തൊടുപുഴ: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്ക്കുന്നുവെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആനകളെ എഴുന്നള്ളിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് പുതുക്കിയ ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കിയത്.
നിലവില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരുന്നു നിയന്ത്രണമെങ്കില്‍ ചൂട് കൂടിയ സാഹചര്യത്തില്‍ 10 മുതല്‍ നാല് വരെയാക്കി പുനഃക്രമീകരിച്ചു. വേനലിന് ശമനം ഉണ്ടാകുന്നത് വരെ ഈ സമയത്ത് ആനകളെ തുറസ്സായ സ്ഥലത്ത് നിര്‍ത്തുകയോ വാഹനങ്ങളില്‍ കൊണ്ടുപോവുകയോ പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്.
ഇക്കാര്യം കര്‍ശനമായി പാലിക്കണം. പരിശോധിച്ച് വീഴ്ച്ചയില്ലെന്ന് ഉറപ്പ് വരുത്തണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ ആന ഉടമസ്ഥര്‍, ജില്ലാ മോണിറ്ററിങ് കമ്മിറ്റികള്‍, ഉത്സവ ആഘോഷ സമിതികള്‍ എന്നിവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: