കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഫ്ളക്സുകള്‍ ഒഴിവാക്കുന്നതോടെ ചിത്രകാരന്മാരുടെ ബ്രഷിനും വര്ണക്കൂട്ടുകള്ക്കും പുനര്‍ജനി. കലാകാരന്മാര് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. കൈയില്‍ ബ്രഷും അരികെ ചായക്കൂട്ടുകളുമായി മതിലും ബാനറും ബോര്‍ഡുമെല്ലാം വര്‍ണാഭമാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ തുടങ്ങിക്കഴിഞ്ഞു.
ഇന്ന് ഫ്ളക്സുകള്‍ വ്യാപകമാകുന്നതിന് മുമ്പ് എഴുത്തിന്റെയും വരയുടെയും തിരക്കോടു തിരക്കായിരുന്നു ചുമരെഴുത്തകലാകാന്മാര്ക്ക്. കവലകള്‍ കീഴടക്കി സ്ക്രീന്പ്രിന്റിങ്ങും ഫ്ളക്സുമെല്ലാമെത്തിയപ്പോള് ഇവര്‍ക്ക് പണിയില്ലാതായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്സ് നിരോധനം ഏര്പ്പടുത്തിയതോടെ പുതിയ പ്രതീക്ഷകളുമായി നിറക്കൂട്ടൊരുക്കുകയാണ് കലാകാരന്മാര്. രാഷ്ട്രീയപാര്‍ടികളും സ്ഥാപനങ്ങളും സിനിമാ-തീയറ്റര്‍ പ്രവര്‍ത്തകരുമെല്ലാം ഒരു കാലത്ത് പ്രചാരണം കൊഴുപ്പിച്ചത് ചുവരെഴുത്ത് കലാകാരന്മാരെകൊണ്ടാണ്.
ഫ്ളക്സുകള്‍ നഗരങ്ങള്‍ കീഴടക്കിയതോടെ ജീവിക്കാന്‍ മറ്റുതൊഴില്‍ തേടുകയായിരുന്നു ഇവര്‍. തെരഞ്ഞെടുപ്പുകാലത്തുപോലും ആരും ഇവരെ തേടിയെത്തിയില്ല. 300- 500 രൂപയാണ് ബാനര്‍ ചുവരെഴുത്തുകള്‍ക്ക്. ബോര്‍ഡിലെഴുതുമ്പോള്‍ ബോര്‍ഡിന്റെ നിര്‍മാണം ഉള്‍പ്പെടെ 800 രൂപയാകും. മല്ലിലും (വെള്ളത്തുണി) ക്ലോത്തി(നിറമുള്ളവ)ലുമാണ് ബാനറുകള്‍ എഴുതുന്നത്.
ടെമ്പര്‍ പൗഡറും ഫെവിക്കോളും യോജിപ്പിച്ചാണ് എഴുത്ത്. ചുവരിലെഴുതുമ്പോള് കുമ്മായവും ഫെവിക്കോളും യോജിപ്പിച്ചും ബോര്‍ഡിന് ടിന് ഷീറ്റില്‍ പെയിന്റുമാണ് ഉപയോഗിക്കുന്നത്. വലിപ്പത്തെയും പരസ്യത്തിന്റെ ഉള്ളടക്കത്തേയും ആശ്രയിച്ചാണ് ഇവ തയ്യാറാക്കുന്നതിനുള്ള സമയവും. മൂന്നു മീറ്റര്‍ നീളത്തിലുള്ള ബാനര്‍ ഒരു മണിക്കൂര്‍കൊണ്ടും ബോര്‍ഡ് രണ്ടു മണിക്കൂര്‍കൊണ്ടും പൂര്‍ത്തിയാക്കാനാകും. ഫ്ളക്സ് നിരോധനം വന്നതോടെ തെരഞ്ഞെടുപ്പില്‍ അരങ്ങ് കൊഴുപ്പിക്കാന്‍ തങ്ങളെ തേടി ആവശ്യക്കാര്‍ എത്തും എന്ന പ്രതീക്ഷയിലാണ് ഇക്കൂട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: