കൊച്ചി: പ്രതിമാസം 3000 രൂപ ആയുഷ്ക്കാലത്തേക്ക് പെന്ഷന് കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതിയില്‍ നിലവില്‍ കേരളത്തില്‍നിന്ന് 30 ലക്ഷത്തിലേറെ പേര്‍ക്ക് ആനുകൂല്യം ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലോ എല്‍ഐസി, പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ ഓഫീസുകളോ വഴി പദ്ധതിയില്‍ ചേരാം.
ലോകത്തെ തന്നെ ഏറ്റവും വലിയ പെന്ഷന് പദ്ധതിയായ പ്രധാന്‍മന്ത്രി ശ്രം യോഗി മന്ധന് യോജന (പിഎംഎസ്വൈഎം)യില്‍ അംഗത്വം സ്ഥിരംതൊഴില്‍ വരുമാനമില്ലാത്തവരാണ്. മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍നിന്ന് പിഎഫ്-ഇഎസ്ഐ ആനുകൂലം ഇല്ലാത്തവര്‍ക്ക് അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസുമുതല്‍ 3000 രൂപ പെന്ഷന് കിട്ടും.
18 വയസുകാരന് ആകെ അടയ്ക്കേണ്ട തുക 48,000 രൂപ. 25 നും 30 നും ഇടയ്ക്കുള്ളവര്‍ 100 രൂപയും 35 വരെ 150 രൂപയും 40 വരെ 200 രൂപയുമാണ് അടയ്ക്കേണ്ടത്. ഈ ഫെബ്രുവരി ഒന്നിന് മന്ത്രി പീയൂഷ് ഗോയല്‍ കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് 30 ദിവസത്തില്‍ നടപ്പിലായത്. പദ്ധതി പ്രകാരം വരിക്കാരന്റെ കാലശേഷം ഭാര്യക്ക് പദ്ധതിയില്‍ തുടരാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍- അക്ഷയ സെന്റര്‍വഴി പദ്ധതിയില്‍ ചേരാം. സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ് എന്നിവ മാത്രം മതി. പദ്ധതിയില്‍നിന്ന് ഇടയ്ക്ക് പിന്മാറാം. ചേര്‍ന്ന് പത്തുവര്‍ഷത്തിനുമുമ്പാണ് പിന്മാറ്റമെങ്കില് അടച്ച തുകയും പലിശയും കിട്ടും.
കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്വയംസഹായ സംഘാംഗങ്ങള്‍, കൂലി വേലക്കാര്‍, വീട്ടുജോലിക്കാര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ബ്യൂട്ടീഷന്, കളിപ്പാട്ട നിര്‍മാതാക്കള്‍, ആശ -അങ്കണവാടി വര്‍ക്കര്‍, ചുമട്ടുതൊഴിലാളികള്‍, ഇഷ്ടിക, ചൂല് തൊഴിലാളികള്‍, ചെരിപ്പുകുത്ത് തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, മേസ്തരിമാര്‍, റിക്ഷക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ബീഡി- കൈത്തറി-തുകല്‍ തൊഴിലാളികള്‍, കേബിള്‍ ഓപ്പറേറ്റര്‍, കാര്‍പെന്റര്‍, കശുവണ്ടിത്തൊഴിലാളികള്‍, കാറ്ററിങ്- കാന്റീന്-കൊറിയര്‍- വെല്‍ഡിങ്-വര്‍ക്ഷോപ്പ് തൊഴിലാളികള്‍, കണ്ടക്ടര്‍-ഡ്രൈവര്‍-ക്ലീനര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി അമ്പതിലേറെ മേഖലകളില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്ഷന് പദ്ധതി ആനുകൂല്യം കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: