ഗ്വാളിയോര്‍: രാജ്യം മുന്നോട്ടു പോകുന്നത് ഭരണഘടനയുടെ മാത്രം അടിസ്ഥാനത്തിലല്ലെന്നും പാരമ്പര്യത്തിന്റെ സവിശേഷതകളില്‍ കൂടിയാണെന്നും ആര്‍എസ്എസ്. ചില വിഷയങ്ങളില്‍ കോടതികള്‍ മാത്രമല്ല സാമൂഹ്യ സാംസ്കാരിക, മത നേതൃത്വങ്ങള്‍ കൂടി മാര്‍ഗനിര്‍ദേശം നല്‍കേണ്ടി വരാറുണ്ടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു. മൂന്നു ദിവസമായി ഗ്വാളിയോറില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയാനുസൃതമായ എല്ലാ പരിഷ്കാരങ്ങളെയും ഹിന്ദു സമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്. മത, ആത്മീയ, സാമൂഹ്യ നേതാക്കളാണ് അത്തരം മാറ്റങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചത്. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതടക്കമുള്ള ചുമതല കോടതികള്‍ക്കുണ്ട്. അതുപോലെ പാരമ്പര്യം, സംസ്കൃതി, മര്യാദകള്‍ തുടങ്ങിയ കാര്യങ്ങളിലെ നിലപാടുകള്‍ തീരുമാനിക്കുന്നതില്‍ സാമൂഹ്യ, മത നേതൃത്വങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. ഒന്നു മറ്റൊന്നിന്റെ അധികാരങ്ങളില്‍ കൈ കടത്താറില്ല. നിയമം പാസാക്കുന്നത് ഒരു കാര്യമാണെങ്കില്‍ സമൂഹം അത് അംഗീകരിക്കണം എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്.
രാമക്ഷേത്ര വിഷയത്തില്‍ സംഘത്തിന്റെ നിലപാട് സുനിശ്ചിതമാണ്. അയോധ്യയിലെ രാമജന്മഭൂമിയില്‍ത്തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്നും സര്‍കാര്യവാഹ് വ്യക്തമാക്കി. മധ്യസ്ഥതാ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നവര്‍ അതേ ദിശയില്‍ തന്നെ ചര്‍ച്ചകളുമായി മുന്നോട്ട് പോയാല്‍ സംഘത്തിനും സന്തോഷം. അയോധ്യാ പ്രക്ഷോഭം വിജയിക്കും വരെ മുന്നോട്ട് തന്നെ പോകും. ഈ വിഷയം കോടതിയുടെ പ്രധാന വിഷയം അല്ല എന്ന പ്രസ്താവന ഹിന്ദു സമൂഹത്തിന് ഏറെ അപമാനം ഉണ്ടാക്കുന്നതായിരുന്നു.
അയോധ്യ എന്നത് ഹിന്ദുവിന്റെ അസ്തിത്വത്തിന്റെ പ്രശ്നമാണ്. ഇത്തരം വിഷയത്തെ കോടതി പ്രാധാന്യത്തോടെ തന്നെ പരിഗണിക്കണം. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് കോടതിയോട് സംഘം അഭ്യര്‍ഥിക്കുകയാണ്. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് എന്തെങ്കിലും പ്രതിബദ്ധതക്കുറവ് ഉണ്ടെന്ന് കരുതുന്നില്ലെന്നും സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.
ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഹൈന്ദവ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ രാജ്യം മുഴുവന്‍ ‘സേവ് ശബരിമല മൂവ്മെന്റ് ‘ആരംഭിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയം പ്രതിനിധി സഭ പാസാക്കി. കേരളത്തിലെ സിപിഎം സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും മാനിക്കാന്‍ തയാറാവണമെന്നും പ്രതിനിധി സഭ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 35 എ വകുപ്പില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വലിയ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതേപോലെ തന്നെ ആര്‍ട്ടിക്കിള്‍ 370ലും മാറ്റങ്ങള്‍ വരുമെന്നുറപ്പാണ്. എസ്സി, എസ്ടി നിയമഭേദഗതി വലിയ സാമൂഹ്യ വിഷയമായി കോടതികള്‍ പരിഗണിക്കണമെന്നും സര്‍കാര്യവാഹ് ആവശ്യപ്പെട്ടു. ജാലിയന്‍വാലാബാഗിന്റെ നൂറാം വാര്‍ഷികവും 450-ാം ഗുരുനാനാക് ജയന്തിയും ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ എഴുപത്തഞ്ചാം വാര്‍ഷികവും സമുചിതമായി ആഘോഷിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചതായും സര്‍കാര്യവാഹ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: