൊന്നാനി മണ്ഡലത്തിലെ അടിയൊഴുക്കുകളാണ് പോപ്പുലര്‍ഫ്രണ്ടുമായി ചങ്ങാത്തം കൂടാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളാണ് ഇതിന് വേദിയൊരുക്കിയതെങ്കിലും ജില്ലയിലെ കോണ്‍ഗ്രസുകാര്‍ ആരും അറിഞ്ഞിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളെ കണ്ടത് യാദൃച്ഛികമായാണെന്ന് കഴിഞ്ഞ ദിവസവും ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും സംയുക്ത പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയില്‍ പറഞ്ഞിരുന്നു.
എസ്ഡിപിഐയുമായി ലീഗിന് രഹസ്യബന്ധമുണ്ടെന്ന് മുമ്പും ആരോപണമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ധാരണയ്ക്കുള്ള നീക്കം തെളിവു സഹിതം പുറത്ത് വരുന്നത് ഇത് ആദ്യമാണ്. 2014ലെ കണക്കുപ്രകാരം പൊന്നാനിയില്‍ എസ്ഡിപിഐക്ക് 26,000 വോട്ടുകളുണ്ട്. 2014ല്‍ പൊന്നാനിയില്‍ ഏറെ വിയര്‍ത്താണ് ബഷീര്‍ വിജയിച്ചത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് വെറും 5986 വോട്ടുകളുടെ ലീഡ് മാത്രമാണ് യുഡിഎഫിനുള്ളത്. തൃത്താല, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ സിപിഎം കൂടുതല്‍ വോട്ട് പിടിക്കാനും സാധ്യതയുണ്ട്. തിരൂരങ്ങാടിയും താനൂരും പോലുള്ള ലീഗ് ആധിപത്യ മണ്ഡലങ്ങളിലും പാര്‍ട്ടിയില്‍ അടിയൊഴുക്ക് രൂക്ഷമാണ്. ഇതൊക്കെയാണ് എതിര്‍പ്പുകള്‍ മറികടന്ന് എസ്ഡിപിഐയെ ഒപ്പം നിര്‍ത്താനുള്ള ലീഗ് നീക്കത്തിനു പിന്നില്‍.
മലപ്പുറത്തടക്കം എസ്ഡിപിഐ സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാതിരുന്നതും ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്. എസ്ഡിപിഐ മത്സരിക്കാത്ത 14 മണ്ഡലങ്ങളിലെ വോട്ടുകള്‍ കിട്ടുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് കരുതലോടെയാണ് പ്രതികരിക്കുന്നത്. രഹസ്യചര്‍ച്ച സിപിഎം പ്രചാരണ വിഷയമാക്കിയിട്ടുണ്ടെങ്കിലും എസ്ഡിപിഐയെ പരസ്യമായി തള്ളിപ്പറയാന്‍ അവര്‍ക്കും കഴിയില്ല. മലപ്പുറത്തെ അരഡസനോളം തദ്ദേശ സ്ഥാപനങ്ങള്‍ സിപിഎം ഭരിക്കുന്നത് എസ്ഡിപിഐ പിന്തുണയോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: